ആലപ്പുഴ: 71ാം നെഹ്റു ട്രോഫി വള്ളംകളി 2025 ആഗസ്റ്റ് 30ന് പുന്നമടക്കായലിൽ നടത്താൻ വ്യാഴാഴ്ച ചേർന്ന നെഹ്റു ട്രോഫി എക്സിക്യൂട്ടിവ് കമ്മിറ്റിയും ജനറൽ ബോഡി യോഗവും തീരുമാനിച്ചു. വള്ളംകളിയുടെ തീയതി സംബന്ധിച്ച് എക്സിക്യൂട്ടിവ് കമ്മിറ്റി എടുത്ത തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകിയതായി നെഹ്റു ട്രോഫി ബോട്ട് റേസ് (എൻ.ടി.ബി.ആർ) സൊസൈറ്റി ചെയർമാൻ കൂടിയായ കലക്ടർ അലക്സ് വർഗീസ് അറിയിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ യോഗത്തിൽ പങ്കെടുത്തു.
തോമസ് കെ. തോമസ് എം.എൽ.എ ഓൺലൈനിൽ പങ്കെടുത്തു. ജില്ല പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, എൻ.ടി.ബി.ആർ സൊസൈറ്റി സെക്രട്ടറി സമീർ കിഷൻ, നഗരസഭ ചെയർപേഴ്സൻ കെ.കെ. ജയമ്മ, എ.ഡി.എം ആശ സി. എബ്രഹാം, മുൻ എം.എൽ.എമാരായ സി.കെ. സദാശിവൻ, കെ.കെ. ഷാജു, ആർ.കെ. കുറുപ്പ്, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ബിനു ബേബി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
70ാം നെഹ്റു ട്രോഫി വള്ളംകളിയുടെ കണക്കുകളും ഓഡിറ്റ് റിപ്പോർട്ടും സബ് കലക്ടർ സമീർ കിഷൻ അവതരിപ്പിച്ചു. 2,51,18,725.20 രൂപ വരവും 2,85,39,328.14 രൂപ ചെലവും വരുന്ന കണക്ക് എക്സിക്യൂട്ടിവ് കമ്മറ്റി അംഗീകരിച്ചു. 34,20,603 രൂപ അധികമായി ചെലവഴിക്കേണ്ടിവന്നു.
ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളം കളി മാറ്റിവെക്കേണ്ടിവന്നത് അധിക ചെലവിനിടയാക്കിയതായി ചെയർമാൻ പറഞ്ഞു. മെയിന്റനൻസ് ഗ്രാന്റും പ്രൈസ് മണിയും 2023ലെ സി.ബി.എല്ലിൽനിന്ന് രണ്ട് വള്ളങ്ങൾക്ക് നൽകാനുള്ള ബോണസും കൂടി നൽകണമെന്നും ഇത് കണക്കിൽ ഉൾപ്പെടുത്തണമെന്നുമുള്ള നിർദേശം അംഗീകരിച്ചു. വള്ളങ്ങൾക്കുള്ള ബോണസ് പൂർണമായും നൽകി.
സ്റ്റാർട്ടിങ്, ഫിനിഷിങ് സംവിധാനത്തിന്റെ പ്രവർത്തനം കുറ്റമറ്റതാക്കി അപാകതകൾ പരിഹരിക്കാനുള്ള നിർദേശങ്ങളും അവതരിപ്പിച്ചു. സാങ്കേതിക വിദഗ്ധർ ഡെമോ അവതരിപ്പിച്ചു. അർജുന അവാർഡ് ജേതാവ് ക്യാപ്റ്റൻ സജി തോമസ് സായി പ്രതിനിധിയായി ഫിനിഷിങ് കുറ്റമറ്റതാക്കാനുള്ള നിർദേശങ്ങൾ അവതരിപ്പിച്ചു. യുവ ശാസ്ത്രഞ്ജൻ ഋഷികേഷ് മെക്കാനിക്കൽ സ്റ്റാർട്ടിങ് സംവിധാനത്തിന്റെ പ്രവർത്തനം വിശദീകരിച്ചു. മയൂരം ക്രൂയിസ് അധികൃതർ സ്റ്റാർട്ടിങ്, ഫിനിഷിങ് സംവിധാനങ്ങൾ കുറ്റമറ്റതാക്കാനുള്ള ഇലക്ട്രോമാഗ്നറ്റിക് സംവിധാനവും അവതരിപ്പിച്ചു.
മത്സരത്തിന്റെ നിബന്ധനകൾ പരിഷ്കരിക്കുന്ന കാര്യവും കമ്മിറ്റി പരിഗണിച്ചു. വിജയിയെ നിശ്ചയിക്കാൻ ഫിനിഷിങ്ങിന് പോൾ കടക്കണമെന്ന നിബന്ധന മാറ്റി പോളിൽ ടച്ച് ചെയ്താൽ മതിയെന്ന നിർദേശം യോഗത്തിൽ ഉയർന്നു. കൂടാതെ എല്ലാവർക്കും ഒരേ തരത്തിലുള്ള തുഴ എന്ന നിർദേശവും പരിഗണിച്ചു. നിർദേശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക കമ്മിറ്റിക്ക് രൂപംനൽകി. ഇവർ സമർപ്പിക്കുന്ന റിപ്പോർട്ട് പരിഗണിച്ച് തുടർനടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.