കാസർകോട്: സർവിസ് മുടക്കത്തിന് പിന്നാലെ വോട്ടെടുപ്പുദിനത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഡിപ്പോയിൽ. ചുരുക്കം ബസുകൾ മാത്രമാണ് വ്യാഴാഴ്ച സർവിസ് നടത്തിയത്. ഇതുമൂലം യാത്രക്കാർ വലഞ്ഞു.
ബസുകൾ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഏറ്റെടുത്തതും ഡ്രൈവർമാരുടെ കുറവുമാണ് യാത്രക്കാരെ പെരുവഴിയിലാക്കിയത്. കാസർകോട് ഡിപ്പോയിൽനിന്ന് ഡ്രൈവർമാരുടെ കുറവുമൂലം ഓരോ ദിവസവും 15 മുതൽ 20 സർവിസ് വരെ മുടങ്ങുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിലേറെയും കാസർകോട്-മംഗളൂരു, കാസർകോട്- സുള്ള്യ റൂട്ടുകളിൽ ഓടുന്നവയാണ്. ഇത് കെ.എസ്.ആർ.ടി.സി ബസിനെ ആശ്രയിക്കുന്ന യാത്രക്കാരെ വല്ലാതെ കുഴക്കുന്നുമുണ്ട്. മുൻകൂട്ടി അറിയിപ്പില്ലാത്തതെ ബസ് സർവിസ് റദ്ദാക്കുന്നതാണ് യാത്രക്കാരെ പെരുവഴിയിലാക്കുന്നത്.
നിലവിൽ കാസർകോട്- കാഞ്ഞങ്ങാട് ഡിപ്പോകളിൽ 40 വീതം ഡ്രൈവർമാരുടെ കുറവുണ്ടെന്നാണ് പറയുന്നത്. എന്നാൽ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനങ്ങൾ നടക്കുന്നില്ല. ഇതിന് ഇപ്പോൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമാവുന്നുവെന്നും പറയുന്നു. അതിനിടെ, കെ.എസ്.ആർ.ടി.സി റൂട്ടിൽ സർക്കാർ ഒരുപാട് പുതിയ സർവിസുകൾ പ്രഖ്യാപിച്ചെങ്കിലും ആവശ്യത്തിന് ഡ്രൈവർമാരില്ലാത്തതുമൂലം ഇത്തരം പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങുകയും ചെയ്യുന്നു. മുടങ്ങിയ സർവിസുകളിൽ ജോലി ചെയ്യാൻ കണ്ടക്ടർമാർ ഡ്യൂട്ടിക്ക് എത്തുന്നുണ്ടെങ്കിലും ഡ്രൈവർമാർ ഇല്ലാത്തതിനാൽ കണ്ടക്ടർമാർക്ക് ജോലിയില്ലാതെ മടങ്ങേണ്ടതായും വരുന്നു. സർവിസനുസരിച്ച് ഡ്രൈവർമാരെ നിയോഗിക്കുന്നതിലുണ്ടായ അപാകതയാണ് സർവിസുകൾ മുടങ്ങാൻ കാരണമെന്ന് കെ.എസ്.ആർ.ടി.സി യൂനിയൻ നേതാക്കൾ ആരോപിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.