കൊച്ചി: പൊതുജനങ്ങളോട് പൊലീസ് മോശമായി പെരുമാറുന്നത് സംബന്ധിച്ച പരാതികൾ പൊലീസ് ഉദ്യോഗസ്ഥർതന്നെ അന്വേഷിക്കുന്നതിനാൽ പലപ്പോഴും തെളിയിക്കാൻ കഴിയാറില്ലെന്ന് ഹൈകോടതി. പൊതുജനത്തോട് പൊലീസ് മോശമായ വാക്കുകൾ ഉപയോഗിക്കുന്നത് ഇനി അനുവദിക്കാനാവില്ല. ഇത് ഭരണഘടനക്കും മനഃസാക്ഷിക്കും ജനാധിപത്യത്തിനും എതിരാണ്. പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന നിർദേശം നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പി രണ്ടാഴ്ചക്കകം സമർപ്പിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
എടാ, എടീ വിളികൾ ഒഴിവാക്കി മാന്യമായ പെരുമാറ്റത്തിന് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരേത്ത ഒരു ഹരജിയിൽ കോടതി നിർദേശിച്ചിരുന്നു. തൃശൂർ ചേർപ്പ് സ്വദേശിയായ വ്യാപാരി ജെ.എസ്. അനിൽ നൽകിയ ഈ ഹരജി തീർപ്പാക്കിയാണ് പുതിയ ഉത്തരവ്. ചേർപ്പ് എസ്.ഐ കടയിൽ വന്ന് മോശമായി പെരുമാറിയെന്നായിരുന്നു ഹരജിക്കാരെൻറ പരാതി.
എടാ, എടീ, നീ എന്നൊക്കെ പൊലീസ് സേനാംഗങ്ങൾ സ്ഥിരമായി വിളിക്കാറുണ്ടെന്ന് കോടതി ഉത്തരവിൽ പറയുന്നു. കൊളോണിയൽ കാലത്തെ കീഴടക്കൽ തന്ത്രങ്ങളുടെ ഭാഗമാണിത്. അതിെൻറ അവശേഷിപ്പാണ് പൊലീസിൽ ഇപ്പോഴുമുള്ളത്. 21ാം നൂറ്റാണ്ടിൽ ഇത്തരം പെരുമാറ്റങ്ങൾക്ക് പ്രസക്തിയില്ല. പൊതുജന സുരക്ഷ മുൻനിർത്തി കോവിഡ് നിയന്ത്രണം നടപ്പാക്കുമ്പോൾപോലും ഇത്തരം പെരുമാറ്റം സംബന്ധിച്ച് പരാതിയുണ്ട്. ഒറ്റപ്പെട്ട സംഭവമല്ല ഇത്.
ബാബു സിദ്ദീഖ് കേസിലെ ഹൈകോടതി വിധിയെത്തുടർന്ന് ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് 2018 നവംബർ 30ന് ഡി.ജി.പി സർക്കുലർ ഇറക്കിയിരുന്നു. ഇൗ നടപടി അഭിനന്ദനാർഹമാണെങ്കിലും മൂന്നു വർഷം പിന്നിട്ടിട്ടും പൊലീസിെൻറ മോശം പെരുമാറ്റം സംബന്ധിച്ച പരാതികൾ ഇപ്പോഴും കോടതിയിലെത്തുന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു.
ചേർപ്പ് എസ്.ഐക്കെതിരായ പരാതിയിൽ സ്വീകരിച്ച നടപടി വ്യക്തമാക്കി സർക്കാർ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഇൗ ഹരജി തീർപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.