തിരുവനന്തപുരം: നാല് വർഷത്തെ ഇടവേളക്കുശേഷം വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ചിന് അനുമതി. ഔട്ടർ ആങ്കറേജിങ് സൗകര്യമുള്ള രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും ക്രൂ ചെയ്ഞ്ച് അനുവദിച്ച് ഉത്തരവിറക്കിയതോടെയാണിത്. സുരക്ഷ, സമയം, ഫീസ് തുടങ്ങിയ നിയന്ത്രണങ്ങളുൾപ്പെടെ നിരവധി ഭേദഗതികളോടെയാണ് ഉത്തരവ്. ക്രൂ ചെയ്ഞ്ച് ആരംഭിക്കുന്നതോടെ സർക്കാറിന് വീണ്ടും കോടികളുടെ വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. തുറമുഖത്തിന് ഏറ്റവുമടുത്താണ് വിമാനത്താവളമെന്നതാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത.
കോവിഡ് കാലത്തെ നിയന്ത്രണങ്ങളുടെ ഭാഗമായി മറ്റ് തുറമുഖങ്ങൾ അടച്ചപ്പോൾ വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിങ് നടത്തിയിരുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്ന് ഷിപ്പിങ് ഏജൻസികൾ വിഴിഞ്ഞത്ത് ചെയ്ഞ്ചിങ്ങിനായി കപ്പലുകൾ അടുപ്പിച്ചു. പുറംകടലില്‍നിന്ന് കപ്പല്‍ ജീവനക്കാരെ ഇറക്കാനും കയറ്റാനും ടഗാണ് ഉപയോഗിച്ചത്.
2020-’22 കാലയളവിൽ 736 മദർ വെസലുകളും സൂപ്പർ ടാങ്കറുകളും ഇവിടെ ക്രൂ ചെയ്ഞ്ചിനായി അടുത്തിരുന്നു. ഇതോടെ സംസ്ഥാന സർക്കാർ വിഴിഞ്ഞം തുറമുഖത്തിന് രാജ്യാന്തര ക്രൂ ചെയ്ഞ്ച് ആൻഡ് ബങ്കറിങ് പദവി നൽകിയിരുന്നു. രണ്ടുവർഷം 12,500 ജീവനക്കാർ ക്രൂചെയ്ഞ്ച് നടത്തി. പിന്നീട് നിയമനടപടികളിൽപെട്ട് ഇത് അവസാനിക്കുകയായിരുന്നു. നിലവിൽ തുറമുഖത്തിന്റെ വരുമാനത്തിനൊപ്പം ക്രൂ ചേഞ്ചിലൂടെയും വരുമാനം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ആഗസ്റ്റ് 18ന് വിഴിഞ്ഞത്തുനിന്ന് സമ്പൂർണ ചരക്ക് നീക്കം ആരംഭിക്കും.
ക്രൂ ചെയ്ഞ്ചിങ് എന്നാൽ
കപ്പലുകളിലെ ജീവനക്കാരെ (നാവികരെ) മാറ്റുന്ന പ്രക്രിയയാണ് ക്രൂ ചെയ്ഞ്ചിങ്. ഡ്യൂട്ടി കാലാവധി കഴിഞ്ഞ ജീവനക്കാരെ കരയിലിറക്കുകയും പുതിയ ആളുകളെ കപ്പലിൽ കയറ്റുകയും ചെയ്യും. ഇതിനായി കപ്പൽ ജീവനക്കാർ പാസ്പോർട്ട്, സീമാൻസ് ബുക്ക്, മെഡിക്കൽ സർട്ടിഫിക്കറ്റ്, വിസ എന്നിവ കൈവശം വെക്കണം. കപ്പൽ സേവനങ്ങൾ വഴിയുള്ള വരുമാനവും അനുബന്ധ മേഖലകളിലെ തൊഴിൽ അവസരങ്ങളും മൂലം തീരദേശത്തിന്റെ വരുമാനം ഇതിലൂടെ വർധിക്കും. പ്രധാന അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവും അടുത്ത് വിഴിഞ്ഞം സ്ഥിതിചെയ്യുന്നതിനാൽ കപ്പലുകൾക്ക് വഴിമാറി സഞ്ചരിക്കാതെ കുറഞ്ഞ സമയത്തിനുള്ളിൽ ജീവനക്കാരെ മാറ്റാമെന്നത് വലിയ നേട്ടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.