ആലപ്പുഴ: ഉസ്ബകിസ്താനിൽ കൊല്ലപ്പെട്ട മലയാളി എം.ബി.ബി.എസ് വിദ്യാർഥിനി സാവരിയ ബസന്തിന്റെ (21) മൃതദേഹം ഇന്ന് സംസ്കരിക്കും. ഇന്ന് പുലർച്ചെ നാട്ടിലെത്തിച്ച മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്തും. വൈകുന്നേരം നാലുമണിക്ക് സംസ്‌കരിക്കും.
ഉസ്ബകിസ്താനിൽ നിന്ന് ഇന്നലെ ഡൽഹിയിൽ എത്തിച്ച മൃതദേഹം അവിടെനിന്ന് ഇന്ന് പുലർച്ചെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. കൊലപാതകത്തിൽ സഹപാഠിക്കെതിരെ ആലപ്പുഴ ഹരിപ്പാട് പൊലീസ് കേസെടുത്തു. മലപ്പുറം പുലാമന്തോൾ കട്ടുപ്പാറ ഇറവത്ത് കിഴക്കേത്തൊടി സദറുൽ അനമിനെതിരെയാണ് (22) കൊലക്കുറ്റത്തിനു കേസെടുത്തത്. ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാംവർഷ വിദ്യാർഥികളായിരുന്നു ഇരുവരും.
പ്രതി ഉസ്ബക് പൊലീസ് കസ്റ്റഡിയിലാണ്. കുറ്റവാളികളുടെ കൈമാറ്റത്തിന് ഉസ്ബകിസ്താനും ഇന്ത്യയും തമ്മിൽ കരാറുണ്ട്. പ്രതിയും വാദിയും ഇന്ത്യക്കാരായതിനാൽ കേസ് ഇവിടെ നടത്തണമെന്നു ബന്ധുക്കൾക്ക് ആവശ്യപ്പെടാമെന്ന് ഹരിപ്പാട് എസ്എച്ച്ഒ വി. ഷിബു പറഞ്ഞു.
സാവരിയയുടെ പിതാവ് ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് നടപടി. തലയ്‌ക്കേറ്റ പരുക്കിനു പുറമേ, സാവരിയയുടെ ശരീരമാസകലം പരിക്കുകളുമുണ്ടായിരുന്നതായും മുൻപും ഉപദ്രവിച്ചിരുന്നതായും പിതാവ് ബസന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.