അസാധാരണ രാഷ്ട്രീയ നീക്കങ്ങൾക്കും മാറ്റങ്ങൾക്കുമാണ് കേരളത്തിലെ മുന്നണി രാഷ്ട്രീയം ഇന്ന് സാക്ഷിയാകുന്നത്. നേതാക്കളുടെ പാർട്ടി മാറ്റത്തിലെ വിചിത്രരീതികൾ മുതൽ കക്ഷികളുടെ മുന്നണിമാറ്റത്തിലെ നീഗൂഢതകൊണ്ടുവരെ സംഭവബഹുലമാണ് സാഹചര്യങ്ങൾ. മുപ്പതു വർഷക്കാലം സി.പി.എമ്മിൽ സജീവമായി പ്രവർത്തിച്ചിരുന്ന കൊല്ലം ജില്ല കമ്മിറ്റി അംഗം സുജ ചന്ദ്രബാബുവിന്റെ മുസ് ലിം ലീഗ് പ്രവേശനം, പരമ്പരാഗതമായി കരുതിപ്പോന്നിരുന്ന രാഷ്ട്രീയമാറ്റങ്ങൾക്കുള്ള ശ്രദ്ധേയമായ തിരുത്ത് കൂടിയായി. കേരള കോൺഗ്രസി(എം) ന്റെ ചുവടുമാറ്റ സ്വപ്നങ്ങൾ, എസ്. രാജേന്ദ്രൻ, ഐഷ പോറ്റി തുടങ്ങിയ നേതാക്കളുടെ പാർട്ടി മാറ്റം, കോർപറേറ്റ് രാഷ്ട്രീയ സംഘടനയായ ട്വന്റിട്വന്റിയുടെ എൻ.ഡി.എ പ്രവേശം, എൻ.എസ്.എസ് - എസ്.എൻ.ഡി.പി സംഘടനകൾ തമ്മിലുള്ള പുതിയ ബന്ധം എന്നിവ ഈ ശൃംഖലയിലെ സമീപകാല സംഭവവികാസങ്ങൾ. ദശകങ്ങളായി രൂപംകൊണ്ട സംസ്ഥാനത്തിന്റെ പരമ്പരാഗത രാഷ്ട്രീയ ഘടനയിൽ സമീപഭാവിയിൽ വരാനിരിക്കുന്ന അഭൂതപൂർവമായ മാറ്റങ്ങളുടെ കൃത്യമായ സൂചനകളാണ് ഇപ്പോൾ പ്രകടമാകുന്നതെന്ന് വ്യക്തം
ഐഷ പോറ്റി
ദേവികുളം മുതൽ കൊട്ടാരക്കര വരെ; ചുവപ്പ് പടർത്തിയവരുടെ ചുവടുമാറ്റം
മുതിർന്ന നേതാക്കളുടെ പാർട്ടിമാറ്റങ്ങൾ ഏറ്റവും കൂടുതൽ പരിക്കേൽപ്പിക്കുന്നത് സി.പി.എമ്മിനെയാണ്. കൊട്ടാരക്കരയിൽനിന്ന് പാർട്ടിയെ മൂന്നുവട്ടം നിയമസഭയിൽ പ്രതിനിധാനംചെയ്ത ഐഷപോറ്റി കോൺഗ്രസിലേക്ക് കൂടുമാറിയപ്പോൾ സമാനസ്വഭാവത്തിൽ മൂന്ന് ടേമുകളിൽ ദേവികുളത്തിന്റെ നിയമസഭയിലെ ശബ്ദമായിരുന്ന എസ്. രാജേന്ദ്രൻ കളം മാറിയത് ബി.ജെ.പിയിലേക്കാണ്. ഐഷ പോറ്റിയുടെ മാറ്റം വലിയ ചർച്ചയായെങ്കിൽ രാജേന്ദ്രന്റേത് നിശ്ശബ്ദമായി കെട്ടടങ്ങി എന്നതും രാഷ്ട്രീയ കൗതുകം. രണ്ടും സി.പി.എം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. 10 വർഷത്തെ ഭരണത്തുടർച്ചയുടെ ആത്മവിശ്വാസത്തിൽ മൂന്നാം ഊഴത്തിന് ശ്രമിക്കുമ്പോൾ മുതിർന്ന നേതാക്കൾ കൂടിയായ ‘എക്സ് എം.എൽ.എമാർ’ പാർട്ടിയിൽ അവിശ്വാസം രേഖപ്പെടുത്തി കളംമാറുന്നത് കനത്തപ്രഹരംതന്നെയാണ്. ‘പാർട്ടി വേദികളിലൊന്നും സജീവമല്ലാത്ത ഒരു മുൻ എം.എൽ.എ പാർട്ടി വിടുന്നു’വെന്ന ലളിതവത്കരണം ഇരുവരുടെയും കാര്യത്തിൽ ഈ ഘട്ടത്തിൽ പര്യാപ്തമാകില്ലെന്ന് ഇടതുമുന്നണിക്ക് ധാരണയുണ്ട്.
ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനം കൊട്ടാരക്കരയിൽ മാത്രമല്ല, തെക്കൻ ജില്ലകളിൽ ഇടതുപക്ഷത്തിന് കാര്യമായ പ്രതിരോധം തീർക്കേണ്ട സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. 1977 മുതൽ കൊട്ടാരക്കരയെ പ്രതിനിധാനം ചെയ്തിരുന്ന കേരള കോൺഗ്രസ് (ബി) നേതാവ് ആർ. ബാലകൃഷ്ണപിള്ളയെ 2006ൽ അട്ടിമറിച്ചാണ് ഐഷാ പോറ്റി സി.പി.എമ്മിന്റെ കരുത്ത് തെളിയിച്ചത്. ഈ വിജയഗാഥതന്നെയാണ് ഐഷ പോറ്റിയുടെ ഇപ്പോഴത്തെ മുന്നണി മാറ്റത്തിന് ‘ഗ്രാവിറ്റി’ നൽകുന്നതും. നേതൃത്വവുമായുള്ള വിയോജിപ്പിനെ തുടർന്ന് കുറച്ചുകാലമായി പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു അവർ. കൊട്ടാരക്കര ഏരിയ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്ന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയതോടെയാണ് ഏറ്റുമുട്ടൽ മറനീക്കിയത്. ഏരിയ, ജില്ല കമ്മിറ്റികളിൽനിന്ന് അവരെ ഒഴിവാക്കിയതും സംഘടനാപരമായി ഒറ്റപ്പെടുത്താനുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെട്ടു. പിന്നാലെയാണ് ചുവടുമാറ്റം. ധനമന്ത്രി കെ.എൻ. ബാലഗോപാലിനെതിരെ കൊട്ടാരക്കരയിൽ ഐഷ സ്ഥാനാർഥിയാകുമെന്നത് ഏറക്കുറെ ഉറപ്പാണ്. ഇതോടെ, ബാലഗോപാലിനെ മുൻനിർത്തി തീർത്തും സുരക്ഷിതമായിരുന്ന മണ്ഡലമാണ് തെരഞ്ഞെടുപ്പ് പടിവാതിലിൽ സി.പി.എമ്മിന് ‘അരക്ഷിത’മായിരിക്കുന്നത്.
എസ്. രാജേന്ദ്രൻ
ഹൈറേഞ്ചിലെ നാടകീയത; ചോദ്യമായി എസ്. രാജേന്ദ്രൻ
തോട്ടംതൊഴിലാളികളും കുടിയേറ്റ കർഷകരും ആദിവാസി സമൂഹങ്ങളും ഉൾപ്പെടുന്ന ഇടുക്കി ഹൈറേഞ്ചിന്റെ ജനസംഖ്യാപരമായ വൈവിധ്യം രാഷ്ട്രീയ സമവാക്യങ്ങളെ പലപ്പോഴും സങ്കീർണമാക്കാറുണ്ട്. ഈ രാഷ്ട്രീയ പരിതഃസ്ഥിതിയെ ഉന്നമിട്ടാണ് സി.പി.എമ്മിൽനിന്നുള്ള എസ്. രാജേന്ദ്രനെ എൻ.ഡി.എ തങ്ങളുടെ പാളയത്തിലേക്കെത്തിച്ചത്. ഐഷാ പോറ്റിയുടേതുപോലെ സർപ്രൈസ് ആയിരുന്നില്ല എസ്. രാജേന്ദ്രന്റെ ചുവുടുമാറ്റം. ‘ഏറെ നാളുകളായി ഉയർന്നു കേട്ടിരുന്നത് ഒടുവിൽ സംഭവിച്ചിരിക്കുന്നു’ എന്ന പ്രതീതിയാണ് ഇടതുക്യാമ്പിന്. നാലു വർഷമായി സി.പി.എമ്മിനുള്ളിൽ നടന്ന ആഭ്യന്തര പ്രശ്നങ്ങളുടെയും അച്ചടക്ക നടപടികളുടെയും സ്വാഭാവികമായ പരിസമാപ്തിയായിരുന്നു അത്. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളത്തെ സി.പി.എം സ്ഥാനാർഥി എ. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണമാണ് രാജേന്ദ്രനെതിരെ പാർട്ടി അന്വേഷണ കമീഷൻ കണ്ടെത്തിയത്. ഇടുക്കി ജില്ല കമ്മിറ്റി ശിപാർശയിൽ 2022 ഫെബ്രുവരിയിൽ രാജേന്ദ്രനെ പ്രാഥമിക അംഗത്വത്തിൽനിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഇതു രാജേന്ദ്രനെ കൂടുതൽ അകറ്റി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തെ തിരികെകൊണ്ടുവരാൻ സംസ്ഥാന നേതൃത്വം ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല.
അതേസമയം, ഫാഷിസ്റ്റ് വിരുദ്ധത അജണ്ടയാക്കുകയും കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് കുടിയേറിയ നേതാക്കളെ ചൂണ്ടിക്കാട്ടി കടന്നാക്രമണം നടത്തുകയും ചെയ്യുന്ന സി.പി.എമ്മിനെ സംബന്ധിച്ച് ‘രാജേന്ദ്രൻ’ ഉത്തരംമുട്ടിക്കുന്ന ചോദ്യമാണ്. മൂന്ന് ഊഴങ്ങളിലായുള്ള എസ്. രാജേന്ദ്രന്റെ നിയമസഭാംഗത്വം തോട്ടംതൊഴിലാളികൾക്കിടയിൽ സി.പി.എമ്മിന് ഉണ്ടായിരുന്ന സ്വാധീനത്തിന്റെ വലിയ ഉദാഹരണമായിരുന്നു. തമിഴ് വംശജരായ തോട്ടം തൊഴിലാളികൾ ഭൂരിപക്ഷമുള്ള ദേവികുളം മണ്ഡലത്തിൽ അവരുടെ ഭാഷയും സംസ്കാരവും പ്രശ്നങ്ങളും ഉൾക്കൊണ്ട് പ്രവർത്തിച്ചിരുന്ന നേതാവ് കൂടിയാണ് ഇദ്ദേഹം. ഇടുക്കിയിലെയും പ്രത്യേകിച്ച് മൂന്നാറിലെയും തമിഴ് സംസാരിക്കുന്ന ജനവിഭാഗത്തിന്റെ പ്രധാന നേതാവാണ് എസ്. രാജേന്ദ്രൻ. അതുകൊണ്ടുതന്നെ, സി.പി.എമ്മിന്റെ അടിത്തറയായ തോട്ടം തൊഴിലാളികൾക്കിടയിൽ കടന്നുകയറാനുള്ള ബി.ജെ.പിയുടെ ആസൂത്രിത നീക്കം കൂടിയാണിത്. ഫെബ്രുവരി ആദ്യത്തിൽ മൂന്നാറിൽ ബി.ജെ.പി നേതൃത്വത്തിൽ നടക്കുന്ന പൊതുസമ്മേളനം തന്റെ ശക്തിപ്രകടനമാക്കാനുള്ള തയാറെടുപ്പിലാണ് രാജേന്ദ്രൻ.
സുജ ചന്ദ്രബാബു
എസ്.എൻ.ഡി.പിയും എൻ.എസ്.എസും സംയുക്തമായി മുസ്ലിം ലീഗിനെ പ്രശ്നവത്കരിക്കാൻ ശ്രമിക്കുന്നതിനിടെ, 30 വർഷത്തെ സി.പി.എം ബന്ധം ഉപക്ഷേിച്ചുള്ള സുജ ചന്ദ്രബാബുവിന്റെ മുസ്ലിം ലീഗ് പ്രവേശം കേവല രാഷ്ട്രീയമാറ്റം എന്നതിനപ്പുറം കടന്നാക്രമണങ്ങൾക്കുള്ള നേർക്കുനേർ മറുപടി കൂടിയായിരുന്നു. മലബാറിനെ അപേക്ഷിച്ച് ലീഗ് സാന്നിധ്യവും അനുഭവങ്ങളും തെക്കൻ ജില്ലകളിൽ താരതമ്യേന കുറവാണ്. സി.പി.എം ബന്ധം ഉപേക്ഷിക്കുന്നയാളിന് രാഷ്ട്രീയ സാധ്യതകൾ പലതുമുണ്ടെന്നിരിക്കെയാണ് സുജ ചന്ദ്രബാബുവിന്റെ നീക്കം ശ്രദ്ധേയമാകുന്നത്.
മുസ്ലിം ലീഗിനെ സംബന്ധിച്ച് തെക്കൻ ജില്ലകളിൽ തങ്ങളെ സ്വീകരിക്കാൻ ഭൂരിപക്ഷ സമുദായാംഗങ്ങൾ തയാറാകുന്നു എന്നത് അവരുടെ ‘ദക്ഷിണ ദൗത്യത്തിന്’ ലഭിക്കുന്ന വലിയ അംഗീകാരവുമാണ്. കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിയായ സുജ ചന്ദ്രബാബു സി.പി.എമ്മിന്റെ കരുത്തുറ്റ വനിതാ നേതാക്കളിൽ ഒരാളായിരുന്നു. മൂന്നു തവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ മുൻ ജില്ല സെക്രട്ടറിയും നിലവിലെ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.
സി.പി.എം നേതൃത്വത്തിലെ ചിലരുടെ ധാർഷ്ട്യവും താഴെത്തട്ടിലുള്ളവരുടെ വികാരങ്ങളെ അവഗണിക്കുന്നതും പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയാണ് അവർ പാർട്ടി വിട്ടത്. സി.പി.എം പുറത്ത് മതേതരത്വം പറയുകയും അകത്ത് നേർവിപരീത നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നു എന്ന ഗൗരവകരമായ ആരോപണവും അവർ ഉയർത്തുന്നു. മുസ്ലിം ലീഗാണ് നിലവിലെ സാഹചര്യത്തിൽ എല്ലാ ജാതി-മതസ്ഥരെയും ഒരുമിച്ച് കൊണ്ടുപോകുന്ന പാർട്ടിയെന്ന അവരുടെ പ്രസ്താവന ലീഗിന്റെ രാഷ്ട്രീയ പ്രതിച്ഛായക്കും മൂലധനമാകും.
എസ്.എൻ.ഡി.പി നേതൃത്വം ഉയർത്തുന്ന ലീഗ് വിരുദ്ധ രാഷ്ട്രീയത്തെ സുജയുടെ ലീഗ് പ്രവേശം പ്രതിരോധത്തിലാക്കുന്നു. തെക്കൻ കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിനുള്ളിൽനിന്നുതന്നെ തങ്ങളുടെ രാഷ്ട്രീയ സദാചാരത്തെ ശരിെവക്കുന്ന ശബ്ദം ഉയരുന്നതിലൂടെ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷസമാന ആരോപണങ്ങളുടെ പൊള്ളത്തം പൊളിയുകയാണെന്ന് ലീഗ് കരുതുന്നു
സാബു എം. ജേക്കബ്
മുന്നണിമാറ്റങ്ങൾ സാധാരണ രാഷ്ട്രീയ പാർട്ടികൾക്ക് ഊർജമാകുന്നതാണ് പതിവെങ്കിൽ എൻ.ഡി.എ പ്രവേശത്തോടെ സ്വന്തം തട്ടകത്തിൽ പൊട്ടിത്തെറികൾക്കാണ് ട്വന്റിട്വന്റി വേദിയാകുന്നത്. ജനപ്രതിനിധികളടക്കം നിരവധിപേർ രാജി സന്നദ്ധത പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന ‘നിഷ്പക്ഷ’ നിലപാടുകളിൽനിന്ന് കേരളത്തിലെ രണ്ടു പ്രമുഖ മുന്നണികളെ വെല്ലുവിളിച്ച് കൃത്യമായ രാഷ്ട്രീയത്തോടെയായിരുന്നു ട്വന്റിട്വന്റിയുടെ ചുവടുമാറ്റം. ഈ നിലപാട് മാറ്റംതന്നെയാണ് രാഷ്ട്രീയമായി സംഘടനയെ വരിഞ്ഞുമുറുക്കുന്നത്. രാഷ്ട്രീയ പാർട്ടിയുടെ പരമ്പരാഗത സ്വഭാവസവിശേഷതകളില്ലാതെയുള്ള ട്വന്റിട്വന്റിയുടെ സംഘടന സംവിധാനം പുതിയ സാഹചര്യങ്ങളെ എങ്ങനെ നേരിടുമെന്നതും കണ്ടറിയണം. ഇതിനൊപ്പം സംസ്ഥാന രാഷ്ട്രീയത്തിലെ ‘അരാഷ്ട്രീയ’പരീക്ഷണങ്ങൾ അവസാനിക്കുന്നുവെന്ന ഒരു രാഷ്ട്രീയ പരിണാമത്തിനുകൂടി കേരളം സാക്ഷിയാകുന്നുണ്ട്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ എട്ട് മണ്ഡലങ്ങളിൽ മത്സരിച്ച ട്വന്റിട്വന്റി ഭേദപ്പെട്ട വോട്ടുവിഹിതം നേടിയിരുന്നു. ട്വന്റിട്വന്റിയുടെ എൻ.ഡി.എ പ്രവേശനത്തിൽ ഏറ്റവും സങ്കീർണമായ ഘടകം ക്രൈസ്തവ സമുദായത്തിന്റെ നിലപാടാണ്. ട്വന്റിട്വന്റിക്ക് ലഭിച്ചുവന്ന ക്രൈസ്തവ വോട്ടുകൾ എൻ.ഡി.എ സഖ്യത്തോടെ നിലനിൽക്കുമോ എന്നത് ബി.ജെ.പി നേരിടുന്ന ഏറ്റവും വലിയ ചോദ്യവുമാണ്. കിഴക്കമ്പലത്തും പരിസര പ്രദേശങ്ങളിലും ക്രൈസ്തവ സമുദായത്തിന് വലിയ സ്വാധീനമുണ്ട്, കൂടാതെ, ട്വന്റിട്വന്റിയുടെ വോട്ട് ബാങ്കിന്റെ നല്ലൊരു ഭാഗം ഈ സമുദായത്തിൽനിന്നുള്ളവരാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾ രൂക്ഷമായി കടന്നാക്രമണതിന് വിധേയമാവുകയും അതിനെതിരെ ശക്തമായ വികാരം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. നിഷ്പക്ഷ നിലപാടുള്ള പാർട്ടി പെട്ടെന്ന് കൃത്യമായ രാഷ്ട്രീയ അജണ്ടയുള്ള മുന്നണിയുടെ ഭാഗമാകുന്നത് അണികൾ ഉൾക്കൊള്ളുമോ എന്നതാണ് മറ്റൊരു പ്രശ്നം. പാർട്ടിയുടെ നിഷ്പക്ഷ സ്വഭാവം നഷ്ടപ്പെട്ടെന്നും ഇത് ബി.ജെ.പിയിലേക്കുള്ള റിക്രൂട്ടിങ് ഏജൻസിയായി മാറിയെന്നും ആരോപിച്ച് നിരവധിപേർ പാർട്ടി വിടുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ രാജികൾ ഉണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2015ൽ എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ ഒരു ജീവകാരുണ്യ സംഘടനയായി പ്രവർത്തനം ആരംഭിച്ച ട്വന്റിട്വന്റി, ചുരുങ്ങിയ കാലയളവിനുള്ളിൽ രാഷ്ട്രീയ ശക്തിയായി വളർന്നത് കേരള രാഷ്ട്രീയത്തിലെ വേറിട്ട അടയാളപ്പെടുത്തലായിരുന്നു.
ജോസ് കെ. മാണി
ചർച്ചകൾ പലവഴിക്ക് നടന്നെങ്കിലും ഏറ്റവുമൊടുവിൽ എന്തുകാരണം ചൂണ്ടിക്കാട്ടി മുന്നണി വിടുമെന്ന റോഷിയുടെ ചോദ്യത്തിൽ കൃത്യമായ ഉത്തരം കണ്ടെത്താൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നതാണ് ജോസ് കെ. മാണിയുടെ നീക്കങ്ങളുടെ മുനയൊടിച്ചത്
പാതിവഴിയിൽ മുടങ്ങിയെങ്കിലും മാണികോൺഗ്രസിന്റെ യു.ഡി.എഫ് സ്വപ്നങ്ങൾ ആസന്നമായ തെരഞ്ഞെടുപ്പ് കാലത്ത് വലിയ ചർച്ചകൾക്കാണ് വേദിയായത്. മുന്നണി വിടാൻ ചെയർമാൻ ജോസ് കെ. മാണി കച്ചകെട്ടുകയും എന്നാൽ, പാർട്ടി മന്ത്രി റോഷി അഗസ്റ്റിനെ പിടിച്ചുനിർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ രംഗത്തിറങ്ങുകയും ചെയ്തതോടെ പിളർപ്പിന്റെ വക്കിലേക്ക് പാർട്ടി എത്തിയിരുന്നു. ഒടുവിൽ റോഷിയുടെ കടുംപിടിത്തത്തിന് ജോസ് കെ. മാണി വഴങ്ങിയതോടെയാണ് കൂടുമാറ്റ നീറ്റങ്ങൾക്ക് താൽക്കാലിക വിരാമമായത്. അങ്ങനെ പിളർന്നതിൽ ഒരു ഭാഗത്തെ സ്വീകരിക്കാൻ യു.ഡി.എഫ് താൽപര്യം കാട്ടിയതുമില്ല. മുന്നണി മാറ്റമെങ്കിൽ പാർട്ടി ഒരുമിച്ചെത്തണമെന്നതായിരുന്നു കോൺഗ്രസിന്റെയും ലൈൻ. ജോസിനെ അപേക്ഷിച്ച് മന്ത്രി എന്ന നിലയിൽ സംഘടനയിൽ ശക്തനാണ് റോഷി അഗസ്റ്റിൻ. അഞ്ചു തവണ നിയമസഭാംഗമായ അദ്ദേഹം, ഈ സാധ്യത ഉപേക്ഷിച്ച് അനിശ്ചിതത്വമുള്ള ഒരു മുന്നണി മാറ്റത്തിന് തയാറായിരുന്നില്ല. യു.ഡി.എഫ് സുരക്ഷിതമായ സീറ്റ് ജോസിന് വാഗ്ദാനം ചെയ്തെങ്കിലും മറ്റുള്ളവരുടെ കാര്യത്തിൽ ഒരുറപ്പുമുണ്ടായിരുന്നതുമില്ല.
ഏറ്റവുമൊടുവിൽ എന്തുകാരണം ചൂണ്ടിക്കാട്ടി മുന്നണി വിടുമെന്ന റോഷിയുടെ ചോദ്യത്തിൽ കൃത്യമായ ഉത്തരം കണ്ടെത്താൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നതാണ് ജോസ് കെ. മാണിയുടെ നീക്കങ്ങളുടെ മുനയൊടിച്ചത്. നിലവിൽ അഞ്ച് എം.എൽ.എമാർ പാർട്ടിക്കുണ്ട്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും രാജ്യസഭ എം.പി സ്ഥാനവും ഇടതുമുന്നണി നൽകിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹമായ പരിഗണനയും ലഭിച്ചു. ഇതെല്ലാമായിട്ടും അവഗണന എങ്ങനെ ചൂണ്ടിക്കാട്ടുമെന്നതാണ് റോഷി വിഭാഗം ഉന്നയിച്ചത്. 2020ൽ യു.ഡി.എഫ് വിടുന്നതിന് സമാനമല്ല സാഹചര്യമെന്നായിരുന്നു അന്തിമവിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ നില മെച്ചപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലുള്ള കോൺഗ്രസാകട്ടെ വലിയ സമ്മർദത്തിന് തയാറായതുമില്ല.
കെ. സുകുമാരൻ നായർ,
വെള്ളാപ്പള്ളി നടേശൻ
സമദൂരമാണെന്നും രാഷ്ട്രീയമില്ലെന്നും ആവർത്തിക്കുമ്പോഴും എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യ നീക്കത്തിന് പിന്നിൽ കൃതമായ രാഷ്ട്രീയ അജണ്ടയും ഉന്നം പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമാകുന്നു. സി.പി.എമ്മിന് ഭരണത്തുടർച്ച കിട്ടുമെന്നതിൽ വെള്ളാപ്പള്ളി പ്രതീക്ഷ പരസ്യമാക്കിയെങ്കിൽ തെരഞ്ഞെടുപ്പിൽ സതീശനെ മുൻനിർത്തിയാൽ ‘കാത്തിരുന്ന് കാണാ’മെന്ന മുന്നറിയിപ്പാണ് സുകുമാരൻ നായരിൽനിന്നുണ്ടായത്. ഇത് ഇരു സമുദായ നേതാക്കളുടെയും ഉദ്ദേശ ശുദ്ധി അടിവരയിടുന്നതായി. ഫലത്തിൽ ഈ നീക്കങ്ങളെല്ലാം സി.പി.എം സ്പോൺസേർഡ് എന്ന ആരോപണമുയർത്തുകയും ചെയ്തു.
ഐക്യനീക്കം മാത്രമല്ല, ഇരുവരും ഒരേ സ്വരത്തിൽ പ്രതിപക്ഷ നേതാവിനെതിരെ രംഗത്തുവരുന്നത് കേരള രാഷ്ട്രീയത്തിലെ അസാധാരണ സാഹചര്യമാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ രൂക്ഷമായ വിമർശനങ്ങൾ വലിയ ചർച്ചയായതിനു പിന്നാലെ ഇരുനേതാക്കളെയും സതീശനെതിരെ തുറന്നടിച്ച് രംഗത്തെത്തിയെന്നതും ശ്രദ്ധേയം. വെള്ളാപ്പള്ളി സതീശനെ ‘ഇന്നലെ പൂത്ത തകര’എന്നും ‘ഊളൻപാറയ്ക്ക് അയക്കേണ്ടവൻ’ എന്നും വിശേഷിപ്പിച്ചത് ഈ വിരോധത്തിന്റെ ആഴം വ്യക്തമാക്കുന്നു. നായാടി മുതൽ നമ്പൂതിരി വരെ എന്ന തന്റെ പഴയ മുദ്രാവാക്യം ‘നായാടി മുതൽ നസ്രാണി വരെ’ എന്നാക്കി വെള്ളാപ്പള്ളി പരിഷ്കരിച്ചതിന് പിന്നിലും കൃത്യമായ അജണ്ടയുണ്ട്. എസ്.എൻ.ഡി.പി-എൻ.എസ്.എസ് ഐക്യം കാലത്തിന്റെ അനിവാര്യതയെന്ന് പറയുമ്പോഴും എന്താണ് സാഹചര്യമെന്ന് നേതാക്കൾ വിശദീകരിക്കുന്നുമില്ല.
പ്രതിപക്ഷനേതാവിനെതിരെ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും ഒരേസമയം രൂക്ഷമായ കടന്നാക്രമണത്തിന് മുതിർന്നിട്ടും കോൺഗ്രസ് നേതാക്കൾ പ്രതിരോധത്തിന് മുതിരാഞ്ഞതും രാഷ്ട്രീയ കൗതുകം. കൃത്യമായ രാഷ്ട്രീയ അജണ്ടയോടെയുള്ള സമുദായ നേതാക്കളുടെ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും മുന്നിൽ സ്വന്തം പാർട്ടിയുടെ അമരക്കാരനെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് നേതാക്കൾ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് വിജയങ്ങളോടെ പ്രതിച്ഛായ വർധിപ്പിച്ച സതീശൻ പാർട്ടിക്കുള്ളിലെ അധികാര സമവാക്യങ്ങളിൽ നിർണായക സ്വാധീനമാകുന്നത് ഒരു വിഭാഗം നേതാക്കളെ അസ്വസ്ഥരാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.