1.എഴുപുന്ന ഗ്രാമപഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സ്
കെട്ടിടം 2.അരൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ നിൽക്കുന്ന കാലഹരണപ്പെട്ട കെട്ടിടം.
അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സ് ബഹുനില കെട്ടിടം അപകടകരമായി നിലനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഏഴുവർഷം മുമ്പ് കെട്ടിടം അൺഫിറ്റാണെന്ന് പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗം തന്നെ കണ്ടെത്തിയിരുന്നു. പഞ്ചായത്ത് ഓഫീസിനു മുന്നിൽ പതിറ്റാണ്ടുകൾക്കു മുൻപ് നിർമിച്ച രണ്ടുനില കെട്ടിടമായിരുന്നു ഇത്. താഴെ മുറികൾ കച്ചവടസ്ഥാപനങ്ങ
ൾക്കും മുകളിലുള്ള ഹാളുകൾ ചില സംഘടനകൾക്കും വാടകയ്ക്ക് നൽകിയിരുന്നു. ചോർച്ചയുണ്ടായതിനെ തുടർന്ന് ട്രസ് വർക്ക് നടത്തിയപ്പോൾ അടച്ചു കെട്ടി ജിംനേഷ്യത്തിന് വാടകയ്ക്ക് നൽകി. കെട്ടിടം കാലഹരണപ്പെട്ടതാണെന്ന് നാട്ടുകാർ പറയുമ്പോഴും ചില സംഘടനകൾ പഞ്ചായത്തിന് പരാതി നൽകിയിട്ടും കെട്ടിടം പുനർ നിർമിക്കാനും കെട്ടിടത്തിൽ നിന്ന് ആളെ ഒഴിപ്പിക്കാനും അധികൃതർ തയ്യാറായിട്ടില്ല.
അരൂർ ഗ്രാമപഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടിലും കാലഹരണപ്പെട്ട ഉപയോഗശൂന്യമായ ബഹുനില കെട്ടിടം നിലനിൽക്കുന്നുണ്ട്. പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്നകെട്ടിടമാണിത്. പ്രസിഡന്റിന്റെ മുറിയും മെംബർമാർക്ക് ഇരിക്കാനുള്ള സൗകര്യങ്ങളും കോൺഫ്രൻസ് ഹാളും കെട്ടിടത്തിലായിരുന്നു. പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം പണിഞ്ഞതിനുശേഷമാണ് ഓഫീസ് അങ്ങോട്ടു മാറ്റി പ്രവർത്തിച്ചു തുടങ്ങിയത്. തുടർന്ന് ഉപയോഗശൂന്യമായ കെട്ടിടത്തിൽ കുടുംബശ്രീയുടെയും ഗ്രാമസേവകരുടെയും ഓഫീസുകൾ പ്രവർത്തിച്ചിരുന്നു.
പിന്നീടാണ് കെട്ടിടം ജീർണിച്ച അവസ്ഥയിലായത്. പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗം പരിശോധന നടത്തി കെട്ടിടത്തിൽ ഓഫിസുകൾ പ്രവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഫിഷറീസ് വകുപ്പിന്റെ ക്ഷേമനിധി ഓഫിസ് കാലഹരണപ്പെട്ട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ആംബുലൻസ്,ജീപ്പ് എന്നിവയുടെ ഡ്രൈവർമാരുടെ വിശ്രമസ്ഥലമായും കെട്ടിടം ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.