തിരുവനന്തപുരം: നയപരമായ മുഖംതിരിക്കലുകൾക്കും നിർവഹണ മാതൃകയിലുണ്ടായ വീഴ്ചകൾക്കുമൊടുവിൽ കഞ്ചിക്കോട്ടെ റെയിൽവേ കോച്ച് ഫാക്ടറിക്കായി സ്ഥാപിച്ച തറക്കല്ല് ഇനി കേന്ദ്രാവഗണനയുടെ നിത്യസ്മാരകം. നാല് പതിറ്റാണ്ടിലേറെയായി കേരളം കാത്തിരുന്ന സ്വപ്ന പദ്ധതി യാഥാർഥ്യമാകില്ലെന്ന വിവരം രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പി. ഉന്നയിച്ച ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയിലൂടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് സ്ഥിരീകരിച്ചത്.
റെയിൽവേയുടെ ഭാവി ആവശ്യങ്ങൾ നിറവേറ്റാൻ നിലവിലുള്ള ഉൽപ്പാദന യൂണിറ്റുകൾ തന്നെ പര്യാപ്തമാണെന്നും അതിനാൽ പുതിയ കോച്ച് ഫാക്ടറിയുടെ ആവശ്യമില്ലെന്നുമാണ് കേന്ദ്ര നിലപാട്. ഉത്തർപ്രദേശിലെ റായ്ബറേലി, പശ്ചിമ ബംഗാളിലെ കാഞ്ചപ്ര, ഹരിയാനയിലെ സോനിപത്ത്, തമിഴ്നാട്ടിലെ ഐ.സി.എഫ് ചെന്നൈ, പഞ്ചാബിലെ കപൂർത്തല എന്നീ കേന്ദ്രങ്ങളിൽ നിലവിലുള്ള നിർമ്മാണ യൂണിറ്റുകൾ രാജ്യത്തിനാവശ്യമായ റോളിങ് സ്റ്റോക്ക് ലഭ്യമാക്കുന്നുണ്ടെന്ന് റെയിൽവേ വ്യക്തമാക്കുന്നു. എന്നാൽ, ഇവയിൽ പലതും കഞ്ചിക്കോട്ടെ പ്രഖ്യാപനത്തിനും തറക്കല്ലിടീലിനും ശേഷം യാഥാർഥ്യമായതാണെന്നത് കേരളത്തോടുള്ള റെയിൽവേ സമീപനത്തിലെ പക്ഷപാതം അടിവരയിടുന്നു.
കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയുടെ സ്വപ്നങ്ങളും ചരിത്രവും 1980കളുടെ ആദ്യ പകുതി മുതൽ തുടങ്ങുന്നതാണ്. രണ്ട് വട്ടം പ്രഖ്യാപിക്കപ്പെടുകയും പിന്നീട് രാഷ്ട്രീയ-ഭരണപരമായ മാറ്റങ്ങളാൽ തടസ്സപ്പെടുകയും ചെയ്ത പദ്ധതിക്കാണ് ഇപ്പോൾ കേന്ദ്രം അവസാന ആണിയുമടിച്ചത്. 1982ൽ കോട്ടമൈതാനത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ കേരളത്തിനായി ഒരു റെയിൽ കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. എന്നാൽ, 1984ൽ ഇന്ദിരാഗാന്ധിയുടെ വധവും പിന്നാലെയുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും കാരണം പഴയ പ്രഖ്യാപനം അനാഥമായി. പിന്നാലെ, കോച്ച് ഫാക്ടറി പദ്ധതി കേരളത്തിൽ നിന്ന് പഞ്ചാബിലെ കപൂർത്തലയിലേക്ക് മാറ്റപ്പെട്ടു. 1985ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി 423 കോടി ചെലവ് പ്രതീക്ഷിച്ച കപൂർത്തല പ്രോജക്ടിന് തറക്കല്ലിട്ടതോടെ കേരളത്തിന്റെ ആദ്യ ഘട്ട പ്രതീക്ഷകൾ അസ്തമിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷം, 2008-09 റെയിൽവേ ബജറ്റിൽ അന്നത്തെ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി പുനരുജ്ജീവിപ്പിച്ചത്. പ്രതിവർഷം 600 കോച്ചുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള, 1,215 കോടിയിലധികം നിക്ഷേപം പ്രതീക്ഷിച്ച വലിയൊരു വ്യാവസായിക സംരംഭമായാണ് ഇത് വിഭാവനം ചെയ്യപ്പെട്ടത്. വി. എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുകയും തുടർന്ന് വന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നഷ്ടപരിഹാരം നൽകി 239 ഏക്കർ വരെ ഭൂമി ഏറ്റെടുക്കുകയും ചെയ്തു. 2012 ഫെബ്രുവരിയിൽ അന്നത്തെ കേന്ദ്ര റെയിൽവേ മന്ത്രി ദിനേശ് ത്രിവേദി, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ പദ്ധതിയുടെ തറക്കല്ലുമിട്ടു.
കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാർഥ്യമാകാതിരുന്നതിന് പ്രധാനമായും പദ്ധതി നിർവ്വഹണ മാതൃകയിലുണ്ടായ വീഴ്ചകളും നയപരമായ മുൻഗണനാ മാറ്റങ്ങളുമാണ് കാരണം. 2012-13 റെയിൽവേ ബജറ്റിൽ പദ്ധതി നിർവഹണത്തിനായി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക റെയിൽവേ മന്ത്രാലയം നിർദ്ദേശിക്കുകയുണ്ടായി. ഇതിനായി 2013 സെപ്റ്റംബറിൽ ക്വാട്ടേഷൻ ക്ഷണിച്ചെങ്കിലും ഒരൊറ്റ സ്വകാര്യ കമ്പനിപോലും നിക്ഷേപത്തിന് മുന്നോട്ടുവന്നില്ല.
റെയിൽവേ കോച്ച് നിർമാണത്തിലെ കടുത്ത സാമ്പത്തിക ഭാരവും ഉൽപ്പാദിപ്പിക്കുന്ന കോച്ചുകൾ പൂർണമായി വാങ്ങുമെന്ന് റെയിൽവേ ഉറപ്പ് നൽകാതിരുന്നതുമാണ് സ്വകാര്യ മേഖലയെ ഇതിൽ നിന്ന് അകറ്റിയത്. ബിസിനസ് മാതൃക പുന:പരിശോധിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ബദൽ സാമ്പത്തിക മാതൃകകൾ കണ്ടെത്താൻ റെയിൽവേ തയ്യാറായില്ല.
ഇതോടൊപ്പം റെയിൽവേ മന്ത്രാലയത്തിന്റെ മുൻഗണനകളിൽ വന്ന മാറ്റവും പദ്ധതിയെ സാരമായി ബാധിച്ചു. കഞ്ചിക്കോടിനൊപ്പം പ്രഖ്യാപിക്കപ്പെടുകയോ അതിനുശേഷം കൊണ്ടുവരികയോ ചെയ്ത ഉത്തർപ്രദേശിലെ റായ്ബറേലി മോഡേൺ റെയിൽ കോച്ച് ഫാക്ടറി, പശ്ചിമ ബംഗാളിലെ കാഞ്ചപ്ര റെയിൽ കോച്ച് ഫാക്ടറി, ഹരിയാനയിലെ സോനിപത്ത് കോച്ച് ഫാക്ടറി എന്നിവക്ക് കേന്ദ്ര ബജറ്റിൽ നിന്ന് നേരിട്ട് വൻതോതിൽ ഫണ്ട് അനുവദിക്കുകയും അവ പൂർണ സജ്ജമാവുകയും ചെയ്തു.
2018ൽ പ്രഖ്യാപിക്കപ്പെട്ട മഹാരാഷ്ട്രയിലെ ലാതൂർ മറാഠ്വാഡ റെയിൽ കോച്ച് ഫാക്ടറിക്ക് റെയിൽവേ മന്ത്രാലയം നേരിട്ട് തുക വകയിരുത്തുകയും അതിവേഗത്തിൽ നിർമ്മാണം പൂർത്തിയാക്കി വന്ദേ ഭാരത് ട്രെയിൻ റേക്കുകളുടെ ഉൽപ്പാദനത്തിനായി സജ്ജമാക്കുകയും ചെയ്തു.
പദ്ധതി ഉപേക്ഷിച്ചതിലൂടെ കേരളത്തിന് നേരിട്ട് നഷ്ടമായത് 1,215 കോടിയിലധികം വരുന്ന കേന്ദ്ര മൂലധന നിക്ഷേപമാണ്. ഇതിലൂടെ പാലക്കാട്-കഞ്ചിക്കോട് വ്യാവസായിക മേഖലയിൽ പ്രത്യക്ഷമായും പരോക്ഷമായും രൂപപ്പെടേണ്ടിയിരുന്ന പതിനായിരത്തോളം തൊഴിലവസരങ്ങൾ പൂർണ്ണമായും ഇല്ലാതായി. കഞ്ചിക്കോടിനെ ഒരു വ്യവസായ നഗരമാക്കി മാറ്റാൻ പോന്ന ഈ അനുബന്ധ വ്യവസായ ശൃംഖലയുടെ വികസനം പദ്ധതിയുടെ റദ്ദാക്കലോടെ പൂർണ്ണമായും നിലച്ചു.
പാലക്കാട് കഞ്ചിക്കോട്ടെ പ്രധാന വ്യവസായ ബെൽറ്റിൽ പെട്ട 228 ഏക്കർ ഭൂമി കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി റെയിൽവേയുടെ കൈവശത്തിൽ യാതൊരു വിനിയോഗവുമില്ലാതെ കിടക്കുകയാണ്. മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാമായിരുന്ന ഈ ഭൂമി വെറുതെയിടുന്നത് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന നഷ്ടം വലുതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.