സ്കൂൾ ഘടന മാറ്റത്തിൽ തീരുമാനമെടുക്കാതെ കേരളം; പാഠ്യപദ്ധതി പരിഷ്കരണത്തിൽ പ്രതിസന്ധിയാകും

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും ദേശീയ വിദ്യാഭ്യാസ നയത്തിൽ (എൻ.ഇ.പി) നിർദേശിച്ച സ്കൂൾ ഘടന മാറ്റത്തിൽ തീരുമാനമെടുക്കാതെ കേരളം. സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ നിലവിലുള്ള 10+2 ഘടന മാറ്റി 5+3+3+4 എന്ന ഘടനയാണ് കേന്ദ്രസർക്കാർ അംഗീകരിച്ച വിദ്യാഭ്യാസനയത്തിൽ നിർദേശിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് പ്രീ പ്രൈമറി വിദ്യാഭ്യാസം ഔപചാരിക സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായിട്ടില്ല. എന്നാൽ എൻ.ഇ.പി പ്രീ പ്രൈമറി വിദ്യാഭ്യാസം കൂടി സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കുന്നു. മൂന്ന് വർഷത്തെ പ്രീ പ്രൈമറി വിദ്യാഭ്യാസവും ഒന്നും രണ്ടും ക്ലാസുകളും ചേരുന്നതാണ് ഈ ഘടനയിലെ ആദ്യ അഞ്ച് വർഷം. മൂന്നാം ക്ലാസ് മുതൽ അഞ്ചാം വരെ അടുത്ത ഘട്ടവും ആറ് മുതൽ എട്ട് വരെ അടുത്ത ഘട്ടവുമാണ്.

ഒമ്പതാം ക്ലാസ് മുതൽ 12 വരെയുള്ള നാലാം ഘട്ടത്തിൽ വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ തെരഞ്ഞെടുക്കാവുന്ന വിധത്തിലാണ് എൻ.ഇ.പി വിഭാവനം ചെയ്യുന്നത്. സെക്കൻഡറി തലത്തിൽ ശാസ്ത്രവിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥിക്ക് താൽപര്യമുണ്ടെങ്കിൽ മാനവിക വിഷയങ്ങൾ പഠിക്കാൻ കഴിയണമെന്നും എൻ.ഇ.പി നിർദേശിക്കുന്നു. ഇതിനനുസൃതമായ പാഠ്യപദ്ധതി ചട്ടക്കൂടാണ് കേന്ദ്രം തയാറാക്കുന്നത്.

ഈ മാറ്റങ്ങളോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന് കേരളം ഇതുവരെ തീരുമാനിച്ചിട്ടില്ല. പാഠ്യപദ്ധതി പരിഷ്കരിക്കും മുമ്പ് എൻ.ഇ.പി സ്കൂൾ വിദ്യാഭ്യാസത്തിൽ നിർദേശിച്ച മാറ്റങ്ങളിൽ കൂടി സംസ്ഥാനത്തിന് തീരുമാനമെടുക്കേണ്ടിവരും. എൻ.ഇ.പി നിർദേശിക്കുന്ന മാറ്റങ്ങൾ ഇതിനകം കേന്ദ്ര ബോർഡുകളായ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പെടെ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരിക്കും മുമ്പ് ഈ ക്ലാസുകളിലെ പഠന രീതിയിൽ എൻ.ഇ.പി മുന്നോട്ടുവെക്കുന്ന മാറ്റങ്ങൾ പരിഗണിക്കേണ്ടിവരും.

അതേസമയം, വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുത്ത് പഠിക്കാൻ അവസരം നൽകുന്നതുവഴി നിലവിൽ കുട്ടികൾ പഠിക്കാൻ കുറവുള്ള വിഷയങ്ങൾ സ്കൂൾ തലത്തിൽ ഇല്ലാതാകുന്ന സാഹചര്യവും ഉണ്ടാകും. എൻ.ഇ.പിയിലെ ചില നിർദേശങ്ങൾക്ക് നേരെയുള്ള എതിർപ്പ് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാൽ രാജ്യമൊട്ടാകെ കൊണ്ടുവരുന്ന സ്കൂൾ ഘടന മാറ്റത്തിൽനിന്ന് കേരളത്തിന് മാറിനിൽക്കാനാകുമോ എന്നതും പ്രതിസന്ധിയാണ്.

Tags:    
News Summary - Kerala without decision on school structure change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.