ആലപ്പുഴ: പി.കെ. കാളൻ പദ്ധതി പ്രകാരം പട്ടികവർഗക്കാർക്ക് കുടുംബശ്രീ മുഖേന നിർമിച്ച വീടുകളുടെ ക്രമക്കേട് ചോദ്യംചെയ്ത എസ്.ടി പ്രമോട്ടർക്കെതിരെ കേസെടുത്തു. തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ എസ്.ടി പ്രമോട്ടർ അരൂർ സ്വദേശി കെ.ജെ. നിജേഷിനെതിരെയാണ് ആലപ്പുഴ സൗത്ത് പൊലിസ് കേസെടുത്തത്.
മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം ഫോൺ പിടിച്ചെടുത്ത് ജാമ്യത്തിൽ വിട്ടു. നോട്ടീസ് നൽകിയതനുസരിച്ച് ഞായറാഴ്ച ഹാജരായപ്പോൾ സിംകാർഡ് മാത്രം തിരിച്ചുനൽകി. ഫോൺ ശാസ്ത്രീയ പരിശോധനക്ക് കൈമാറും. കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ മോൾജി ഖാലിദിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. നിജേഷിനെ കൂടാതെ കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജർ പ്രഭാകരൻ, സാമൂഹിക പ്രവർത്തക ധന്യരാമൻ എന്നിവരെയും രണ്ടും മൂന്നും പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്. മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വാർത്ത നൽകി നിജേഷും മറ്റ് രണ്ടുപേരും അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്.
പി.കെ. കാളൻ പദ്ധതിയിലെ അഴിമതി ചോദ്യം ചെയ്തതിന് നിജേഷിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നാണ് രണ്ടാംപ്രതിയായ പ്രഭാകരനെതിരെയുള്ള കുറ്റം. നിജേഷിന്റെ നിർദേശപ്രകാരം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട് അപകീർത്തിപ്പെടുത്തിയെന്നാണ് മൂന്നാംപ്രതിയായ ധന്യ രാമനെതിരെയുള്ള കുറ്റം.
കുടുംബശ്രീയിലെ അഴിമതി നിജേഷ് ചോദ്യം ചെയ്തതിനുപിന്നാലെയാണ് ഉദ്യോഗസ്ഥയുമായുള്ള പ്രശ്നങ്ങളുടെ തുടക്കം. അഴിമതി ചോദ്യം ചെയ്തതിന്റെ പേരിൽ ഉദ്യോഗസ്ഥ ജാതീയമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി നിജേഷ് കുടുംബശ്രീ സംസ്ഥാന മിഷന് പരാതി നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന മിഷൻ ഉത്തരവിട്ടു. അത് നടപ്പാക്കാൻ ജില്ലാ മിഷനെയും ചുമതലപ്പെടുത്തി. മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ഇത് പ്രചരിപ്പിച്ച് നിജേഷ് അപകീർത്തിപ്പെടുത്തിയെന്ന ഉദ്യോഗസ്ഥയുടെ പരാതിയിലാണിപ്പോൾ പൊലീസ് നടപടിയുണ്ടായത്.
പട്ടികവർഗ വിഭാഗങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്ന പണം മുഴുവനും അവരിലേക്കെത്തുന്നില്ലെന്നും കുടുംബശ്രീ വഴി നടപ്പാക്കിയ പി.കെ. കാളൻ പദ്ധതിയിലടക്കം ക്രമക്കേട് നടന്നത് ചോദ്യം ചെയ്തതാണ് തനിക്കെതിരെ ഇപ്പോൾ കേസെടുക്കാൻ കാരണമെന്നും എസ്.ടി പ്രമോട്ടർ കെ.ജെ. നിജേഷ് പറഞ്ഞു.
അതേസമയം, പട്ടികവർഗ വിഭാഗത്തിനായി കുടുംബശ്രീ നിർമിച്ച ഒട്ടേറെ വീടുകൾ ചോർന്നൊലിച്ചതോടെ പദ്ധതിയുടെ നടത്തിപ്പിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് പ്രമോട്ടറായ നിജേഷ് ആയിരുന്നു. പരാതിയെത്തുടർന്ന് ഉദ്യോഗസ്ഥയെ പട്ടികവർഗ വിഭാഗങ്ങളുടെ ചുമതലയിൽനിന്ന് മാറ്റിനിർത്താൻ ഉത്തരവിട്ടു.
എന്നാൽ, സംസ്ഥാന മിഷന്റെ നിർദേശം ജില്ല മിഷൻ നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി നിജേഷ് പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് കുടുംബശ്രീയിലെ ഉദ്യോഗസ്ഥ ജാതീയമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്.
അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയതിന്റെ പേരിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് നിജേഷ് കുടുംബശ്രീ സംസ്ഥാന മിഷന് ഇ-മെയിൽ അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.