മേൽക്കൂര തകർന്ന് കാടുമൂടി നശിക്കുന്ന കുമ്പള മുജംഗാവിലെ പാർഥി സുബ്ബയ്യ യക്ഷഗാന കലാക്ഷേത്രം
കുമ്പള: കർണാടകത്തിലെ തീരദേശ ജില്ലകളിലും കേരളത്തിൽ കാസർകോടും പ്രചാരത്തിലുള്ള നൃത്തവും സംഗീതവും നാടകവും സമന്വയിച്ച തനത് കലാരൂപമായ യക്ഷഗാനത്തിന്റെ സംരക്ഷണത്തിനായി തുടങ്ങിയ അക്കാദമി ആരംഭനിലയിൽത്തന്നെ കിതക്കുന്നു. കുമ്പള മുജംഗാവിലുള്ള പാർഥി സുബ്ബയ്യ യക്ഷഗാന കലാക്ഷേത്രം(അക്കാദമി) 2013ൽ കുമ്പളയിൽ സ്ഥാപിച്ചെങ്കിലും അതിന്റെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും നടപടിയില്ലാത്തതുമൂലം ദീർഘകാലമായി കെട്ടിടം അവഗണന നേരിടുകയാണ്. കലാക്ഷേത്ര നിർമാണം അപൂർണമായി തുടരുന്നു. അന്ന് തുറന്നുകൊടുത്തെങ്കിലും പിന്നീട് പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായി. ഇപ്പോൾ കെട്ടിടം കാടുമൂടി നാശത്തിന്റെ വക്കിലാണ്.
രാത്രികാലങ്ങളിൽ ഇവിടം സാമൂഹികവിരുദ്ധരുടെ താവളമാണ്. കഴിഞ്ഞ ഒരുപതിറ്റാണ്ടുകാലമായി യക്ഷഗാന അക്കാദമി പുനരുദ്ധാരണത്തിനായി കലാകാരന്മാരും സാംസ്കാരികപ്രവർത്തകരും അധികൃതർക്ക് നിവേദനങ്ങൾ നൽകിവരുന്നുണ്ട്. കഴിഞ്ഞ സർക്കാറിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനങ്ങൾ സമർപ്പിച്ചതുമാണ്. നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കലാക്ഷേത്രം പുനരുദ്ധാരണത്തിന് രണ്ട് ലക്ഷം രൂപ വകവരുത്തിയിരുന്നെങ്കിലും നടക്കാതെ പോയി. ഇപ്പോൾ പുതിയ സർക്കാർ വന്നതോടെ സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥിന് എ.കെ.എം അഷ്റഫ് എം.എൽ.എ മുഖേന പുനരുദ്ധാരണത്തിന് ശ്രമിക്കുകയാണ്.
400ഓളം വർഷത്തെ ചരിത്രമുള്ള കലാരൂപമാണ് യക്ഷഗാനം. പുരാണകഥകളെ ആസ്പദമാക്കി രാത്രി മുഴുവൻ തുറന്ന വേദികളിൽ അവതരിപ്പിക്കപ്പെടുന്നുവെന്നതാണ് ഈ കലാരൂപത്തിന്റെ പ്രത്യേകതയും. പതിനൊന്നാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനുമിടയിലാണ് യക്ഷഗാനത്തിന്റെ ഉത്ഭവമെന്ന് പറയപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ഉടുപ്പിയിലെ നരഹരി തീർഥ എന്ന സന്യാസിയാണ് ‘ദശാവതാരം’ അവതരണം ഇതിനായി ആരംഭിച്ചത്.
സംസ്കൃതത്തിൽ ‘യക്ഷൻ’ എന്നാൽ ദേവന്മാർ(ആകാശ ജീവികൾ) എന്നാണ് അർഥം. ഗാനം സംഗീതമായപ്പോൾ ദേവന്മാരുടെ സംഗീതം എന്ന നിലക്കാണ് യക്ഷഗാനം എന്ന പേര് വന്നതും. 1590-1620 കാലഘട്ടത്തിൽ രചിക്കപ്പെട്ട രാമായണമാണ് യക്ഷഗാനത്തിലെ പ്രധാന നാഴികക്കല്ല്. പിന്നെ മഹാഭാരതവും ഭാഗവതവും. കുമ്പളയിലെ പാർഥി സുബ്ബൻ രചിച്ച കൃതികളിൽ രാമനാട്ടത്തിന്റെ സ്വാധീനം കാണാൻ സാധിക്കുന്നുണ്ട്. നന്മയുടെ വിജയവും തിന്മയുടെ പരാജയവുമാണ് യക്ഷഗാനത്തിലൂടെ കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.