കൊച്ചി: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ വിചാരണ കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ സർക്കാറിന് ഹൈകോടതിയുടെ നോട്ടീസ്. നിലവിലെ പ്രോസിക്യുട്ടറെ മാറ്റി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നടക്കം ആവശ്യപ്പെട്ട് ബഷീറിന്റെ ഭാര്യ സി. ജസീല നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്. ഒരാഴ്ചക്കകം വിശദീകരണം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി -ഒന്നിൽ നിശ്ചയിച്ചിരുന്ന വിചാരണ ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകൻ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിൽ നാലാം കോടതിയിലേക്ക് മാറ്റിയ നടപടി ചോദ്യം ചെയ്താണ് ഹരജി. ഇത്തരം കാരണങ്ങൾ കൊണ്ട് കോടതി മാറ്റം സാധ്യമല്ലെന്നും ഹരജിക്കാരന്റെ ആവശ്യ പ്രകാരം മാറ്റിയ കോടതിയിലെ വിചാരണ നടപടികളിൽ പ്രതീക്ഷയില്ലെന്നും ഹരജിയിൽ പറയുന്നു.
തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിനെതിരായ ഹരജിയിൽ കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനടക്കം എതിർകക്ഷികളാണ്. നൂറോളം സാക്ഷികളുള്ള ഗൗരവമേറിയ കേസ് കൈകാര്യം ചെയ്യാനുള്ള പരിചയ സമ്പത്ത് നിലവിലെ പ്രോസിക്യൂട്ടർക്ക് ഇല്ലെന്നാണ് മറ്റൊരു വാദം. പ്രോസിക്യൂഷൻ അല്ലാതെ തങ്ങൾ സ്വന്തമായി അഭിഭാഷകനെ വെച്ചിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.