ഗോകുൽ, സൗരവ്, അക്ഷയ്ദേവ്, ബിമൽ ബാബു, നന്ദു അജയ്
മുഹമ്മ: വിവാഹച്ചടങ്ങിനിടെ സംഘർഷം ഉണ്ടാക്കുകയും രണ്ടുപേരെ മർദിക്കുകയും ചെയ്ത കേസിൽ അഞ്ച് യുവാക്കളെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മ ബോട്ട് ജെട്ടിക്ക് സമീപത്തെ പള്ളി പാരിഷ് ഹാളിൽ നടന്ന വിവാഹ ചടങ്ങിനിടയാണ് സംഭവം. സംഘർഷം ഒഴിവാക്കാനെത്തിയ എസ്.ഐയെയും കെ.എസ്.ആർ.ടി.സി കണ്ടക്ടറെയുമാണ് യുവാക്കൾ മർദിച്ചത്.
കഞ്ഞിക്കുഴി പഞ്ചായത്ത് 11ാം വാർഡ് മീനച്ചാൽ നന്ദു അജയ് (27), മാരാരിക്കുളം തെക്ക് പഞ്ചായത്ത് കലവൂർ വലിയപുന്നക്കൽ ബിമൽ ബാബു (26), കഞ്ഞിക്കുഴി ഒമ്പതാം വാർഡ് തോട്ടത്തിശ്ശേരി സൗരവ് (24), ആറാം വാർഡ് കരുവേലിതയ്യിൽ അക്ഷയ് ദേവ്(25), അഞ്ചാം വാർഡ് ജോയ് ഭവനത്തിൽ ഗോകുൽ (18) എന്നിവരെയാണ് എസ്.എച്ച്. ഒ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
ചേർത്തല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മുഹമ്മ പഞ്ചായത്ത് 13ാം വാർഡ് വടക്കേച്ചിറ വീട്ടിൽ ബിജുമോൻ (55), കെ.എസ്.ആർ.ടി.സി കണ്ടക്ടർ മുഹമ്മ പഞ്ചായത്ത് ഏഴാം വാർഡ് മൂപ്പൻ ചിറ വീട്ടിൽ ചിദാനന്ദൻ (53) എന്നിവർക്കാണ് മർദ്ദനമേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് 1.45 ഓടെയായിരുന്നു സംഭവം. വിവാഹ ഓഡിറ്റോറിയത്തിലെ പാർക്കിങ് ഏരിയയിലേക്ക് അമിത വേഗതയിൽ യുവാക്കൾ കാറോടിച്ച് വന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.