കുത്തിയതോട് തഴുപ്പ് മേഖലയിലെ ഉൾനാടൻ കായൽ
വിനോദസഞ്ചാര മേഖല
വിശദ രൂപരേഖ വിനോദസഞ്ചാര വകുപ്പ് മന്ത്രിക്ക് സമർപ്പിക്കും
അരൂർ: ഉൾനാടൻ കായൽ വിനോദസഞ്ചാരത്തിന് ഉണർവ് നൽകാൻ ഇക്കോ ടൂറിസത്തിന്റെ പഠനസാധ്യതകൾ വഴിവെക്കുമെന്ന പ്രതീക്ഷയിൽ അടൂർ നിയോജക മണ്ഡലം. പദ്ധതിയുടെ ഡി.പി.ആർ തയാറാക്കാൻ സംസ്ഥാന ഇക്കോ ടൂറിസം ഡയറക്ടർ എസ്. വിനോദ് നിയോജക മണ്ഡലത്തിലെ വേമ്പനാട്ട് കായലും അനുബന്ധ കായൽ മേഖലകളിലുള്ള കുത്തിയതോട്, തഴുപ്പ് പ്രദേശം, കോടംതുരുത്ത്, ചങ്ങരം, ചേരുങ്കൽ പ്രദേശം, കാക്കത്തുരുത്ത്, നീണ്ടകര, നരിയാണ്ടി, അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് ബോട്ട് ടെർമിനൽ, പെരുമ്പളം ഗ്രാമപഞ്ചായത്ത്, കുട്ടൻചാൽ, തൈക്കാട്ടുശ്ശേരി പാർക്ക്, ഉളവൈപ്പ് കായൽ പ്രദേശം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. അരൂർ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളെയും ഉൾപ്പെടുത്തി വിശദ രൂപരേഖ തയാറാക്കി ഉടൻ വിനോദസഞ്ചാര വകുപ്പ് മന്ത്രിക്ക് സമർപ്പിക്കും. ഇക്കോ ടൂറിസം നടപ്പാക്കുന്നത് അരൂർ മേഖലയിലെ ഉൾനാടൻ കായൽവിനോദസഞ്ചാര രംഗത്ത് ഉണർവാകുമെന്ന പ്രതീക്ഷയിലാണ് സംരംഭകരും നാട്ടുകാരും. കോവിഡ് വ്യാപനവും തുടർന്നുള്ള സാമൂഹിക നിയന്ത്രണങ്ങളും തകർത്തെറിഞ്ഞ തൊഴിൽ മേഖലയാണ് കായൽ ടൂറിസം. കോടിക്കണക്കിന് രൂപയുടെ വിനോദസഞ്ചാര കെട്ടിടങ്ങൾ ഇതിനുവേണ്ടി അധികാരികൾ പണിഞ്ഞുകൂട്ടി. ഇവയെല്ലാം ഉപയോഗശൂന്യമായ നിലയിലാണ്.
കുത്തിയതോട് പഞ്ചായത്തിലെ തഴുപ്പ് കായലും അനുബന്ധമായ ഇടത്തോടുകളും മത്സ്യപ്പാടങ്ങളും എത്തുന്ന വലിയ തോടുകളുമാണ് വിനോദസഞ്ചാരികളെ മേഖലയിലേക്ക് ആകർഷിക്കുന്നത്. ഇവിടെയെത്തുന്ന വിദേശ-ആഭ്യന്തര വിനോദ സഞ്ചാരികളുൾപ്പെടെ ഗ്രാമീണജീവിതങ്ങളുടെ നേരനുഭവങ്ങളും നേർക്കാഴ്ചകളും കാണാനാണ് ആഗ്രഹിക്കുന്നത്. തദ്ദേശീയരായ ചിലർ തഴുപ്പ് ഗ്രാമത്തിന്റെ ടൂറിസം സാധ്യതകൾ പതിറ്റാണ്ടുകൾക്ക് മുമ്പേ മനസ്സിലാക്കിയിരുന്നു. വേമ്പനാട് കായലും കൈതപ്പുഴ കായലും ചുറ്റിക്കിടക്കുന്ന അരൂർ മണ്ഡലത്തിൽ ഗ്രാമീണരെക്കൂടി ഉൾപ്പെടുത്തി ഉത്തരവാദിത്ത ടൂറിസം വികസിപ്പിക്കാൻ കഴിയുമായിരുന്നു. വിശാലമായ കായൽപരപ്പുകളും ഗ്രാമങ്ങളിലൂടെ ഒഴുകുന്ന തോടുകളും പച്ചത്തുരുത്തുകളും ഉൾനാടൻ കായൽ വിനോദസഞ്ചാര വികസനത്തിന് അനുയോജ്യമാണ്. ഇവയെല്ലാം കോർത്തിണക്കി സർക്യൂട്ട് ടൂറിസത്തിന് വലിയ സാധ്യതകളാണ് ഇവിടെയുള്ളത്. ഉൾനാടൻ ജലാശയങ്ങളും ഇടത്തോടുകളും ജലയാനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുംവിധം സജ്ജമാക്കണം. തോടുകളിലേക്ക് വളരുന്ന കാടുകളും പായലുകളും ഒഴിവാക്കണം. ഗ്രാമീണക്കാഴ്ചകളുടെ പറുദീസയായി അരൂർ മണ്ഡലത്തെ മാറ്റാൻ അധികാരികൾക്ക് കഴിഞ്ഞാൽ നാട്ടുകാർക്കും ഉപജീവനത്തിന് സാധ്യതകൾ തെളിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.