അറാട്ടുപുഴ: ശക്തമായ കടലാക്രമണം തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കനത്ത ദുരിതം വിതച്ചു. തീരദേശ റോഡിന് കിഴക്കും പടിഞ്ഞാറുമുള്ള നൂറിലധികം വീടുകളിൽ വെള്ളം കയറി. കടൽഭിത്തി ദുർബല പ്രദേശങ്ങളിലാണ് ദുരിതം ഏറെയുണ്ടായത്. വലിയഴീക്കൽ-തൃക്കുന്നപ്പുഴ തീരദേശ റോഡ് പലയിടത്തും മണ്ണിനടിയിലായി. ബസ് സർവിസുകൾ ഭാഗികമായി മുടങ്ങി. തൃക്കുന്നപ്പുഴയിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞത് മൂലം വൈദ്യുതി മുടങ്ങി. കടൽഭിത്തി നിർമിച്ച് തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മംഗലത്ത് നാട്ടുകാർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.
ആറാട്ടുപുഴ പഞ്ചായത്തിൽ പെരുമ്പള്ളി നല്ലാണിക്കൽ, കള്ളിക്കാട്, ആറാട്ടുപുഴ എസ്.സി. പള്ളി ജങ്ഷൻ മുതൽ മംഗലം കുറിച്ചിക്കൽ വരെയുള്ള ഭാഗത്തും തൃക്കുന്നപ്പുഴ പ്രണവം നഗർ മുതൽ പാനൂർ വരെയുള്ള പ്രദേശത്തും കടലാക്രമണം വലിയ നാശമാണ് വിതച്ചത്. തൃക്കുന്നപ്പുഴ പാനൂർ കാട്ടാശ്ശേരിൽ സിയാദ്, നൗഷാദ്, ചേലക്കാട് നദീറ എന്നിവരുടെ വീടുകൾ ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. വലിയഴീക്കൽ തൃക്കുന്നപ്പുഴ തീരദേശ റോഡ് പെരുമ്പള്ളി ഭാഗത്ത് അപകടാവസ്ഥയിലാണ്. റോഡിലാണ് തിരമാല പതിക്കുന്നത്. റോഡിന്റെ അരിക് തകർന്നു. തൃക്കുന്നപ്പുഴ പ്രണവം നഗർ മുതൽ മൂത്തേരി വരെയുള്ള ഭാഗത്ത് 15 വൈദ്യുതി പോസ്റ്റുകൾ വെള്ളിയാഴ്ച രാത്രിയിൽ ഉണ്ടായ കാറ്റിലും തിരമാലയിലും പെട്ട് ഒടിഞ്ഞത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി. ശനിയാഴ്ച രാത്രിയിലും വൈദ്യുതി ബന്ധം പൂർണമായും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
തൃക്കുന്നപ്പുഴ പ്രണവം നഗർഭാഗത്ത് കുടിവെള്ള പദ്ധതിയുടെ കൂറ്റൻ ഇരുമ്പ് പൈപ്പുകൾ തിരമാലയടിച്ച് റോഡിലേക്ക് കയറിയത് ഗതാഗതത്തിന് തടസ്സമാകുന്നു. എ.സി. പള്ളി മുതൽ കാർത്തിക ജങ്ഷൻ വരെയുള്ള ഭാഗത്ത് തീരദേശ റോഡ് റോഡ് മണ്ണിനടിയിലായി. തൃക്കുന്നപ്പുഴ മതുക്കൽ ചേലക്കാട് റോഡ് പലയിടത്തും പൂർണ്ണമായും തകർന്നു. റോഡ് ഭാഗമായി മണ്ണിനടിയിലായി. ഇതുവഴിയുള്ള ഗതാഗതം നിലച്ചു.
തീരദേശ റോഡ് കവിഞ്ഞ് കടൽവെള്ളം ഏറെ ദൂരം കിഴക്കോട്ടൊഴുകി. കടൽതീരത്ത് നിന്നും ഏറെ അകലെ താമസിക്കുന്നവരെയും കടലാക്രമണം ദുരിതത്തിലാക്കി. കടലാക്രമണ ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മംഗലം ഇടക്കാട് ജങ്ഷനിൽ പ്രദേശവാസികൾ ഉച്ചയ്ക്ക് മൂന്ന് മുതൽ റോഡ് ഉപരോധിച്ചത് മൂലം ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. രാത്രി വൈകിയും പ്രതിഷേധം തുടരുകയാണ്. തെക്കുനിന്നുള്ള ബസ് സർവീസുകൾ ആറാട്ടുപുഴ ബസ്റ്റാൻഡിലും വടക്കുനിന്നുള്ള സർവീസുകൾ തൃക്കുന്നപ്പുഴയിലും അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.