കു​മ്പ​ളം-​അ​രൂ​ർ ടോ​ൾ പ്ലാ​സ​

ടോൾ അവിടെ, കുരുക്ക് ഇവിടെ അരൂർ കവലക്ക് ശ്വാസം മുട്ടുന്നു

അരൂർ: ടോൾ ഗേറ്റ് പാലത്തിനക്കരെ എറണാകുളം ജില്ലയിലാണെങ്കിലും അതിന്‍റെ ശിക്ഷ അനുഭവിക്കാൻ വിധിക്കപ്പെട്ടവർ ഇക്കരെ അരൂരുകാർകൂടിയാണ്. ഇടപ്പള്ളി- അരൂർ ദേശീയ പാതയിൽ കുമ്പളം ടോൾ പ്ലാസയിലാണ് അടുത്തിടെ വാഹനങ്ങളുടെ നിര അസാധാരണമായി നീളുന്നത്. ടോൾ പ്ലാസയിൽ വാഹനങ്ങളുടെ മെല്ലെപ്പോക്ക് തുടങ്ങിയിട്ട് രണ്ടാഴ്ചയിലധികമായി.

അത്യാവശ്യ വാഹനങ്ങൾ പോലും കുരുക്കിൽപെടുകയാണ്. ടോളിലെ സങ്കേതിക പ്രശ്‌നങ്ങളാണ് കുരുക്കിന് കാരണം. ഫാസ്ടാഗുള്ള വാഹനങ്ങൾ പോലും ടോൾ വഴി കടന്നുപോകാൻ സമയമെടുക്കുന്നു. ഓട്ടോമാറ്റിക് സംവിധാനം വഴി ഫാസ്ടാഗ് റീഡ് ചെയ്ത് അക്കൗണ്ടിൽനിന്ന് തുക ഈടാക്കുകയാണ് പതിവ്. നിമിഷനേരംകൊണ്ട് നടപടികൾ പൂർത്തിയാകും. എന്നാൽ, ഇവിടെ വാഹനങ്ങളുടെ നമ്പർ ജീവനക്കാർ കമ്പ്യൂട്ടറിൽ എന്‍റർ ചെയ്തശേഷം മാത്രമാണ് ഫാസ്ടാഗ് പ്രവർത്തിപ്പിക്കുന്നത്. ഇതിന് സമയമെടുക്കുന്നതാണ് കുരുക്ക് മുറുകാൻ കാരണം.

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ എടുക്കുമ്പോഴും ഏറെനേരം ക്യൂവിൽ കിടക്കേണ്ടിവരുന്നത് ദുരിതം ഇരട്ടിപ്പിക്കുന്നു. അത്യാവശ്യത്തിന് സൈറൺ മുഴക്കി വരുന്ന വാഹനങ്ങൾപോലും ടോൾ ജീവനകാരുടെ സൗകര്യത്തിനേ കടത്തിവിടൂ. എമർജൻസി വാഹനങ്ങൾക്കായി പ്രത്യേക പാത ഏർപ്പെടുത്താത്തതാണ് പ്രശ്നം. മുന്നിലുള്ള വാഹനങ്ങളിൽനിന്ന് ടോൾ പിരിച്ചശേഷമേ ആംബുലൻസുകൾക്കുപോലും കടന്നുപോകാനാകൂ.

ടോൾ കൊടുക്കേണ്ടതില്ലാത്ത ഓട്ടോറിക്ഷയും ടൂവീലറുകളും ഉൾപ്പെടെ പലപ്പോഴും കുരുങ്ങുന്നത് പതിവാണ്. കാൽനടയാത്രികർക്കും കടന്നുപോകാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കുമ്പളം-അരൂർ പാലവും കടന്ന് ഗതാഗത കുരുക്ക് അരൂർ ജങ്ഷനിലും എത്തുന്നു. ഉയരപ്പാതയുടെ അവസാനഘട്ട പണികൾ നടക്കുന്നതിനിടയിൽ ഈ കുരുക്കുകൂടിയാകുമ്പോൾ അരൂർ കവലക്ക് ശ്വാസം മുട്ടുകയാണ്.

Tags:    
News Summary - Toll There, Bottleneck Here: Aroor Chokes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.