ആലപ്പുഴ: ഉസ്ബകിസ്താനിൽ മലയാളി എം.ബി.ബി.എസ് വിദ്യാർഥിനി സാവരിയ ബസന്ത്(21) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ ആരോപണങ്ങളുമായി ബന്ധുക്കൾ. സാവരിയയെ മതംമാറാൻ പ്രതിയും സഹപാഠിയുമായ മലപ്പുറം പുലാമന്തോൾ കട്ടുപ്പാറ ഇറവത്ത് കിഴക്കേത്തൊടി സദറുൽ അനം (22) നിർബന്ധിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാംവർഷ വിദ്യാർഥിയായിരുന്നു ഇരുവരും.
സംഭവത്തിൽ ഇയാൾ ഉസ്ബക് പൊലീസിന്റെ കസ്റ്റഡിയിലാണ്. കുറ്റവാളികളുടെ കൈമാറ്റത്തിന് ഉസ്ബകിസ്താനും ഇന്ത്യയും തമ്മിൽ കരാറുള്ളതിനാൽ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയും വാദിയും ഇന്ത്യക്കാരായതിനാൽ കേസ് ഇവിടെ നടത്തണമെന്നു ബന്ധുക്കൾക്ക് ആവശ്യപ്പെടാമെന്ന് ഹരിപ്പാട് എസ്എച്ച്ഒ വി. ഷിബു പറഞ്ഞു.
സാവരിയയുടെ കാല് മുതൽ തലവരെ ചതച്ച നിലയിലാണെന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ‘ലാപ്ടോപ്പ് കൊണ്ട് ഒരു നിമിഷത്തിൽ അടിച്ചു കൊന്നതൊന്നുമല്ല. വളരെ ക്രൂരമായിട്ടാണ് ഇത് ചെയ്തത്. അന്വേഷണം നടന്ന സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു. ഈ കുട്ടി കൺവേർട്ട് ചെയ്യാൻ വേണ്ടി വളരെയേറെ നിർബന്ധിച്ചിരുന്നു എന്നാണ് സഹപാഠികൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. അവൾ അത് സമ്മതിച്ചില്ല. മതപരിവർത്തന ശ്രമത്തെ കുറിച്ച് എനിക്ക് ഡീറ്റെയിൽ ആയിട്ടൊന്നും അറിയില്ല. അവിടുത്തെ അന്വേഷണ ഉദ്യോഗസ്ഥരോട് അവിടെയുള്ള കുട്ടികൾ പറഞ്ഞതായിട്ടുള്ള ഒരു അറിവ് മാത്രമേ എനിക്കുള്ളൂ.
കൊലനടന്ന സമയത്ത് എന്താണ് ഉണ്ടായത് എന്നൊന്നും ആർക്കും അറിയില്ല എന്നാണ് ആ വിദ്യാർഥികൾ പറഞ്ഞത്. അവർ അത് എന്നോടും പറഞ്ഞിട്ടുണ്ട്. എംബസിയിൽ നിന്ന് അന്വേഷണത്തിന് ആള് വന്നിരുന്നു. അവരോടും അത് പറഞ്ഞിട്ടുണ്ട്’ -സാവരിയയുടെ ബന്ധു പറഞ്ഞു.
‘അവധിക്ക് ഇന്ന് നാട്ടിലേക്ക് വരേണ്ട മോളാണ്. ഇന്ന് വരാൻ ടിക്കറ്റ് റിസർവ് ചെയ്തു വെച്ചതായിരുന്നു. ഈ കൊലപാതകത്തിന്റെ കാരണം എന്താണെന്ന് കൃത്യമായി അറിയില്ല. പക്ഷേ, വളരെയേറെ ഉപദ്രവിച്ചിട്ടാണ് കുട്ടിയെ കൊന്നത്. ദേഹത്ത് മുറിവ് വരാത്ത ഒരു ഭാഗവും ഇല്ല. അത്രയും ഉപദ്രവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് നമ്മൾ ഉസ്ബക്കിൽ പോയപ്പോൾ കേസിന്റെതായ യാതൊരു കാര്യങ്ങളും കിട്ടുന്നില്ല. അതുകാരണമാണ് റീപോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടത്. എംബസിയിൽ നിന്ന് നമുക്ക് വളരെ പോസിറ്റീവ് ആയ ഒരുപാട് ഹെൽപ് ചെയ്തു തന്നു. കേസ് ബലമുള്ളതാണ്, 10 -15 കൊല്ലം ഒക്കെ ശിക്ഷ അവിടെ കിട്ടും എന്നൊക്കെ പറയുന്നുണ്ടെങ്കിലും ചിലപ്പോൾ പെട്ടെന്ന് ഊരിപ്പോരാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് കേസ് ഇങ്ങോട്ട് മാറ്റുന്നത്. ഒരു കാരണവശാലും പ്രതി രക്ഷപ്പെടരുത്.
അവിടുന്ന് കിട്ടിയ ഫസ്റ്റ് റിപ്പോർട്ട് അനുസരിച്ച് തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് രേഖപ്പെടുത്തിയത്. ക്രൂരമർദനവും ദേഹത്തുള്ള പാടുകളും റിപ്പോർട്ട് ചെയ്തിട്ടില്ല. വിശദ റിപ്പോർട്ടിൽ അത് ഉണ്ടാകുമോ എന്ന് അറിയില്ല. ആ റിപ്പോർട്ട് കിട്ടണമെങ്കിൽ 20 ദിവസം കഴിയണം. മൃതദേഹം കൊണ്ടുവരാനുള അനുമതി റിപ്പോർട്ട് മാത്രമാണ് ഇപ്പോൾ അവിടുന്ന് ലഭിച്ചത്.
അവൾക്ക് അവിടെ ഒരുപാട് ഫ്രണ്ട്സ് ഉണ്ടായിരുന്നു. എല്ലാവരുടെ പേരും ഞങ്ങൾ ഓർത്തിരിക്കുന്നില്ല. ചിലപ്പോൾ ഫോൺ വിളിക്കുന്ന സമയത്ത് എല്ലാവരും ഉണ്ടാവും. ചിലർ ‘ഹായ് ഏട്ടാ’ എന്നെല്ലാം പറഞ്ഞു പോകാറുണ്ട്. അല്ലാതെ ഈ കുട്ടിയുടെ മുഖം അത്ര കറക്റ്റ് ഓർമ്മ ഇല്ല.
ഇങ്ങനെ ഒരു ഇഷ്യൂ ഉണ്ടെന്ന് ഞങ്ങൾ അറിഞ്ഞിട്ടില്ല. അറിഞ്ഞിരുന്നെങ്കിൽ ഇതിനു മുന്നേ എന്തെങ്കിലും ചെയ്യാമായിരുന്നല്ലോ. ഞങ്ങൾ അറിഞ്ഞിട്ടില്ല.
ഇവർ നല്ല ഫ്രണ്ട്സ് ആണ് എന്നുള്ളത് മാത്രമാണ് മറ്റു കുട്ടികൾ പറഞ്ഞത്. അല്ലാതെ എനിക്ക് വേറെ കാര്യമായിട്ടുള്ള അറിവൊന്നുമില്ല. കൊച്ചിന്റെ കണ്ണിന്റെ മുകളിൽ ഒരു ചെറിയ പാടുണ്ടായിരുന്നു. ഈ പയ്യൻ ഉപദ്രവിച്ചതാണെന്നാണ് അവർ പറഞ്ഞത്. പക്ഷേ നമുക്ക് വീട്ടുകാർക്ക് അതിനെക്കുറിച്ച് അറിവൊന്നുമില്ല.
കോളജ് അധികൃതർ വന്നു സങ്കടം പറഞ്ഞു പോയതല്ലാതെ അവരുടെ ഭാഗത്തുനിന്ന് യാതൊരു സഹായവും ഉണ്ടായിട്ടില്ല. ധാരാളം മലയാളി കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്. ഈ കൊല്ലം 16000 പേരെയാണ് അവർ എടുത്തത്. ഇത്രയും പേർക്ക് താമസിക്കാനുള്ള റൂം ഇല്ല. ബാക്കിയുള്ളവരോടൊക്കെ ഹോസ്റ്റൽ വിട്ട് പുറത്ത് താമസിക്കാനാണ് പറയുന്നത്.
അവിടുത്തെ അന്വേഷണത്തെ കുറിച്ച് അവർ നമ്മളോട് ഒന്നും പ്രത്യേകിച്ച് പറയില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ആ സമയത്ത് അവിടെ ഉണ്ടായിരുന്നതുകൊണ്ട് കുറച്ച് കാര്യങ്ങൾ പറഞ്ഞു. പിന്നെ ഫോട്ടോസ് കൊച്ചിന്റെ കാണിച്ചുതന്നു. വളരെ ക്രൂരമായാണ് ഉപദ്രവിച്ചു കൊന്നതെന്ന് അവർ പ്രത്യേകം എന്നോട് പറയുകയും ചെയ്തു. ഒരു കാരണവശാലും ഇയാൾ രക്ഷപ്പെടരുത്. അതിന ഒരു ചാൻസും കൊടു കൊടുക്കാൻ പാടില്ല എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
മതപരിവർത്തന ശ്രമത്തെ കുറിച്ച് ഒന്നും കാര്യമായിട്ട് അറിയില്ല. നമുക്ക് അവിടെ പരിമിതികളുണ്ട്. അവിടെ പോയിട്ട് നമ്മൾ മൃതദേഹം ഇങ്ങോട്ട് കൊണ്ടുവരാനാണ് പരിശ്രമിച്ചത്. അതിന് തന്നെ ഒരുപാട് പേപ്പർ വർക്ക് ഉണ്ടായിരുന്നു. പരിചയമില്ലാത്ത നാട്ടിൽ അതിന്റെ പിന്നാലെയായിരുന്നു. അവിടത്തെ ഏജൻസി നല്ലതുപോലെ സഹായിച്ചു. രമേശ് ചെന്നിത്തല, വേണുഗോപാൽ എന്നിവരുടെ ഒരുപാട് സഹായം ഉണ്ടായി. ഡൽഹിയിൽ നിന്ന് ഇങ്ങോട്ട് കൊണ്ടുവരാൻ ഒരുപാട് പേർ നമ്മളെ സഹായിച്ചു.
ലാപ്ടോപ്പ് വെച്ച് അടിച്ചു എന്ന് ആരാണ് പറഞത് എന്നറിയില്ല. അതൊരു വ്യക്തമായ കാര്യം ഒന്നുമല്ല. ലാപ്ടോപ്പ് പൊട്ടിയിട്ടുണ്ട്. ആ സമയത്ത് ആരും അവിടെ ഉണ്ടായിരുന്നില്ല. ആരും കണ്ടിട്ടില്ല. അത് കഴിഞ്ഞശേഷമാണ് അവിടെ അടുത്തുള്ള ആരോ കണ്ടിട്ട് ഹെൽപ് ചെയ്തത്. കൊച്ചിനെ ഉപദ്രവിച്ച ശേഷം റൂമിന് അപ്പുറത്തുള്ള ആരോ സഹായിച്ചിട്ടാണ് ആംബുലൻസ് വിളിച്ച് ഹോസ്പിറ്റലിൽ കൊണ്ടുപോയത്. പ്രതി തന്നെയാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത്. അവന്റെ കൈ കൊണ്ട് പറ്റിയതാണെന്ന് അവൻ പൊലീസ് കസ്റ്റഡിയിൽ സമ്മതിച്ചിട്ടുണ്ട്. ഇന്നലെ അവനെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രതിയുമായി ഞാൻ സംസാരിച്ചിട്ടില്ല. സംസാരിക്കാൻ അവസരം നോക്കിയിരുന്നു. പക്ഷേ പോലീസുകാർ സമ്മതിക്കുന്നില്ല. പൊലീസ് സ്റ്റേഷനിലേക്ക് കയറാനും നമ്മളെ സമ്മതിച്ചില്ല.
ഇങ്ങനെ ഉപദ്രവിക്കുന്ന വിവരം അമ്മയോടോ മറ്റോ ഇതുവരെ പറഞ്ഞിട്ടില്ല. അങ്ങനെയൊന്നും പറഞ്ഞത് ഇതുവരെ കേട്ടിട്ടില്ല. ഇവിടെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിചാരണ ഇവിടെ നടത്തണമെനാവശ്യപ്പെട്ട് എംബസിക്ക് അപേക്ഷ അയച്ചിട്ടുണ്ട്. ബാക്കി എംബസിയും ഗവൺമെന്റുമാണ് എല്ലാം ചെയ്യുന്നത്. മന്ത്രിമാരടക്കം ഇടപെട്ടത് കൊണ്ട് ശരിയായ നടപടി എടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്’ -അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.