വള്ളസദ്യയുടെ സമാപനച്ചടങ്ങ് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

വള്ളസദ്യ സമാപിച്ചു; 553 വള്ളസദ്യയിലായി പങ്കെടുത്തത് ഒന്നേമുക്കാൽ ലക്ഷം പേർ

പത്തനംതിട്ട: ആറന്മുള പള്ളിയോട സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി നടത്തിവന്ന ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടത്തിവന്ന വള്ളസദ്യ അവസാനിച്ചു. കഴിഞ്ഞ രണ്ടു മാസക്കാലമായി ക്ഷേത്രത്തിൽ 553 വള്ളസദ്യകൾ നടന്നു. ജൂലൈ 19ന് ആരംഭിച്ച സദ്യ സെപ്റ്റംബർ 16ന് സമാപിച്ചു. സമാപന ചടങ്ങിൽ ആനക്കോട്ടിലിൽ തയാറാക്കിയ പ്രത്യേക സ്റ്റേജിൽ ഉച്ചക്ക് 12.10ന് ക്ഷേത്രം മേൽശാന്തി ശ്രീകോവിൽനിന്ന് നൽകിയ ദീപം ആനക്കൊട്ടിലെ നിലവിളക്കിൽ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ ഭദ്രദീപം തെളിച്ച് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി മുഖ്യാതിഥിയായിരുന്നു.

പള്ളിയോട സേവാസംഘം ഭാരവാഹികൾ ഇലയിൽ വിഭവങ്ങൾ വിളമ്പി. തുടർന്ന് സദ്യാലയത്തിൽ വള്ളസദ്യക്ക് തുടക്കം കുറിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മറോയി, എ.ഡി.എം രാജലക്ഷ്മി, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജയലക്ഷ്മി ആർ.ഡി.ഒ ബിനു രാജ്, ജില്ല പഞ്ചായത്ത് അംഗം സവിത അജയകുമാർ, രാധാകൃഷ്ണ മേനോൻ, നിർവഹണ സമിതി അംഗം ജി. കൃഷ്ണകുമാർ, ക്യാപ്റ്റൻ രവീന്ദ്രൻ നായർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ഫുഡ് കമ്മറ്റി കൺവീനർ ബി. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ്, ജോയന്‍റ് സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറർ രമേശ് മാലിമേൽ, റെസ്ക്യൂ കൺവീനർ ശശികുമാർ കുറുപ്പ്, എക്സിക്യൂട്ടിവ് അംഗങ്ങളായ രവീന്ദ്രൻ നായർ, മുരളി ജി. പിള്ള, പാർത്ഥസാരഥി പിള്ള, അനൂപ് ഉണ്ണികൃഷ്ണൻ, സന്തോഷ് കീക്കൊയൂർ, ഡോ. സുരേഷ് ബാബു, രഘുനാഥ് അജി ആർ. നായർ എന്നിവർ പങ്കെടുത്തു.

വള്ളസദ്യയുടെ സമാപനം കുറിച്ച് അവസാനമായി ക്ഷേത്രക്കടവിൽനിന്ന് ഉമയാറ്റുകര പള്ളിയോടം മൂന്നു മണിയോടെ യാത്രയായി. പള്ളിയോട സേവാസംഘം ഭാരവാഹികൾ വെറ്റ പുകയില നൽകി യാത്രയാക്കി. അവസാന ദിവസം പങ്കെടുത്ത ഏഴ് പള്ളിയോടങ്ങൾക്ക് അവൽപൊതിയും പഴക്കുലയും നൽകിയാണ് യാത്രയാക്കിയത്. 55 ദിവസമായി നടന്നുവന്ന സ്പെഷ്യൽ പാസ് ആറന്മുള സദ്യയും ബുധനാഴ്ച സമാപിച്ചു. ഇരുപതിനായിരത്തിലധികം ആൾക്കാരാണ് പങ്കെടുത്തത്.

Tags:    
News Summary - Boat Festival Concludes With 1.35 Lakh Participants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.