കുട്ടനാട്: പാടശേഖരങ്ങളിൽ പുഞ്ചകൃഷി വിതയിറങ്ങി 60 ദിവസത്തോളം പിന്നിടുമ്പോൾ പാടശേഖര സമിതികളുടെയും കർഷകരുടെയും ആശങ്ക അകറ്റാൻ സർക്കാർ ഉടമസ്ഥതയിൽ കൊയ്ത്തുമെതി യന്ത്രങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കുട്ടനാടൻ കർഷകർ.
ജില്ലയിൽ കൊയ്ത്തുമെതി യന്ത്രങ്ങൾ ഉണ്ടായിരുന്ന വേളയിൽ ഒരേക്കർ കൊയ്യാൻ ഒന്നര മണിക്കൂറും നിലംപതിച്ച നെല്ല് കൊയ്യാൻ രണ്ട് മണിക്കൂറും മാത്രമാണ് ആവശ്യമായി വന്നിരുന്നത്. ഇതുസംബന്ധിച്ച് കൃഷി എൻജിനീയറിങ് വിഭാഗവും സമയക്രമത്തിൽ ഇതേ നിർദേശം തന്നെയാണ് നൽകിയിരുന്നത്.
ജില്ലയിലുണ്ടായിരുന്ന 160ലധികം യന്ത്രങ്ങൾ ഉപയോഗരഹിതമായതോടെ കുട്ടനാടൻ കർഷകർ അന്തർസംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന യന്ത്രങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലായി. ഇതോടെ മലയാളി ഏജന്റുമാരുടെ ചൂഷണത്തിന് ഇരയാവുകയാണ് കുട്ടനാടൻ കർഷകർ.
കഴിഞ്ഞ സീസണിൽ യന്ത്രങ്ങൾക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി മണിക്കൂറിന് 2400 രൂപ വരെയാണ് ഈടാക്കിയത്. ഏക്കറിന് മൂന്ന് മുതൽ നാലുമണിക്കൂർ വരെയാണ് ആവശ്യമായി വന്നത്. സർക്കാർ യന്ത്രങ്ങൾ രണ്ടു മണിക്കൂറിൽ ചെയ്യുന്ന വിളവെടുപ്പിനാണ് സ്വകാര്യ യന്ത്രങ്ങൾ വൻതോതിൽ സമയം കവർന്ന് പണം കൊയ്യുന്നത്. സർക്കാർ യന്ത്രങ്ങൾ ഉപയോഗരഹിതമായതിന് പിന്നിൽ ജീവനക്കാരുടെ ഇടപെടലുകൾ ഉണ്ടെന്നും കർഷകർ വെളിപ്പെടുത്തുന്നുണ്ട്. 160ലേറെ കൊയ്ത്തു യന്ത്രങ്ങൾ ഉണ്ടായിരുന്നത് എവിടെയെന്നോ ഇപ്പോഴത്തെ സ്ഥിതി എന്തെന്നോ കർഷകർക്കും പാടശേഖര സമിതികൾക്കും അറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.