ആലപ്പുഴ: പക്ഷിപ്പനി തടയാൻ കള്ളിങ്ങിന് വിധേയമാക്കിയ താറാവുകൾക്കുള്ള നഷ്ടപരിഹാരം പൂർണമായും ലഭിക്കാതെ കർഷകർ. 12 ശതമാനം തുക പിടിച്ചുവെച്ചിട്ട് അവശേഷിച്ച തുകയാണ് വിതരണം ചെയ്തത്. ഈ തുക എന്തിനാണ് പിടിച്ചതെന്നോ, അത് എന്ന് ലഭിക്കുമെന്നോ കർഷകർക്ക് അറിയില്ല. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിപോലും വ്യക്തമായ മറുപടി പറയുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.
2024 ഏപ്രിൽ മുതൽ വിവിധ ഘട്ടങ്ങളിലായി കോഴിയും താറാവും കാടയും ഉൾപ്പെടെ ജില്ലയിൽ 3,52,851 പക്ഷികളെയാണ് കൊന്നൊടുക്കിയത്. 1,23,640 പക്ഷികൾ രോഗം ബാധിച്ച് ചാകുകയും ചെയ്തു. 780 കർഷകർക്ക് 2.95 കോടിയാണ് ആകെ നഷ്ടപരിഹാരം നൽകേണ്ടത്. ഇതിൽ 88 ശതമാനം തുകയായ 2.65 കോടി വിതരണം ചെയ്തു. ശേഷിച്ച 12 ശതമാനം തുകയായ 30 ലക്ഷം രൂപ സർക്കാർ നൽകിയിട്ടില്ല. നശിപ്പിച്ച മുട്ടയുടെ വിലയും നൽകിയിട്ടില്ല. ഫെബ്രുവരിയിലാണ് കർഷകർക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്തത്. അന്ന് 12 ശതമാനം തുക കുറച്ചായിരുന്നു വിതരണം നടത്തിയത്.
പടിച്ചുവെക്കുന്ന തുക മാർച്ച് 30നുള്ളിൽ നൽകുമെന്ന് അന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞിരുന്നു. ആഗസ്റ്റായിട്ടും വാക്ക് പാലിച്ചിട്ടില്ല. ഇപ്പോൾ എന്ന് വിതരണം നടത്തുമെന്നുപോലും പറയുന്നുമില്ല. ബാങ്ക് വായ്പയെടുത്ത് താറാവുകളെ വളർത്തിയ കർഷകർ ജപ്തി ഭീഷണിയിലാണ്.
കോഴി, കാട കർഷകരും സമാനദുരിതത്തിലാണ്. അവർക്ക് മറ്റ് സബ്സിഡി അടക്കം പല ആനുകൂല്യങ്ങളും സർക്കാറിൽനിന്ന് ലഭിക്കുന്നുണ്ട്. താറാവ് കർഷകർക്ക് അത്തരം ഒരാനുകൂല്യവുമില്ല. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം കാട, ടർക്കി, ഗിനി, വാത്ത, പ്രാവ് തുടങ്ങിയവക്ക് നഷ്ടപരിഹാരം നൽകുന്നില്ല. കോഴി, താറാവ്, മുട്ട എന്നിവക്ക് മാത്രമാണ് നിലവിൽ നഷ്ടപരിഹാരം നൽകുന്നത്.
2014ൽ നിശ്ചയിച്ച നഷ്ടപരിഹാരത്തുകയാണ് ഇപ്പോഴും വിതരണം ചെയ്യുന്നത്. 60 ദിവസം പ്രായമായ താറാവിന് 100 രൂപയും അതിന് മുകളിലുള്ളവക്ക് 200 രൂപയുമാണ് നഷ്ടപരിഹാരം. വളർത്തുന്നതിനാവശ്യമായ തീറ്റക്കും വാക്സിനും വില കൂടിയതിനാൽ നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
2014ൽ ഒരുദിവസമായ താറാവ് കുഞ്ഞുങ്ങൾക്ക് അഞ്ചുരൂപയിൽ താഴെയായിരുന്നു വിലയെങ്കിൽ ഇപ്പോൾ 40 രൂപക്ക് മുകളിലാണ്. അന്ന് 50 കിലോയുടെ ഒരു ചാക്ക് തീറ്റയുടെ വില 1000 രൂപയായിരുന്നു. ഇന്നത് 2450രൂപയിൽ എത്തി. 60 ദിവസമായ താറാവിന് പൊതുമാർക്കറ്റിൽ 500ഉം അതിന് മുകളിലുള്ളവക്ക് 750ഉം രൂപയാണ് വില. അത്രയും തുക നഷ്ടപരിഹാരമായി നൽകണമെന്നാണ് കർഷകരുടെ ആവശ്യം. നഷ്ടപരിഹാരത്തിന്റെ 50 ശതമാനം വീതം സംസ്ഥാനവും കേന്ദ്രവുമാണ് വഹിക്കേണ്ടത്.
കർഷകർക്ക് നഷ്ടപരിഹാരമായി ഇനി നൽകാനുള്ളത് 30 ലക്ഷം രൂപ. 1,69,504 താറാവുകളെയും 99,147 കോഴികളെയും 2,07,840 കാടകളെയുമാണ് കള്ളിങ് നടത്തിയത്. കൊന്നവക്ക് 2.5കോടിയും രോഗം ബാധിച്ച് ചത്തവക്ക് 45,84,000 രൂപയുമാണ് നൽകേണ്ടത്. ഇതിൽ 2.65കോടി വിതരണം നടത്തി. അവശേഷിക്കുന്ന 30 ലക്ഷം രൂപയാണ് നൽകേണ്ടത്. നഷ്ടപരിഹാരത്തിന് അർഹരായ എല്ലാകർഷകരിൽനിന്നും 12 ശതമാനം തുക പിടിച്ചുവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.