കെ.ടി. ജലീൽ
മലപ്പുറം: കെ.ടി. ജലീൽ എം.എൽ.എയുടെ ഭാര്യ എം.പി. ഫാത്തിമക്കുട്ടിക്ക് വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമനം നൽകിയത് സീനിയോറിറ്റി മറികടന്നാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍. കോമേഴ്സ് വിഭാഗത്തിലെ വി.കെ. പ്രീത എന്ന അധ്യാപികയായിരുന്നു ചട്ടപ്രകാരം പ്രിന്‍സിപ്പലാകാന്‍ യോഗ്യയെന്നും അത് മറികടന്നാണ് എം.പി. ഫാത്തിമക്കുട്ടിയെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഫാത്തിമക്കുട്ടിക്കും വി.കെ. പ്രീതക്കും ഒരേ സീനിയോറിറ്റിയാണ് ഉണ്ടായിരുന്നത്. ഒരേ സീനിയോറിറ്റിയിലുള്ളവരാണെങ്കില്‍ പ്രായം പരിഗണിച്ചാണ് നിയമനം നടത്തേണ്ടത്. സീനിയോറിറ്റി പട്ടിക സ്‌കൂള്‍ മാനേജ്മെന്റ് തെറ്റായാണ് പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ വി.കെ. പ്രീത അടക്കമുള്ള അധ്യാപകര്‍ മാനേജർക്കും ആർ.ഡി.ഡിക്കും പരാതി നല്‍കിയിരുന്നെന്നും സിദ്ദീഖ് പന്താവൂര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, കോൺഗ്രസ് നേതാവിന്‍റെ ആരോപണത്തിന് മറുപടിയുമായി കെ.ടി. ജലീൽ എം.എൽ.എ രംഗത്തെത്തി. ആരോപണം പച്ചക്കള്ളമാണെന്ന് കെ.ടി. ജലീൽ എം.എൽ.എ പറഞ്ഞു. ഒമ്പതു വർഷം മുമ്പാണ് ഭാര്യ ഫാത്തിമക്കുട്ടി വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി നിയമിതയായത്.
സീനിയോറിറ്റി പരിഗണിച്ച് നിയമാനുസരണമാണ് സ്കൂൾ മാനേജർ ഫാത്തിമക്കുട്ടിയെ പ്രിൻസിപ്പലായി നിയമിച്ചത്. അതിനെതിരെ മറ്റൊരു അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരാതിക്കാരിയെയും മാനേജരെയും ആർ.ഡി.ഡി നേരിൽ കേട്ടു. പരാതി നിലനിൽക്കില്ലെന്നും ഫാത്തിമക്കുട്ടിക്ക് അപ്രൂവൽ നൽകാമെന്നും ആർ.ഡി.ഡി ഉത്തരവിട്ടു.
ഇതിൽ ഒരു ഘട്ടത്തിലും താൻ ഇടപെട്ടിട്ടില്ല. അന്ന് നിയമനം നൽകിയ സ്കൂൾ മാനേജിങ് കമ്മിറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. സംശയമുള്ളവർക്ക് അവരോട് ചോദിക്കാം. ഇക്കാര്യം ഖുർആനെ മുൻനിർത്തി എനിക്ക് സത്യം ചെയ്യാൻ കഴിയുമെന്നും കെ.ടി. ജലീൽ പറഞ്ഞു.
സെപ്റ്റംബർ ആറിന് നൽകിയ വാർത്താസമ്മേളനത്തിൽ തന്റെ മന്ത്രിസ്ഥാനം നഷ്ടമാക്കിയ ബന്ധു നിയമനത്തിൽ നിരപരാധിയാണെന്ന് കെ.ടി. ജലീൽ വ്യക്തമാക്കിയിരുന്നു. ബന്ധുനിയമനത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞ കെ.ടി. ജലീൽ, ഖുർആൻ ഉയർത്തിപ്പിടിച്ച് സത്യം ചെയ്യുകയും ചെയ്തു. ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജറായി ബന്ധുവായ കെ.ടി. അദീപിനെ നിയമിച്ചതാണ് ജലീലിനെതിരെ ഉയർന്ന ആരോപണം.
തനിക്കെതിരെ യൂത്ത്‍ലീഗ് നേതാവ് പി.കെ. ഫിറോസ് വ്യാജ പ്രചാരണമാണ് നടത്തിയത്. മക്കളുടെ വിവാഹത്തിന് ഭാര്യയുടെ കൈയിൽ നിന്ന് 11 ലക്ഷം രൂപയാണ് കടം വാങ്ങിയതെന്നും കെ.ടി. ജലീൽ പറഞ്ഞു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയ സമയത്ത് ഹൈകോടതി ജഡ്ജി ആയിരുന്നു സിറിയക് ജോസഫ്. സിറിയക് ജോസഫിനെ ലീഗ് നേതാക്കള്‍ സ്വാധീനിച്ചാണ് ബന്ധു നിയമനത്തില്‍ തനിക്കെതിരേ നടപടി എടുപ്പിച്ചത്. ലീഗ് നേതാക്കള്‍ സിറിയക് ജോസഫിനെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ജലീല്‍ ആരോപിച്ചു.
മുസ്‍ലിം ലീഗിന്റെ സെയിൽസ് മാനേജറാണ് പി.കെ. ഫിറോസ് എന്നാരോപിച്ച ജലീൽ, പാർട്ടി പദ്ധതികളുടെ മറവിൽ വൻ സാമ്പത്തിക തിരിമറിയാണ് നടത്തുന്നതെന്നും പറഞ്ഞു. ദോത്തി ചലഞ്ച് എന്ന പേരില്‍ 200 രൂപ പോലും ഇല്ലാത്ത മുണ്ട് അറുനൂറിലധികം രൂപക്കാണ് യൂത്ത് ലീഗ് നേതാക്കള്‍ വാങ്ങിയത്. വന്‍തട്ടിപ്പാണ് ഇതിലൂടെ നടന്നത്. യൂത്ത് ലീഗ് നേതാക്കള്‍ തന്നെയാണ് ഈ രേഖകളെല്ലാം തരുന്നതെന്നും കെ.ടി. ജലീൽ അവകാശപ്പെട്ടു.
ഫോർച്യൂൺ ഹൗസ് ജനറൽ എന്ന ദുബൈ കമ്പനിയുടെ മാനേജറാണ് പി.കെ. ഫിറോസ്. മാസം 5.25 ലക്ഷം രൂപയാണ് ഫിറോസിന്റെ ശമ്പളം. അതുമായി ബന്ധപ്പെട്ട രേഖകളും വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. 21-03-24 മുതല്‍ ഫിറോസ് ഈ ശമ്പളം വാങ്ങുന്നുണ്ട്. 2021ല്‍ മത്സരിക്കുമ്പോള്‍ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് ഫിറോസ് പറഞ്ഞിരുന്നു. ഇങ്ങനെ ബാധ്യതയുള്ളയാള്‍ക്ക് 2024 ആവുമ്പോഴേക്ക് എങ്ങനെ ഇത്ര ശമ്പളം വാങ്ങുന്ന ജോലി കിട്ടിയെന്നും ജലീല്‍ ചോദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.