ഉത്തരവാദപ്പെട്ടവർ ഇല്ല; സർക്കാർ ഓഫിസുകൾ നോക്കുകുത്തി

-കോവിഡ്​ കാലത്ത്​ സേവനം കിട്ടാതെ ജനം ആലപ്പുഴ: കോവിഡിൽ ജനം ബുദ്ധിമുട്ടുമ്പോൾ പലയിടത്തും സർക്കാർ ഓഫിസുകളുമായി ബന്ധപ്പെട്ട അവശ്യസേവനങ്ങൾ ലഭിക്കാത്ത സ്ഥിതി. പ്രധാന തസ്തികകളിൽ ആളില്ലാത്തതു തന്നെ പ്രശ്​നം. ജനങ്ങൾ നേരിട്ട് ആശ്രയിക്കുന്ന ഓഫിസുകളാണ് മിക്കതും എന്നത്​ ക്ലേശം വർധിപ്പിക്കുന്നു. ചിലയിടങ്ങളിൽ താൽക്കാലിക ചുമതലയുള്ളവരുണ്ടെങ്കിലും ശാശ്വത പരിഹാരമില്ല. വില്ലേജ് ഓഫിസർ, കൃഷി ഓഫിസർ, ഹോമിയോ ഡോക്ടർ, ഹെൽത്ത് ഓഫിസർ, ഹെൽത്ത് ഇൻസ്പെക്ടർ, പഞ്ചായത്ത് സെക്രട്ടറി, എൽ.ആർ തഹസിൽദാർ, ക്ഷീരവികസന ഓഫിസർ, വെറ്ററിനറി ഡോക്ടർ, ജില്ല പഞ്ചായത്ത് എൻജിനീയർ തുടങ്ങി ജനങ്ങൾക്ക്​ ദിവസേനയെന്നോണം സേവനം ലഭിക്കേണ്ട തസ്​തികകളിൽ ഇരിക്കുന്നവരാണ്​ കസേരകളിൽ ഇല്ലാത്തത്​.​ എഴുപുന്നയിൽ ആറുമാസമായി വില്ലേജ്​ ഓഫിസറില്ല. വിസ്തൃതിയും ജനസംഖ്യയും കൂടുതലുള്ള വില്ലേജാണ്. ദിവസം നൂറിലേറെ അപേക്ഷകൾ എത്തുന്നു. വിദ്യാർഥികൾക്കു വരുമാനം, ജാതി, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ അത്യാവശ്യമുള്ള സമയം. വെളിയനാട്ട്​ ഒരു മാസമായി ഓഫിസറില്ല. സർട്ടിഫിക്കറ്റുകൾക്കും മറ്റും ജനങ്ങൾ പ്രയാസപ്പെടുന്നു. രാമങ്കരിയിലും ഇതുതന്നെ സ്ഥിതി. ചേർത്തല തെക്ക്: സ്ഥാനക്കയറ്റം ലഭിച്ചു പോയ ആൾക്കു പകരം നിയമനമായില്ല. ചേർത്തല വടക്ക് വില്ലേജ് ഓഫിസർക്ക് അധിക ചുമതല. കൃഷി ഓഫിസർ അമ്പലപ്പുഴ തെക്ക്: നാലുമാസമായി ആളില്ല. പാടശേഖര സമിതികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ‍ കഴിയുന്നില്ല, ഡേറ്റ ബാങ്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. കാർഷിക വികസന, കർമസേന സമിതികളുടെ യോഗങ്ങൾ ചേരാനും കഴിയുന്നില്ല. പുന്നപ്ര വടക്ക്: ഒന്നര മാസമായി ഒഴിവ്. പാടശേഖര സമിതികളുടെ പ്രവർത്തനം, ഡേറ്റ ബാങ്ക് സർട്ടിഫിക്കറ്റ് തുടങ്ങിയവ മുടങ്ങുന്നു. വിവിധ സമിതി യോഗങ്ങൾ ചേരാൻ കഴിഞ്ഞിട്ടില്ല. തലവടി: ഒരു വർഷത്തിലേറെയായി ആളില്ല. കർഷകരുടെ ആനുകൂല്യങ്ങൾ കിട്ടാൻ വൈകുന്നു. ചിങ്ങം ഒന്നിനു കർഷകദിന പരിപാടിയിൽ അധ്യക്ഷത വഹിക്കേണ്ടത് കൃഷി ഓഫിസറാണ്. എടത്വ: മൂന്ന്​ മാസമായി ആളില്ല. വിത്തും കുമ്മായവും വിതരണം ചെയ്യേണ്ട സമയം. വിത്ത് ലഭിക്കാൻ സബ്സിഡി ആനുകൂല്യങ്ങൾ കിട്ടാനും മാർഗമില്ല. കാവാലം: മാസങ്ങളായി ഒഴിവ്. കൃഷി അസിസ്​റ്റൻറും ഇല്ല. നെൽകൃഷി ഏറെയുള്ള പ്രദേശം. കർഷകർ പല ആവശ്യങ്ങൾക്കും ബുദ്ധിമുട്ടുന്നു. ചെറുതന: രണ്ട്​ ആഴ്ചയായി ഒഴിവ്. കൃഷിയിറക്കലിനു വിത്തിന് അപേക്ഷിക്കേണ്ട സമയമാണ്. ഡേറ്റ ബാങ്കിലുള്ള സ്ഥലങ്ങൾ പുനർനിർണയിക്കാനുള്ള അപേക്ഷകൾ തീർപ്പാക്കാൻ‌ തണ്ണീർത്തട സമിതി ചേരാനാകുന്നില്ല. പുളിങ്കുന്ന്: നാലു​ മാസമായി ആളില്ല. വീടുവെക്കാനായി ഭൂമി തരം മാറ്റുക തുടങ്ങിയ ആവശ്യങ്ങൾക്ക് പകരം ചുമതല നൽകിയ ഉദ്യോഗസ്ഥരെ അവർ ജോലി ചെയ്യുന്ന സ്ഥലത്തുപോയി കാണുകയാണ് നാട്ടുകാർ. കഞ്ഞിക്കുഴി: പ്രസവാവധിയിൽ പോയ ആൾക്കു പകരം നിയമനം നടന്നിട്ടില്ല. അധിക ചുമതല ചേർത്തല തെക്ക് വില്ലേജ് ഓഫിസർക്ക്. ഹെൽത്ത് ഓഫിസർ: ആലപ്പുഴ നഗരസഭയിൽ ഒന്നര പതിറ്റാണ്ടായി ആളില്ല. എം.ബി.ബി.എസ് ബിരുദധാരിയായിരിക്കണം ഹെൽത്ത് ഓഫിസർ. ഹെൽത്ത് ഇൻസ്പെക്ടർമാർക്കു ചുമതല നൽകുന്നത്​ തുടരുകയാണിവിടെ. നഗരസഭക്ക്​ മൂന്ന്​ ആരോഗ്യ ഉപകേന്ദ്രങ്ങളുണ്ട്. അവിടെ ഡോക്ടർ തസ്തികയില്ല. ദേശീയ നഗര ആരോഗ്യദൗത്യത്തിലൂടെ ഡോക്ടർമാരെ നിയോഗിക്കുകയാണ്. ഹോമിയോ ഡോക്ടർ: പെരുമ്പളം ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിയിൽ ഡോക്ടറില്ലാതായിട്ട്​ ഒരു മാസമായി. ഹെൽത്ത് ഇൻസ്പെക്ടർ: പത്തിയൂർ- പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ മൂന്ന്​ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ കുറവ്. നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി.എം.ഒക്ക്​ പലതവണ കത്ത്​ നൽകിയെന്ന് പഞ്ചായത്ത് ഭരണ സമിതി. പലതവണ കോവിഡ് അതിവ്യാപന വിഭാഗത്തിലായ പഞ്ചായത്താണിത്. വയലാർ: സ്ഥലംമാറിപ്പോയ ആൾക്കു പകരം നിയമനമില്ല. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കു ചുമതല. പഞ്ചായത്ത് സെക്രട്ടറി: ഭരണിക്കാവിൽ ഒരു മാസമായി ആളില്ല. അസി. സെക്രട്ടറിക്കാണ് അധിക ചുമതല. ക്ഷീരവികസന ഓഫിസർ: ചമ്പക്കുളത്ത്​ ഉണ്ടായിരുന്ന ഓഫിസർ സ്ഥാനക്കയറ്റം ലഭിച്ചു തിരുവനന്തപുരത്തേക്കു പോയി. 14 ക്ഷീര സംഘങ്ങളുടെ ചുമതല വഹിക്കാൻ ആളില്ല. എലവേറ്റഡ് കാറ്റിൽ ഷെഡ് നിർമാണം പുരോഗമിക്കുകയാണ്. വെറ്ററിനറി ഡോക്ടർ: തകഴി -വിരമിച്ച ഡോക്ടർക്കു പകരം ആളെത്തിയില്ല. കുളമ്പുരോഗം ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്ന സമയത്ത് പ്രതിരോധ കുത്തി​െവപ്പ്​​ ലഭിക്കാൻ പ്രയാസം. ദിവസവും ഒട്ടേറെ കർഷകർ എത്തുന്നു. ചെങ്ങന്നൂർ: മൊബൈൽ വെറ്ററിനറി ഹോസ്പിറ്റലിൽ സീനിയർ വെറ്ററിനറി സർജന്‍ ഇല്ല. പഞ്ചായത്ത് പ്രോജക്ടുകൾക്ക് അംഗീകാരം നൽകൽ, താലൂക്കിലെ മറ്റു മൃഗാശുപത്രികളിലേക്ക്​ വാക്സീൻ വിതരണം, ക്യാമ്പുകൾ സംഘടിപ്പിക്കൽ തുടങ്ങിയ ജോലികൾ സർജ​ൻെറ ചുമതലയാണ്. പകരം പോളിക്ലിനിക്കിലെ സീനിയർ സർജനു ചുമതല നൽ‍കിയിരിക്കുന്നു. കൃഷ്ണപുരം: ആഴ്ചകളായി ഡോക്ടറില്ല. കുളമ്പുരോഗ ഭീഷണി കാരണം കർഷകർ ആശങ്കയിലാണ്. എൽ.ആർ തഹസിൽദാർ: കുട്ടനാട്ടിൽ ഈ ചുമതലകൂടി തഹസിൽദാർ വഹിക്കുന്നു. നാല്​ ​െഡപ്യൂട്ടി തഹസിൽദാർമാരുടെയും ഒഴിവുണ്ട്. മറ്റുള്ളവർക്ക് ഈ ചുമതല കൂടി നൽകിയിരിക്കുകയാണിപ്പോൾ. ജില്ല പഞ്ചായത്ത് എൻജിനീയർ: ജില്ല പഞ്ചായത്തി​ൻെറ നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ട തദ്ദേശ സ്വയംഭരണ വിഭാഗം പൊതുമരാമത്ത് എക്സി. എൻജിനീയർ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. മേയ് 31നു വിരമിച്ചയാൾക്കു പകരം നിയമനമായില്ല. അസി. എക്സി. എൻജിനീയർക്കാണ് അധിക ചുമതല. എം.എൽ.എ ഫണ്ടിലെ നിർമാണങ്ങളുടെ മേൽനോട്ടവും എക്സി. എൻജിനീയർക്കാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.