കേരള ഹൈകോടതി
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ 16ാം പ്രതി തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈകോടതിയിൽ. രണ്ടു കേസുകളിലും ജാമ്യം അനുവദിച്ച ഫെബ്രുവരി 18ലെ കൊല്ലം വിജിലൻസ് കോടതി ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പിയാണ് ഹരജി നൽകിയത്. തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലുമില്ലെന്നതടക്കം വിജിലൻസ് കോടതി ഉത്തരവിലെ പരാമർശങ്ങൾ നീക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളിലെയും കട്ടിളപ്പടിയിലെയും സ്വർണം മോഷ്ടിച്ച സംഭവത്തിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നും അന്വേഷണത്തെ ബാധിക്കുന്ന നിരീക്ഷണങ്ങളാണ് ജാമ്യ ഉത്തരവിലുള്ളതെന്നും ഹരജിയിൽ പറഞ്ഞു. ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വികാരത്തെ മുറിപ്പെടുത്തിയ ഗുരുത സാമ്പത്തിക കുറ്റകൃത്യമാണിത്. തെളിവുകൾ വിലയിരുത്തുന്നതിൽ വിജിലൻസ് കോടതിക്ക് വീഴ്ചപറ്റിയെന്ന് ഹരജിയിൽ പറയുന്നു.
ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ കത്തിന് 2019 ജൂൺ 16ന് തന്ത്രി അനുകൂല മറുപടി നൽകിയതോടെയാണ് തട്ടിപ്പിന് വഴിയൊരുങ്ങിയത്. 42,800 ഗ്രാം തൂക്കം വരുന്ന സ്വർണപ്പാളികൾ ഇളക്കിമാറ്റി, ചെമ്പ് പാളികളാണെന്ന് മഹസറിൽ തെറ്റായി രേഖപ്പെടുത്തിയാണ് കൊണ്ടുപോയത്. മറ്റു പ്രതികൾക്കൊപ്പം ഇതിലൊക്കെ തന്ത്രിക്കും പങ്കുണ്ടെന്ന് ഹരജിയിൽ ആരോപിച്ചു. ഹരജി അടുത്തദിവസം കോടതിയുടെ പരിഗണനക്ക് വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.