പ്രതിപക്ഷ നേതാവ് അഡ്വ. റീഗോ രാജുവിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് അംഗങ്ങൾ ആലപ്പുഴ
നഗരസഭ കൗൺസിൽ യോഗത്തിൽ കുടം കമഴ്ത്തി നടത്തിയ സമരം
ആലപ്പുഴ: നഗരത്തിലെ കുടിവെള്ളപ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് നഗരസഭ കൗൺസിൽ. നഗരസഭ അധ്യക്ഷയുടെ പരാതിയിൽ നടന്ന വിജിലന്‍സ് അന്വേഷണത്തിന്റെ ഫലമായി കുടിവെള്ള പദ്ധതിയുടെ കരാറുകാരൻ പൈപ്പുകള്‍ മാറ്റുന്ന നടപടി പൂര്‍ത്തീകരിക്കുകയാണ്. ബദല്‍ സംവിധാനമെന്ന നിലയിൽ ടാങ്കറുകളില്‍ എല്ലാ വാര്‍ഡിലും വെള്ളം എത്തിക്കുന്നുണ്ട്.
ഇതിനൊപ്പം 13 ട്യൂബുവെല്ലുകള് പ്രവര്‍ത്തനസജ്ജമാക്കി. പമ്പിങ് ആരംഭിച്ച ശേഷവും പ്രതിപക്ഷം നടത്തുന്നത് സമര പ്രഹസനമാണെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി.
ജല ലഭ്യതയില്ലാത്ത വാര്‍ഡുകളിലെ വിവരങ്ങള്‍ ലഭിക്കുന്ന മുറക്ക് പരിഹാരം ഉറപ്പാക്കുമെന്നും നഗരസഭ ചെയര്പേഴ്സൻ സൗമ്യരാജ് പറഞ്ഞു. ലൈഫ് 2020 പദ്ധതി പ്രകാരം അക്ഷയ സെന്റര്‍ മുഖാന്തരം ഓണ്‍ലൈനായി ലഭിച്ച ഭൂരഹിത ഭവനരഹിതരും ഭൂമിയുള്ള ഭവനരഹിതരിലും അര്‍ഹതപ്പെട്ടവരായ 1789 പേരും ഇരുവിഭാഗത്തിലുമായി അനര്‍ഹരായ 615 പേരടങ്ങുന്ന അന്തിമ ലിസ്റ്റിന് കൗണ്‍സില്‍ അംഗീകാരം നല്കി. നിർമല നഗരം നിര്‍മല ഭവനം 2.0 അഴകോടെ ആലപ്പുഴ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ മുഴുവന്‍ ഭവനങ്ങളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഉറപ്പാക്കും.
വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, സ്ഥിരംസമിതി അധ്യക്ഷരായ ബീന രമേശ്, കെ. ബാബു, കക്ഷിനേതാക്കളായ എം.ആര്. പ്രേം, ഡി.പി. മധു, റീഗോ രാജു, ഹരികൃഷ്ണന്, കൗണ്‍സിലര്‍മാരായ എല്ജിന് റിച്ചാർഡ്, കൊച്ചുത്രേസ്യാമ്മ ജോസഫ്, ബി. അജേഷ്, അരവിന്ദാക്ഷന്, ബി. നസീര്‍, എ.എസ്. കവിത എന്നിവര്‍ പങ്കെടുത്തു.
ആലപ്പുഴ: നഗരത്തിലെ കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിൽ കുടംകമഴ്ത്തി നടത്തിയ പ്രതിപക്ഷസമരം വേറിട്ടതായി. വെള്ളിയാഴ്ച ചേർന്ന കൗൺസിൽയോഗത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. റീഗോ രാജുവിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് കൗൺസിലർമാർ കുടവുമായി എത്തിയായിരുന്നു പ്രതിഷേധം. നഗരത്തിൽ കുടിവെള്ളം ഇല്ലാതായിട്ട് 12 ദിവസമായെന്ന് ഭരണാധികാരികളെ ഓർമിപ്പിക്കാനാണ് കമിഴ്ത്തിയ കുടവുമായി കൗൺസിൽ യോഗത്തിന് എത്തിയത്.
50,000ലേറെ വീടുകളുള്ള നഗരസഭയിൽ ആറ് ടാങ്കറുകളിൽ വെള്ളം വിതരണം ചെയ്യുന്നത് പ്രഹസനമാണ്. കൗൺസിൽ അജണ്ട മാറ്റിവെച്ച് കുടിവെള്ള വിഷയം ചർച്ച ചെയ്തുവെങ്കിലും ചോദ്യങ്ങൾ മറുപടി നൽകിയില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. തുടർന്ന് കൗൺസിൽ ബഹിഷ്കരിച്ച് നഗരസഭ പടിക്കൽ ധർണ നടത്തി. കൗൺസിലർമാരായ സജേഷ് ചാക്കുപറമ്പിൽ, പി.എസ്. ഫൈസൽ, കൊച്ചുത്രേസ്യ ജോസഫ്, ജി. ശ്രീലേഖ, സുമം സ്കന്ദൻ, അമ്പിളി അരവിന്ദ്, ബിജി ശങ്കർ, ജെസിമോൾ ബെനഡിക്ട്, പി.ജി. എലിസബത്ത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.