കാസർകോട്: ക്രമസമാധാന നില തകർക്കുന്നവർക്കും ലഹരി മാഫിയകൾക്കും എതിരെ കാസർകോട് ജില്ലയിൽ പൊലീസ് നടത്തിയ വിപുലമായ രാത്രികാല കോമ്പിങ് ഓപ്പറേഷനിൽ നിരവധിപേർ പിടിയിൽ. സംസ്ഥാന അതിർത്തികൾ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിൽ കുറ്റവാളികളും ലഹരിമരുന്ന് സംഘങ്ങളും വലയിലായി.
ജില്ലയിലെ 14 പ്രധാന അതിർത്തി പോയിന്റുകൾ പൂർണമായി അടച്ചുപൂട്ടിയായിരുന്നു പരിശോധന. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 336 വാഹനങ്ങൾ ഉൾപ്പെടെ ആകെ 1,962 വാഹനങ്ങൾ സംഘം പരിശോധിച്ചു. സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിക്കാൻ 49 മൊബൈൽ പട്രോളിങ് യൂനിറ്റുകളെയും നിയോഗിച്ചിരുന്നു.വിവിധ സ്റ്റേഷൻ പരിധികളിലെ 52 ഹോട്ടലുകളിലും ഹോംസ്റ്റേകളിലും ലഹരിമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി പൊലീസ് നേരിട്ടെത്തി പരിശോധന നടത്തി. കൂടാതെ, ആളുകൾ തടിച്ചുകൂടുന്ന 32 റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് പരിസരങ്ങളും പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു.
വർഷങ്ങളായി നിയമപാലകരെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ഏഴ് വാറന്റ് പ്രതികളെയും ജാമ്യമില്ലാ വാറന്റ് നിലവിലുണ്ടായിരുന്ന 50 പ്രതികളെയും ഓപ്പറേഷനിലൂടെ പിടികൂടി. ഗുണ്ടാ നിയമപ്രകാരം നിരീക്ഷണത്തിലുള്ള ഒമ്പതുപേരുടെ വീടുകളിലും മുൻകാല കുറ്റവാളികളും സാമൂഹിക വിരുദ്ധരുമായ 25 പേരുടെ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന നടത്തി.
ഓപ്പറേഷനിൽ ആകെ 12 മാരക ലഹരിമരുന്ന് (എൻ.ഡി.പി.എസ്) കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മാത്രം അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച 42 പേർക്കെതിരെയും, സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട് ചോദ്യം ചെയ്ത 80 പേർക്കെതിരെയും മറ്റ് പ്രാദേശിക നിയമലംഘനങ്ങൾക്ക് 46 പേർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചു.
കുമ്പള പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത, 32.2 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന അജാനൂർ തെക്കേപ്പുറം സ്വദേശി ലാവ സമീർ എന്ന ടി.എം. സമീറിനെ (39) ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി മാഫിയകളെയും കുറ്റവാളികളെയും അമർച്ച ചെയ്യാൻ വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.