മുഹമ്മദ് ഹനീഫ, തെജ്ബത്ത്, മുഹമ്മദ് ഫാദിൽ
ആലപ്പുഴ: ഐ.ടി കമ്പനി പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ ടാസ്കുകൾ നൽകിയ ശേഷം വെൺമണി സ്വദേശിനിയിൽനിന്ന് 10 ലക്ഷം തട്ടിയ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ എൻ.എസ്.ഇ കമ്പനിയുടെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് നൽകിയ പരസ്യം കണ്ടാണ് യുവതി പ്രതികളുമായി ബന്ധപ്പെടുന്നത്. പരസ്യത്തിലുണ്ടായിരുന്ന വാട്ട്സ്ആപ്പ് നമ്പരിലേക്ക് സന്ദേശമയച്ച യുവതിയെ പിന്നീട് ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് ചേർത്തു. വിവിധ ഓൺലൈൻ ടാസ്കുകൾ നൽകി വിശ്വാസം നേടിയ ശേഷം ക്യൂആർ കോഡുകൾ, ഫോൺപേ, വിവിധ ബാങ്ക് അക്കൗണ്ടുകൾ എന്നിവ വഴി പലതവണയായി പണം കൈമാറാൻ പ്രേരിപ്പിക്കുകയായിരുന്നു.
ഇതുവഴി യുവതിയിൽനിന്ന് ഏകദേശം 10 ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. കേസിൽ കോഴിക്കോട് പന്നിയങ്കര വില്ലേജിൽ മണ്ണാത്തിക്കൽപറമ്പിൽ തെജ്ബത്ത് (33), വളയനാട് വില്ലേജിൽ മിർഫാ മൻസിലിൽ മുഹമ്മദ് ഹനീഫ (23), ഒളവണ്ണ പഞ്ചായത്തിലെ എം.ജി. നഗറിൽ ഷിഫാസിൽ മുഹമ്മദ് ഫാദിൽ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വെൺമണി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ രാജേഷ് പി.യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഡി. ബിജു, സിവിൽ പൊലീസ് ഓഫീസർമാരായ വിജേഷ്, വിശാഖ് തമ്പി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിദേശരാജ്യങ്ങളടക്കം സന്ദർശിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതിയെന്നും സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.