വെള്ളത്തിൽ മുങ്ങിയ അപ്പർകുട്ടനാട്. ചക്കുളത്തുകാവ് ക്ഷേത്ര പരിസരത്തുനിന്നുള്ള ദൃശ്യം
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ മുഖ്യമന്ത്രി, സർക്കാർ ഒപ്പമുണ്ടാകുമെന്നും ദുരിതബാധിതർക്കായി സാധ്യമായതെല്ലാം ചെയ്യുമെന്നും ഉറപ്പു നൽകി. ക്യാമ്പുകളിൽ ഒരു കുറവുമുണ്ടാകില്ലെന്നും ഇതിനാവശ്യമായ നിർദേശം ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.
ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ ജില്ലയിൽ എത്തിയ മുഖ്യമന്ത്രി കോഴഞ്ചേരിയിലെ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രി പി.സി. വിഷ്ണുനാഥ്, എം.എൽ.എമാരായ അബിൻ വർക്കി, സി.വി. ശാന്തകുമാർ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ജില്ലയിലെ സാചര്യങ്ങൾ വിലയിരുത്തി. തുടർന്ന് ആറന്മുള പരമൂട്ടിൽപടിയിൽ വെള്ളത്തിൽമുങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു.
പിന്നീട് മിന്നൽ പ്രളയം നാശം വിതച്ച റാന്നിയിൽ എത്തി. എം.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന യോഗത്തിൽ നാശനഷ്ടം നേരിട്ട വ്യാപാരികളിൽ നിന്ന് മുഖ്യമന്ത്രി നിവേദനം സ്വീകരിച്ചു. റാന്നിയിലെ വ്യാപാരികളുടെ വിഷയത്തിൽ സർക്കാറിന്റെ പ്രത്യേക ശ്രദ്ധ ആവശ്യപ്പെട്ട് എം.എൽ.എ പഴകുളം മധു പ്രേത്യകമായും മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വ്യാപാരികളുടെ വിഷയം ചർച്ച ചെയ്ത് സഹായം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തുടർന്ന് പ്രളയം രൂക്ഷമായി തുടരുന്ന തിരുവല്ല തിരുമൂലപുരത്ത് പ്രവർത്തിക്കുന്ന ക്യാമ്പിലെ ദുരിതബാധിതരെ കണ്ട് ആശ്വസിപ്പിച്ചാണ് മടങ്ങിയത്. പ്രളയബാധിതരെ കാണാൻ എത്താതെ വിരുന്നിന് പോയെന്ന വിമർശനത്തിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. പ്രളയം അറിഞ്ഞപ്പോൾ തന്നെ മന്ത്രിമാരെ ജില്ലകളിലേക്കു അയച്ചുവെന്നും ആവശ്യത്തിന് പണം അനുവദിച്ചുവെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയ മുഖ്യമന്ത്രി, സി.പി.എം പറയുന്നതനുസരിച്ച് പോകാൻ കഴിയില്ലെന്നും പറഞ്ഞു.
പത്തനംതിട്ട: ജലസംഭരണ ശേഷി കുറച്ച് സംസ്ഥാനത്തെ നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ അടിയന്തര നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജില്ലയിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ടിയിരുന്ന ഇത്തരം നടപടികൾ ഉണ്ടാകാതെ പോയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. ഇക്കാര്യത്തിൽ പത്തനംതിട്ട ജില്ലക്ക് മുൻഗണന നൽകും. കാർഷിക നാശത്തിനുള്ള നഷ്ടപരിഹാരം ഉയർത്തുമെന്നും ഇക്കാര്യത്തിൽ ബുധനാഴ്ചത്തെ മന്ത്രിസഭ യോഗം തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യാപാരികൾക്ക് നൽകേണ്ട സഹായവും ഇന്ന് തീരുമാനിക്കും.
മറ്റ് ഏജൻസികളുടെയും സഹകരണത്തോടെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച ദുരന്ത മുന്നറിയിപ്പ് സംവിധാനം സംസ്ഥാനത്ത് ഉണ്ടാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ്. പൈലറ്റ് പ്രോജക്ട് പത്തനംതിട്ടയിലായിരിക്കും. അതിതീവ്ര മഴയാണ് പത്തനംതിട്ടയിൽ ദുരന്തത്തിന് ആക്കം കൂട്ടിയത്. ആളുകളെ മാറ്റാൻ പോലും സമയം കിട്ടിയില്ല. വനത്തിൽ ഉരുൾപൊട്ടലുണ്ടായി. രക്ഷാപ്രവർത്തനങ്ങൾക്കായി രണ്ട് ഹെലികോപ്റ്ററുകൾ സജ്ജമാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കുറവുകളുണ്ടാകാതിരിക്കാൻ ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.