ആറാട്ടുപുഴ: അനിശ്ചിതമായി നീളുന്ന പാലം പണിയുടെ തീരാദുരിതം പേറുകയാണ് ആറാട്ടുപുഴ തൃക്കുന്നപ്പുഴ തീരവാസികൾ. ആഗസ്റ്റിൽ പൂർത്തിയാകുമെന്ന് ഉറപ്പ് നൽകിയ തൃക്കുന്നപ്പുഴ ചീപ്പ് പാലത്തിന്റെ പണി ഇനിയെന്ന് കഴിയുമെന്ന് പറയാൻ ഭരണാധികാരികൾ തയാറാകുന്നില്ല. എട്ടുവർഷത്തിനിടെ പലതവണ നൽകിയ ഉറപ്പ് പാഴ്വാക്കാകുകയും ജനങ്ങളുടെ മുന്നിൽ പരിഹാസ്യരായി മാറിയതിന്റെ ദുരനുഭവം ഉള്ളതുകൊണ്ടാണ് ആരും മുതിരാത്തത്. ഇനി ആരൊക്കെ ഉറപ്പുപറഞ്ഞാലും തൃക്കുന്നപ്പുഴ പാലത്തിന്റെ പണി അടുത്തകാലത്തൊന്നും തീരില്ല എന്നതാണ് യാഥാർഥ്യം.
പണിയെ കുറിച്ച് ധാരണയും പ്ലാനും നിർമാണച്ചുമതലയുള്ള ജലസേചന വകുപ്പിന് ഉണ്ടായിരുന്നില്ല. അതിന് തെളിവാണ് ആഗസ്റ്റിൽ പാലം പണി പൂർത്തീകരിക്കുമെന്ന് ഇവർ രമേശ് ചെന്നിത്തല എം.എൽ.എക്കും കലക്ടർക്കും നൽകിയ ഉറപ്പ്. അവസാനത്തെ ഉറപ്പായി പ്രഖ്യാപിച്ച കലക്ടറും ജനപ്രതിനിധികളും ജനങ്ങൾക്കു മുന്നിൽ നാണംകെടേണ്ട അവസ്ഥയുണ്ടായി. അപ്രോച്ച് റോഡ് നിർമിക്കാൻ എടുക്കുന്ന കാലതാമസത്തെക്കുറിച്ചും അതിനു പൈലിങ് ആവശ്യമാണെന്നും ധാരണയില്ലാതെയാണ് ഇവർ ഉറപ്പുനൽകിയത്.
എന്നാൽ, സ്വന്തം പിഴവ് മറച്ചുവെച്ചുകൊണ്ട് ഭരണാധികാരികളെ തെറ്റിദ്ധരിപ്പിക്കുന്ന വിശദീകരണമാണ് ബന്ധപ്പെട്ട വകുപ്പ് അധികാരികൾ ഭരണാധികാരികൾക്ക് നൽകുന്നതെന്ന ആരോപണമുണ്ട്. രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ വിശദീകരണം ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. എന്നാൽ, നിശ്ചിത സമയം പറയാതെ നിർമാണം ഉടൻ പൂർത്തീകരിക്കും എന്ന ഉറപ്പാണ് മുഖ്യമന്ത്രിയും ജനങ്ങൾക്ക് നൽകിയത്.
2018ൽ ആരംഭിച്ച 20 മീറ്റർ മാത്രം നീളമുള്ള പാലത്തിന്റെ നിർമാണം നീളുന്നതിനാൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. ജനം ക്ഷമകെട്ട അവസ്ഥയിലാണ്. ആഗസ്റ്റിൽ പാലത്തിന്റെ കോൺക്രീറ്റ് പണി മാത്രമാണ് പൂർത്തിയായത്. ലോക്ക് ഭിത്തികളുടെ നിർമാണം ഇപ്പോൾ നടന്നുവരുന്നു. അപ്രോച് റോഡിന്റെ നിർമാണം പൂർത്തിയായെങ്കിൽ മാത്രമേ ഗതാഗതം സാധ്യമാകൂ. അതിനായി ഇരുവശത്തും 16 വീതം പൈലിങ് നിർമാക്കേണ്ടതുണ്ട്.
പൈലിങ്ങിന് തുടക്കം കുറിച്ചെങ്കിലും പൂർത്തിയാകാൻ മാസങ്ങളോളം എടുക്കുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം. അടുത്ത ആഗസ്റ്റിലും പണിതീരുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. പാലം മാത്രമല്ല ഉപ്പുവെള്ളത്തെ തടയുന്നതിന് നാവിഗേഷൻ ലോക്ക് അടക്കം സ്ഥാപിക്കുന്ന പണികളും ശേഷിക്കുകയാണ്. ഇതിനായി ഷട്ടർ സ്ഥലത്ത് എത്തിച്ചിട്ട് രണ്ടു വർഷത്തിലേറെയായി. നിലവിലുള്ള ഷട്ടർ തുരുമ്പെടുത്ത് നശിച്ച നിലയിലാണ്.
കേന്ദ്ര ഗവ. ഉൾനാടൻ ജലഗതാഗത വകുപ്പും കേരള ജലസേചന വകുപ്പും ചേർന്നുള്ള തൃക്കുന്നപ്പുഴ ചീപ്പ് പാലത്തിന്റെ പുനർനിർമാണ പദ്ധതി ചീരൻസ് കൺസ്ട്രക്ഷൻ എന്ന സ്ഥാപനമാണ് 34.12 കോടിക്ക് 2018ൽ ഏറ്റെടുത്തത്. 2020 ഫെബ്രുവരിയിൽ പൂർത്തിയാകേണ്ടിയിരുന്ന പാലം, കോവിഡ് കാരണം വൈകി.
തുടർന്ന്, എസ്റ്റിമേറ്റ് 41 കോടിയായി വർധിപ്പിക്കുകയും 2022 മാർച്ചിൽ പൂർത്തീകരിക്കാൻ കാലാവധി നീട്ടുകയും ചെയ്തെങ്കിലും ഫലം ഉണ്ടായില്ല. 2024 മേയിലാണ് നിലവിലുള്ള പാലം പൊളിച്ചത്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കും എന്നായിരുന്നു അധികാരികൾ ഉറപ്പുനൽകിയത്. ഒരു വർഷവും അഞ്ച് മാസവും പിന്നിട്ടിട്ടും പാലം പണിയെന്ന് തീരുമെന്ന് ഉറപ്പ് പറയാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴും നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.