ഷഫീക്ക്
പച്ചക്കറിക്കടയിലെ മോഷണം; പ്രതി പിടിയിൽ
ആലപ്പുഴ: മാവേലിക്കര നഗരമധ്യത്തിലെ പച്ചക്കറിക്കടയിൽ മോഷണം നടത്തിയ പ്രതിയെ പൊലീസ് തമിഴ്നാട്ടിൽനിന്ന് പിടികൂടി. തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി പുത്തൻപുര വീട്ടിൽ ഷഫീക്കിനെയാണ് മാവേലിക്കര പൊലീസും ചെങ്ങന്നൂർ ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്. ആഗസ്റ്റ് 31ന് അർധരാത്രി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ പച്ചക്കറിക്കട കുത്തിത്തുറന്ന് 25,000 രൂപ മോഷ്ടിച്ച് കടക്കുകയായിരുന്നു.
ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്‍റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്.പി അലക്സ് ബേബിയുടെയും മാവേലിക്കര സി.ഐ എസ്. ദ്വിജേഷിന്റെയും മേൽനോട്ടത്തിൽ സംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങി. സമാന കുറ്റകൃത്യത്തിൽ ഉൾപ്പെട്ത്‍വരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ തിരിച്ചറിയാനിടയാക്കിയത്.
മോഷണശേഷം പ്രതി കോഴിക്കോട്ടേക്കും തുടർന്ന് തമിഴ്നാട്ടിലേക്കും കടക്കുകയായിരുന്നു. ചെന്നൈ, വേളാങ്കണ്ണി, നാഗർകോവിൽ എന്നിവിടങ്ങളിൽ മാറി മാറി താമസിച്ച പ്രതിയെ മാർത്താണ്ഡം ത്രിപ്പരപ്പിൽനിന്ന് പിടികൂടുകയായിരുന്നു. കായംകുളം പുള്ളിക്കണക്ക് ഭാഗത്തുനിന്ന് സ്കൂട്ടർ മോഷ്ടിച്ച കാര്യവും പ്രതി വെളിപ്പെടുത്തി.
മാവേലിക്കര പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സബിത ശിവദാസ്, എസ്.ഐ അംജത് ഖാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാക്സർ, രമ്യ, സിവിൽ പൊലീസ് ഓഫിസർമാരായ ആർ. ജിഷ്ണു, ശ്യാംരാജ്, വി.എസ്. അനന്തമൂർത്തി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.