കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കണമെന്ന ആഗ്രഹവും സീറ്റ് ലഭിക്കാത്തതിലെ നിരാശയും പരസ്യമാക്കി കെ. സുധാകരൻ എം.പി. പാർലമെന്റ് സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ ന്യൂഡൽഹിയിൽനിന്ന് കണ്ണൂരിൽ തിരിച്ചെത്തിയശേഷമാണ് സുധാകരൻ ഹൈക്കമാൻഡിനോടുള്ള നീരസം പ്രകടമാക്കിയത്.
കണ്ണൂർ എന്നത് തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ് എന്നും തന്റെ വിലാസമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കണ്ണൂരിലെ വീട്ടിൽ ഇദ്ദേഹത്തെ കാണാനും പിന്തുണക്കാനുമായി അണികളുമെത്തി.
‘‘കല്ലിൽനിന്നും കത്തിയിൽനിന്നും അരിവാളിൽനിന്നും ബോംബിൽനിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെയാണ് പ്രവർത്തകരെ കൊണ്ടുനടന്നത്. പൊരുതി സംരക്ഷിച്ച സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടുനിൽക്കാൻ ഒരിക്കലും സാധിക്കില്ല. ഉണരുമ്പോൾ കണ്ണിൽ തെളിയുന്നത് പാർട്ടിയുടെ സ്വപ്നങ്ങളാണ്. കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിയുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ സഹപ്രവർത്തകരാണ്. കണ്ണൂരിന്റെ മണ്ണിനുവേണ്ടി കോൺഗ്രസ് പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിലുണ്ടാകും. പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ വീടിനെയും വീട്ടുകാരെയും കുറിച്ച് ചിന്തിച്ചിട്ടില്ല’’ -സുധാകരൻ വ്യക്തമാക്കി. ഒപ്പം നടന്നവരെയും വളർത്തിവലുതാക്കിയശേഷം തിരിഞ്ഞുനോക്കാത്തവർക്കുനേരെയും ഒളിയമ്പും പോസ്റ്റിലുണ്ട്. തന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലെ ഓരോ നേതാക്കളും. കടന്നുവന്ന കനൽവഴികൾ ഒരുപക്ഷേ മറ്റുള്ളവർക്ക് മറക്കാനാകും, പക്ഷെ തനിക്കതൊന്നും മരണത്തിലും മറക്കാനാകില്ലെന്നും സുധാകരൻ ഓർമപ്പെടുത്തി.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുമ്പോൾ കണ്ണൂർ സീറ്റിൽ മത്സരിപ്പിച്ച് മന്ത്രിയാക്കാമെന്നാണ് ഉറപ്പുനൽകിയതെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.