നേമത്തെ എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയുടെ റോഡ് ഷോ പാപ്പനംകോട് എത്തിയപ്പോൾ
തിരുവനന്തപുരം: അരയും തലയും മറുക്കി ശക്തമായ മത്സരത്തിന് വേദിയാകുന്ന തലസ്ഥാന ജില്ലയിൽ മൂന്നുമുന്നണികളും നേരിടേണ്ടി വരിക കടുത്തപോരാട്ടം. 2021ൽ മൃഗീയഭൂരിപക്ഷത്തിൽ ജില്ല കൈയടക്കിയ എൽ.ഡി.എഫിന് ഇക്കുറി പല മണ്ഡലങ്ങളും കടുക്കും. സർക്കാർ വിരുദ്ധവികാരം പരമാവധി പ്രയേജനപ്പെടുത്തി ജയിച്ചുകയറാൻ പരമാവധി പ്രചാരണം കടുപ്പിക്കാൻ ഒരുങ്ങുകയാണ് യു.ഡി.എഫും ബി.ജെ.പിയും. 2021ൽ ജില്ലയിൽ ആകെയുള്ള 14 സീറ്റിൽ 13 എണ്ണത്തിലും എൽ.ഡി.എഫ് വിജയക്കൊടി പാറിച്ചു. ഒരിടത്ത് മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. അത് എം. വിൻസെന്റിന്റെ കോവളം മണ്ഡലത്തിലെ ജയമാണ്.
ചിറയിൻകീഴ്, ആറ്റിങ്ങൽ, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം (സെൻട്രൽ), നെയ്യാറ്റിൻകര, പാറശ്ശാല, കോവളം, വർക്കല, നേമം, കാട്ടാക്കട എന്നീ മണ്ഡലങ്ങളാണ് ജില്ലയിൽ വരുന്നത്. അതിൽ സി.പി.എം പത്തിടത്തും രണ്ടിടത്ത് സി.പി.ഐയും ഒരിടത്ത് ജനാധിപത്യ കേരള കോൺഗ്രസും ഒരിടത്ത് യു.ഡി.എഫ് എം.എൽ.എമാരുമാണ് ഉള്ളത്.
അതേസമയം, 2024 ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ രണ്ട് ലോക്സഭ മണ്ഡലങ്ങളിലും യു.ഡി.എഫ് മികച്ച വിജയം കൊയ്തു. ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭ മണ്ഡലങ്ങളാണ് അവ. 2025 ലെ തദ്ദേശതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എൽ.ഡി.എഫിന് തന്നെയാണ് മുൻതൂക്കം എന്നുപറയാം. എന്നാൽ, മുൻകാലങ്ങളെ അപേക്ഷിച്ച് യു.ഡി.എഫ് സ്ഥിതി കാര്യമായി മെച്ചപ്പെടുത്തി. ഒപ്പം ബി.ജെ.പി ചരിത്രത്തിലാദ്യമായി കോർപറേഷൻ ഭരണവും പിടിച്ചു. അപ്പോൾ മൂന്നുമുന്നണികളും ശക്തിദുർഗങ്ങളയി തുടരുന്ന ജില്ലയാണ് തിരുവനന്തപുരം. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ, കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ ബി.ജെ.പി രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു.
എന്നാൽ, തദ്ദേശതെരഞ്ഞെടുപ്പിൽ കോർപറേഷൻ മേഖലയൊഴികെ മറ്റ് ഗ്രാമീണമേഖലകളിൽ ബി.ജെ.പി നില വളരെ പരിതാപകരമായിരുന്നു. ഇത് ബി.ജെ.പിക്ക് വലിയ നെഞ്ചിടിപ്പാണ് ഉണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ 101 വാർഡുകളുള്ള കോർപറേഷനിൽ 29 ഇടത്താണ് എൽ.ഡി.എഫിന് വിജയിക്കാനായത്. 20 ഇടത്ത് യു.ഡി.എഫും രണ്ട് സ്വതന്ത്രന്മാരും വിജയിച്ചു. ഇവിടെ ഒറ്റക്ക് 50 സീറ്റ് നേടിയാണ് ബി.ജെ.പി കോർപറേഷൻ ഭരണം പിടിച്ചത്.
നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല എന്നീ നാല് മുനിസിപ്പാലിറ്റികളും എൽ.ഡി.എഫ് തന്നെ നിലനിർത്തുകയും ചെയ്തു. ജില്ല പഞ്ചായത്തിന് കീഴിൽ വരുന്ന 28 ഡിവിഷനിൽ 15 ഇടത്ത് എൽ.ഡി.എഫും 13 ഇടത്ത് യു.ഡി.എഫും വിജയിച്ചു. ഗ്രാമപഞ്ചായത്തുകളിൽ 36 ഇടത്ത് എൽ.ഡി.എഫും 25 ഇടത്ത് യു.ഡി.എഫും ആറിടത്ത് ബി.ജെ.പിയും ഭരണം കൈയാളുന്നു. ബ്ലോക്ക് പഞ്ചായത്തുകളിലാണെങ്കിൽ ആറിടത്ത് എൽ.ഡി.എഫും അഞ്ചിടത്ത് യു.ഡി.എഫും ഭരണസാരഥ്യം വഹിക്കുന്നു. മണ്ഡലത്തിലെ മാറിമറിയുന്ന സമവാക്യങ്ങൾ മൂന്ന് മുന്നണികൾക്കും വലിയ ബലപരീക്ഷണം കൂടിയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ സി.പി.ഐയും സി.പി.എമ്മും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, 24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥിപട്ടിക വരുമെന്ന് കോൺഗ്രസ്, രണ്ട് ദിവസത്തിനകം ചിത്രം തെളിയുമെന്ന് ബി.ജെ.പി... വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലത്തേക്കാണ് സംസ്ഥാനം.
പ്രചാരണാവേശം ജനങ്ങളിലേക്കെത്തിച്ച തലസ്ഥാനത്ത് ഇടതു സ്ഥാനാർഥികളുടെ റോഡ്ഷോ. സി.പി.എം സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ വട്ടിയൂർകാവ് സ്ഥാനാർഥി വി.കെ. പ്രശാന്തിന്റെ റോഡ്ഷോ എ.കെ.ജി സെന്ററിൽ നിന്നാരംഭിച്ചു. ചുവപ്പ് ബലൂണുകൾ അന്തരീക്ഷത്തിലേക്ക് ഉയർന്നതിനു പിന്നാലെ താളമേളത്തിന്റെ അകമ്പടിയോടെ റോഡ് ഷോ തുടങ്ങി. മന്ത്രി വി. ശിവൻകുട്ടിയും മണഡലത്തിൽ റോഡ് ഷോ നടത്തി. തൊട്ടുപിന്നാലെ ഓരോ മണ്ഡലങ്ങളിലും സി.പി.ഐ, സി.പി.എം സ്ഥാനാർഥികൾ റോഡ്ഷോയുമായി ജനങ്ങൾക്കരികിലെത്തി.
ഇടത് സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ ശക്തരായ എതിരാളികളെ തന്നെ രംഗത്തിറക്കാനാണ് യു.ഡി.എഫ് ക്യാമ്പ്. ഓരോ മണ്ഡലത്തിലും ആരൊക്കെയാണ് സ്ഥാനാർഥികൾ എന്നതിൽ വ്യക്തത വന്നിട്ടുണ്ട്. വരുന്ന മണിക്കൂറിനുള്ളിൽ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും. സ്ഥാനാർഥിത്വം ഉറപ്പാക്കിയവരിൽ പലരും പ്രചാരണത്തിന്റെ ഭാഗമായി മതിലുകൾ ഉൾപ്പടെ വെള്ള പൂശി ബുക്ക് ചെയ്ത് കൈ ചിഹ്നവും വരച്ചു.
ബി.ജെ.പി ക്യാമ്പിലും സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ജില്ലയിൽ കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന പല മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർഥികളെയാണ് രംഗത്തിറക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ രാഷ്ട്രീയ പാർട്ടികളുടെ ക്യാമ്പിൽ അണികളുടെ കൂട്ടം വർധിച്ചു. ഞായറാഴ്ച വൈകീട്ടോടെ പല പാർട്ടി ക്യാമ്പുകളും സജീവമായി.
ഇനിയുള്ള ദിവസങ്ങൾ വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന്റേതാണ്. കൊണ്ടും കൊടുത്തും മുന്നണികൾ മുന്നേറുമ്പോൾ അന്തിമ വിജയം ആർക്കൊപ്പമെന്നതിൽ ജനങ്ങളുടെ ശക്തി തെളിയിക്കുന്ന നാളുകളാണ് ഇനി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.