ചമ്പക്കുളം മൂലം വള്ളംകളി: തീരുമാനം നീളുന്നു

ആലപ്പുഴ: ഇടവേളക്കുശേഷം വള്ളംകളി ആരവത്തിന്​ ജില്ല വഴിമാറുമെന്ന്​ പ്രതീക്ഷിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ തീരുമാനം നീളുന്നു. ജൂലൈ 12 എന്ന്​ ഏകദേശ തീരുമാനമുണ്ടെങ്കിലും നടപടികൾ ഇഴയുകയാണ്​. വെള്ളിയാഴ്​ച നടന്ന യോഗത്തിലും തീരുമാനമാകാത്തതിനാൽ ടീം സെലക്‌ഷൻ നടത്താതെ കാത്തിരിക്കാനാണ്​ ടീമുകളുടെ തീരുമാനം. കോവിഡ് കേസുകൾ കൂടുന്നെങ്കിലും മത്സരം ഇക്കുറി ഉറപ്പാണെന്നാണ്​ ബോട്ട് ക്ലബുകൾ പ്രതീക്ഷിക്കുന്നത്. പിന്നിട്ട രണ്ടുവർഷവും ആചാര ഭാഗമായി മാത്രമാണ് വള്ളംകളി നടന്നത്. പന്ത്രണ്ടോളം ചുണ്ടൻവള്ളങ്ങൾ മത്സരത്തിന്​ തയാറാണ്. ഇതിൽ ആറെണ്ണം മാത്രമാകും മത്സരിക്കുക എന്ന് ബോട്ട് ക്ലബ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. മൂന്നുവീതം വെപ്പ്, ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരവും നടക്കാൻ സാധ്യതയുണ്ട്​. മത്സരം ഉണ്ടെന്ന് ഉറപ്പായശേഷം മാത്രമാകും ഫൈനൽ ടീം സെലക്‌ഷൻ. പല ഘട്ടങ്ങളിലായിരിക്കും തെരഞ്ഞെടുപ്പ്. 1200 മീറ്ററിൽ ആവേശം ഒട്ടും ചോരാതെ തുഴയുന്നവരെ പല കടമ്പകളിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ഞായറാഴ്ചകളിലായിരിക്കും തെരഞ്ഞെടുപ്പ്. ഇതിന്​ മുന്നോടിയായി പ്രദേശങ്ങളിൽ നോട്ടീസ് പതിക്കും. വാട്സ്​ആപ് സന്ദേശങ്ങളിലൂടെ അറിയിക്കും. ഇരുന്നൂറോളം പേരിൽനിന്നാണ് 85 തുഴച്ചിൽകാരെ തെരഞ്ഞെടുക്കേണ്ടത്. ചമ്പക്കുളം വള്ളംകളി മത്സരം വിജയിക്കണമെങ്കിൽ കുറഞ്ഞത് അഞ്ച്​ ട്രയൽ ഓട്ടം നടത്തണമെന്നാണ് ക്യാപ്റ്റൻമാർ പറയുന്നത്​. 110 - 120 പേർ ഒരു ടീമിൽ കാണും. ദിവസേന കുറഞ്ഞ കൂലി 1000 രൂപയാണ്. ഇവരുടെ ഭക്ഷണം, താമസം എന്നിവയടക്കം ദിവസേന ഒരു ലക്ഷം രൂപ ചെലവ് വരും. മത്സരദിനം മാത്രം രണ്ടുലക്ഷം രൂപ ചെലവ് വരുമെന്ന്​ ബോട്ട് റേസ് ഗ്രൂപ് കണക്ക്​. ഇക്കാരണത്താൽ 5-7 ട്രയലുകൾക്ക്​ മുകളിൽ നടത്താറില്ല. ചമ്പക്കുളം മൂലം വള്ളംകളി ജൂലൈ 12ന്​ നടത്തുന്നതാണ്​ കീഴ്​വഴക്കം. ആഗസ്റ്റ് രണ്ടാം ശനിയാഴ്ച നെഹ്റു ട്രോഫിയും നടക്കും. ഇത്തവണ നെഹ്​റുട്രോഫി വള്ളംകളി നവംബറിൽ നടത്താനാണ് സാധ്യത. നവംബർ 14ന് നെഹ്റുവിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് മത്സരം നടത്താൻ നിർദേശമുണ്ട്. ഇതിനോട് കൂടുതൽ​ പേരും യോജിക്കുന്ന സാഹചര്യത്തിൽ സാധ്യത കൂടുതലാണ്​. കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന വേളയാണ്​ നവംബർ-ജനുവരി മാസങ്ങളെന്നത്​ നേട്ടമാകുമെന്ന വിലയിരുത്തലുമുണ്ട്​. നെഹ്റുട്രോഫിയിലൂടെയാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് തുടങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.