മരണം ക്രൂരതയുടെ രൂപത്തിലെത്തി; ഡോക്ടർ സ്വപ്നം ബാക്കിയാക്കി സാവരിയ മടങ്ങി

ഹരിപ്പാട്: ഉസ്ബക്കിസ്ഥാനിൽ സഹപാഠിയുടെ ലാപ്ടോപ്പ് കൊണ്ടുള്ള മർദനമേറ്റ് ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തിൽ സാവരിയ ബസന്തിന് കണ്ണീരിൽ കുതിർന്ന വിട. പുതുക്കാട്ട് സുപ്രഭ ഭവനത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ വീട്ടുവളപ്പിൽ ഒരുക്കിയ ചിതക്ക് സഹോദരൻ സാവന്ത് തീ കൊളുത്തിയപ്പോൾ പിലാപ്പുഴ ഗ്രാമം സങ്കടത്തിലായി. മകളുടെ വേർപാടിൽ തകർന്നുപോയ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും വിലാപം നാടിനെയാകെ ഈറനണിയിക്കുന്നതായിരുന്നു.

മരണവിവരമറിഞ്ഞ് ഉസ്ബക്കിസ്ഥാനിലേക്ക് തിരിച്ച സാവരിയയുടെ കൊച്ചച്ചൻ ജനീഷാണ് മൃതദേഹത്തെ നാട്ടിലേക്ക് അനുഗമിച്ചത്. ബുധനാഴ്ച രാവിലെയോടെ ഡൽഹിയിലെത്തിച്ച ഭൗതികശരീരം രാത്രി പത്തരയ്ക്കുള്ള വിമാനത്തിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ നെടുമ്പാശ്ശേരിയിൽ എത്തിക്കുകയായിരുന്നു. അവിടെനിന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്ന് പൊലീസ് ഇൻക്വസ്റ്റിന് ശേഷം വൈകുന്നേരം അഞ്ച് മണിയോടെ മൃതദേഹം ഹരിപ്പാട്ടെ വീട്ടിലെത്തിച്ചു.

ഡോക്ടർ ആകണമെന്ന ആഗ്രഹവുമായി കടൽ കടന്ന സാവരിയ ബസന്തിന്റെ ചേതനയറ്റ ശരീരം അവസാനമായി ഒരുനോക്ക് കാണാൻ പിലാപ്പുഴ ഗ്രാമം ഒന്നടങ്കം സുപ്രഭ ഭവനത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഒട്ടനവധി പ്രമുഖരും സാവരിയക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് വേണ്ടി മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു. ജില്ല പഞ്ചായത്തംഗം ജോൺ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. നാഥൻ, നഗരസഭ വൈസ് ചെയർമാൻ അനിൽ മിത്ര, കൗൺസിലർമാരായ എസ്. കൃഷ്ണകുമാർ, കാട്ടിൽ സത്താർ, അജി പഞ്ചവടി, അബി ഹരിപ്പാട് എന്നിവരും വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കളും നാട്ടുകാരും പ്രിയ വിദ്യാർഥിനിയെ ഒരു നോക്ക് കാണാൻ എത്തിയിരുന്നു.  

Tags:    
News Summary - Death has taken the form of cruelty; Sawariya returns, leaving behind the dream of a doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.