അസി. പ്രഫസർമാരുടെ സ്ഥലംമാറ്റം: മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയ പ്രതിസന്ധിയിൽ

അമ്പലപ്പുഴ: ഹൃദയശസ്ത്രക്രിയ പ്രതിസന്ധിയിലാക്കി ആലപ്പുഴ മെഡിക്കൽ കോളജിൽ അസി. പ്രഫസർമാരുടെ സ്ഥലംമാറ്റം. പകരക്കാരെ നിയമിക്കാതെ ഡോക്ടർമാരെ സ്ഥലംമാറ്റില്ലെന്ന മുൻകാല ആരോഗ്യ മന്ത്രിമാരുടെ വാക്കുതെറ്റിച്ച് നടന്ന സ്ഥലംമാറ്റത്തിലാണ് ഇവിടത്തെ ഹൃദയശസ്ത്രക്രിയ വിഭാഗം അടച്ചുപൂട്ടൽ ഭീഷണിയിലായത്. പകരക്കാരില്ലാതെ ആകെയുള്ള രണ്ട് അസിസ്റ്റന്റ് പ്രഫസർമാരെയും സ്ഥലം മാറ്റുകയായിരുന്നു. ബലൂൺ വെച്ച് വാൽവ് വികസിപ്പിക്കാൻ ചൊവ്വാഴ്ച നടത്താനിരുന്ന പ്രധാന ശസ്ത്രക്രിയ ഡോക്ടർമാരില്ലാത്തതിനാൽ മാറ്റി.

ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടർമാരുടെ കുറവ് കാത്ത്‌ലാബിന്റെ പ്രവർത്തനത്തെയും ബാധിച്ചു. ഒരു പ്രഫസർ, രണ്ട് അസിസ്റ്റന്റ് പ്രഫസർ എന്നിങ്ങനെ മൂന്നു തസ്തികകളാണ് ഈ വിഭാഗത്തിലുള്ളത്. ഇതിലൊരു അസിസ്റ്റന്റ് പ്രഫസറെ കഴിഞ്ഞവർഷം കോട്ടയത്തേക്ക് മാറ്റി. മാറ്റിവെച്ച ശസ്ത്രക്രിയകൾക്കൊപ്പം പുതിയ കേസുകളും ചെയ്യേണ്ടിവരുന്നതിനിടെയാണ് കഴിഞ്ഞദിവസം രണ്ടാമത്തെ അസിസ്റ്റന്റ് പ്രഫസറെയും മാറ്റിയത്. അസോസിയേറ്റ് പ്രഫസറായി സ്ഥാനക്കയറ്റം ലഭിച്ച ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്.

ബൈപാസ്, വാൽവ് മാറ്റിവെക്കൽ, നെഞ്ചിനകത്തെ മുഴനീക്കൽ തുടങ്ങി ആഴ്ചയിൽ കുറഞ്ഞത് നാല് ശസ്ത്രക്രിയകളാണ് നടക്കുന്നത്. കാത്ത്‌ലാബിലെത്തുന്ന കേസുകളിൽ ഹൃദയവാൽവുകളിൽ സുഷിരങ്ങൾ കണ്ടെത്തുന്നതടക്കം സങ്കീർണ സാഹചര്യങ്ങളിൽ ഹൃദയശസ്ത്രക്രിയ വിഭാഗത്തിന്റെ സേവനം ലഭിക്കേണ്ടതുണ്ട്. പ്രതിസന്ധി തുടരുകയാണെങ്കിൽ കാത്ത്‌ലാബിലും കേസുകൾ മാറ്റിവെക്കേണ്ടിവരും. 

Tags:    
News Summary - Cardiac surgery crisis in medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.