ഭരണിക്കാവിലെ സി.പി.എമ്മിൽ വിഭാഗീയത രൂക്ഷമാകുന്നു

കറ്റാനം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഭരണിക്കാവിലെ സി.പി.എമ്മിൽ വിഭാഗീയത രൂക്ഷമാക്കുന്നു. ഭരണിക്കാവ്, കറ്റാനം ലോക്കൽ കമ്മിറ്റികൾ തമ്മിലെ ശീതസമരമാണ് തർക്കങ്ങൾക്ക് കാരണം. ഇതിനിടയിൽ തെരഞ്ഞെടുപ്പ് തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണിക്കാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജി പ്രഖ്യാപിച്ചതും നേതൃത്വത്തിന് തിരിച്ചടിയായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലെ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായിരുന്ന എസ്. ജ്യോതികുമാറാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനാർഥിയായി മത്സരിച്ച മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവിൻെറ പരാജയം ചർച്ചയാകുന്നത് തിരിച്ചടിയാകുമെന്ന ഭയമാണ് രാജിക്ക് കാരണമെന്നാണ് അറിയുന്നത്. കഴിഞ്ഞ തവണ ഇദ്ദേഹം 500ഒാളം വോട്ടിൻെറ ഭൂരിപക്ഷത്തിന് വിജയിച്ച വാർഡിലും സി.പി.എം ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിലെ അസ്വസ്ഥതകൾ നിലനിൽക്കുന്നതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ട ഭരണിക്കാവിലെ മുതിർന്ന രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളെ വെട്ടിനിരത്തിയതും പ്രശ്നമായി. എസ്. അജോയ്കുമാർ, ശശിധരൻ നായർ എന്നിവരെ ഒഴിവാക്കി കറ്റാനം എൽ.സിയിൽ നിന്നുള്ള സുരേഷ് പി. മാത്യുവിനെയാണ് പരിഗണിച്ചത്. ഒഴിവാക്കപ്പെട്ടവർക്ക് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും നിരസിച്ചതായാണ് അറിയുന്നത്. വിഷയത്തിൽ നേതാക്കൾ ചേരിതിരിഞ്ഞ് നിലയുറപ്പിച്ചതോടെ ഏരിയ, ജില്ല നേതൃത്വം ഇടപെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൂടിയ ഏരിയ കമ്മിറ്റിയുടെ പരിഗണനക്ക് വന്നെങ്കിലും ചേരിതിരിവ് കാരണം തീരുമാനം എടുക്കാനായില്ല. ഇതോടെ ജില്ല നേതൃത്വത്തിൻെറ മുന്നിലേക്ക് കൈമാറി. അടുത്ത ദിവസം കൂടുന്ന ജില്ല സെക്ര​േട്ടറിയറ്റ് വിഷയം പരിഗണിക്കുമെന്നാണ് അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.