ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ജീവനക്കാരും ചേർന്ന് വീടുകളിൽ നടത്തിയ
ബോധവത്കരണം
ആറാട്ടുപുഴ: പഞ്ചായത്തിലെ മൂന്നാം വാർഡിൽ 40 വയസ്സുള്ള യുവതിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
പഞ്ചായത്തിൽ അതിജാഗ്രത പ്രഖ്യാപിച്ചതിന്‍റെ ഭാഗമായി മൂന്നാം വാർഡിൽ 14 ദിവസം നീളുന്ന പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആരോഗ്യവകുപ്പ് ജീവനക്കാർ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രദേശത്തെ വീടുകൾ സന്ദർശിച്ച് ജലസാമ്പിളുകൾ ശേഖരിക്കുകയും ക്ലോറിനേഷൻ നടത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്.
ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ചേർന്ന ഇന്‍റർ സെക്ടർ മീറ്റിങ്ങിൽ വരും ദിവസങ്ങളിലെ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.
തിങ്കളാഴ്ചക്കുള്ളിൽ പഞ്ചായത്തിലെ 18 വാർഡുകളിലും സ്ക്വാഡ് പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ഇതോടൊപ്പം മുഴുവൻ ഉന്നതികളിലും ടൗൺഷിപ്പുകളിലും കുളക്കടവുകളിലും ജാഗ്രതാ ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. മൈക്ക് അനൗൺസ്മെന്‍റ്, നോട്ടീസുകൾ എന്നിവ വഴി ബോധവത്കരണം തുടരുകയാണ്. തിങ്കളാഴ്ച വരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചൊവ്വാഴ്ച അവലോകന യോഗം ചേരും. ഇതിന്‍റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ ഉടൻ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വൈസ് പ്രസിഡന്‍റ് രാജേഷ് കുട്ടൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി വൈസ് ചെയർമാൻ ശ്യാംകുമാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.