ചുമട്ടുതൊഴിലാളി വിശ്രമകേന്ദ്രം പൊളിച്ചുമാറ്റിയതിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പതിച്ച പോസ്റ്റർ
ചുമട്ടുതൊഴിലാളി വിശ്രമകേന്ദ്രം പൊളിച്ചത് അന്വേഷിക്കണം: കോൺഗ്രസ്
അരൂർ: മുക്കം വ്യവസായ മേഖലയിൽ ചുമട്ടുതൊഴിലാളി വിശ്രമകേന്ദ്രം പൊളിച്ചുമാറ്റിയതിലെ അഴിമതി അന്വേഷിക്കണമെന്ന് അരൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പതിറ്റാണ്ടുകൾക്കു മുമ്പ് റീറോളിങ് കമ്പനിയുടെ ഉടമ അനുവദിച്ച രണ്ടര സെൻറ് സ്ഥലത്ത് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളി സംഘടനകൾക്ക് സംയുക്തമായി അനുവദിച്ചതാണ് വിശ്രമകേന്ദ്രം.
പഞ്ചായത്തിന്റെ നമ്പർ വാങ്ങി, വൈദ്യുതി കണക്ഷനും എടുത്തിരുന്നു. പിന്നീട് സി.ഐ.ടി.യു സ്വന്തമാക്കിയ വിശ്രമകേന്ദ്രം കഴിഞ്ഞദിവസങ്ങളിൽ പുതിയ കമ്പനിയുടെ പ്രധാന ഗേറ്റ് സ്ഥാപിക്കാൻ പൊളിച്ചുമാറ്റുകയായിരുന്നു. രണ്ട് യൂനിയനുകളും സംയുക്തമായി സ്ഥാപിച്ച വിശ്രമകേന്ദ്രം ഐ.എൻ.ടി.യു.സി നേതാക്കളോട് ആലോചിക്കാതെ ഏകപക്ഷീയമായി വിറ്റതിന് പിന്നിൽ ലക്ഷങ്ങളുടെ ഇടപാട് നടന്നെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
വ്യവസായ കേന്ദ്രത്തിനരികിൽതന്നെ സി.ഐ.ടി.യു വിശ്രമകേന്ദ്രത്തിന് രണ്ട് സെൻറ് സ്ഥലം അന്വേഷിച്ചുനടന്നത് ഇതിന് ഉദാഹരണമാണെന്ന് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.കെ. സുധീർ പറഞ്ഞു. കമ്പനിപ്പടിക്കൽ അനുവദിച്ച വിശ്രമകേന്ദ്രത്തിൽ മൂന്നുമാസത്തേക്ക് പാർട്ടി അടയാളങ്ങളും കൊടിയും ഫോട്ടോയും മറ്റും സ്ഥാപിക്കരുതെന്ന നിബന്ധന സി.ഐ.ടി.യു തൊഴിലാളികൾ അംഗീകരിച്ചത് രഹസ്യ ഡീലിന്റെ തെളിവാണ്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് വ്യവസായ കേന്ദ്രത്തിൽ പോസ്റ്റർ പതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.