പ്രിൻസിപ്പൽ നിയമനം: ഡയറക്ടറെ തള്ളിയും മലക്കം മറിഞ്ഞും സർക്കാർ

തിരുവനന്തപുരം: കോളജ് പ്രിൻസിപ്പൽ നിയമനത്തിനായി സെലക്ഷൻ കമ്മിറ്റിയും ഡി.പി.സിയും അംഗീകരിച്ച 43 പേരുടെ പട്ടിക അട്ടിമറിക്കാൻ ശ്രമം നടത്തിയ സർക്കാർ, ഒടുവിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ നടപടിയെ തള്ളിയും നിലപാട് മാറ്റിയും കോടതിയിൽ മലക്കം മറിഞ്ഞു.

അയോഗ്യരെ ഉൾപ്പെടുത്തിയുള്ള 76 പേരുടെ പട്ടികയിൽ നിന്ന് നിയമനത്തിനായിരുന്നു സർക്കാർ നീക്കം. ഇതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദു നടത്തിയ ഇടപെടലിന്‍റെ രേഖകൾ പുറത്തുവന്നത് സർക്കാറിനെ പ്രതിരോധത്തിലാക്കി. ഇതിനു പിന്നാലെ വ്യാഴാഴ്ച കേസ് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്‍റെ പരിഗണനക്ക് വന്നപ്പോൾ സർക്കാർ നിലപാട് മാറ്റിയുള്ള അപേക്ഷ സമർപ്പിക്കുകയായിരുന്നു.

കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി സെലക്ഷൻ നടപടികൾ വികലമാക്കിയെന്ന് സർക്കാർ ട്രൈബ്യൂണൽ മുമ്പാകെ ബോധിപ്പിച്ചു. സെലക്ഷൻ കമ്മിറ്റി മറ്റൊരു സബ് കമ്മിറ്റി രൂപവത്കരിച്ചെന്നും യോഗ്യരെന്ന് കണ്ടെത്തിയ പലരെയും സബ് കമ്മിറ്റി അയോഗ്യരാക്കിയെന്നും സർക്കാർ വാദിച്ചു.

എന്നാൽ, സബ് കമ്മിറ്റി രൂപവത്കരിച്ചെന്ന സർക്കാർ വാദം ശരിയല്ലെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ. ഫത്തഹുദ്ദീൻ ചൂണ്ടിക്കാട്ടി. സെലക്ഷൻ കമ്മിറ്റിയിലെ വിഷയ വിദഗ്ധരെ അപേക്ഷകരുടെ പ്രസിദ്ധീകരണങ്ങളുടെ സാധുത പരിശോധിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നെന്നും ഇത് സബ് കമ്മിറ്റി അല്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.

സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സണായ കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ നടപടിയെ സർക്കാർ തന്നെ കോടതിയിൽ തള്ളിപ്പറയുന്ന സാഹചര്യവുമുണ്ടായി. നേരത്തേ 76 പേരുടെ പട്ടികയിൽനിന്ന് നിയമനം നടത്താൻ കരുക്കൾ നീക്കിയ സർക്കാർ ഒടുവിൽ പുതിയ അപേക്ഷ ക്ഷണിച്ച് സെലക്ഷൻ നടപടി വേണമെന്ന് നിലപാട് മാറ്റുകയായിരുന്നു. ഇതാകട്ടെ 76 പേരുടെ പട്ടികയിൽനിന്ന് നിയമനം കാത്തിരുന്നവർക്ക് തിരിച്ചടിയുമായി.

43 പേരുടെ പട്ടികയിൽനിന്ന് രണ്ടാഴ്ചക്കകം താൽക്കാലിക നിയമനത്തിന് ഉത്തരവിട്ട ട്രൈബ്യൂണൽ, 2018ലെ യു.ജി.സി റെഗുലേഷൻ പ്രകാരം യോഗ്യരായ മുഴുവൻ പേരെയും പരിഗണിച്ച് പുതിയ നിയമന നടപടിക്കും ഉത്തരവ് നൽകി.

അതേസമയം, പുതിയ സെലക്ഷൻ നടത്തുമ്പോൾ കോളജ് ജേണലുകളിലും സെമിനാർ പ്രസീഡിങ്സിലും വന്ന പ്രസിദ്ധീകരണങ്ങൾ പരിഗണിച്ച് ആരെയെങ്കിലും ഉൾപ്പെടുത്തിയാൽ അവരുടെ നിയമനം ട്രൈബ്യൂണൽ മുമ്പാകെയുള്ള ഹരജിയുടെ തീർപ്പിന് വിധേയമായിരിക്കും. യു.ജി.സി റെഗുലേഷന് വിരുദ്ധമായി പ്രസിദ്ധീകരണങ്ങൾ പരിഗണിക്കാൻ സർക്കാർ ഇറക്കിയ ഉത്തരവുകൾ ചോദ്യംചെയ്തുള്ള ഹരജി ട്രൈബ്യൂണലിന്‍റെ പരിഗണനയിലാണ്.

Tags:    
News Summary - LDF Govt overturns in Principal appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.