കുമ്പള പൊലീസ് സ്റ്റേഷൻ പരിസരത്തെ കസ്റ്റഡി വാഹനങ്ങൾ
കുമ്പള: കുമ്പള പൊലീസ് സ്റ്റേഷനുസമീപം നാട്ടുകാർക്ക് തലവേദനയായി മാറിയ തുരുമ്പെടുത്തു കൊണ്ടിരിക്കുന്ന കസ്റ്റഡി വാഹനങ്ങൾക്ക് മോചനം ലഭിച്ചേക്കും. ഉപയോഗശൂന്യമായി കാടുമൂടിക്കിടക്കുന്ന ഈ വണ്ടികൾ ശാശ്വതമായി നീക്കം ചെയ്യാൻ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പുതിയ ‘സ്‌പേസ്’ പദ്ധതി കുമ്പളയിലും ഉടൻ നടപ്പാക്കും. ഇരുചക്രവാഹനങ്ങൾ മുതൽ കൂറ്റൻ ടിപ്പറുകളും ലോറികളും വരെ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണിവിടെ. വർഷങ്ങളായി മഴയും വെയിലുമേറ്റ് നശിച്ച ഇവയിൽ മിക്കതിനും ഇനി ആക്രി വില പോലും ലഭിക്കാത്ത അവസ്ഥയിലാണ്.
ഈ വാഹനങ്ങൾക്കുള്ളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുന്നത് സമീപവാസികൾക്കും വ്യാപാരികൾക്കും സ്‌കൂൾ വിദ്യാർഥികൾക്കും വലിയ പകർച്ചവ്യാധി ഭീഷണിയാണ് ഉയർത്തുന്നത്. മുമ്പ് പലതവണ ലേലംവിളി നടത്തി ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും വിരലിലെണ്ണാവുന്ന വണ്ടികൾ മാത്രമാണ് കൊണ്ടുപോയത്. നിയമക്കുരുക്കുകളും തുരുമ്പിച്ച അവസ്ഥയുമാണ് ലേലം വിളിക്ക് തടസ്സമായത്. എന്നാൽ പുതിയ ‘സ്‌പേസ്’ പദ്ധതിയിലൂടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. ഉപയോഗശൂന്യമായ വണ്ടികൾ ഇന്ത്യയിലെ ആദ്യത്തെ ഗവൺമെന്റ് അംഗീകൃത വെഹിക്കിൾ റീസൈക്ലിങ് സംരംഭമായ ‘സീറോ’ കമ്പനിയുടെ സഹായത്തോടെ ശാസ്ത്രീയമായി പൊളിച്ച് ആക്രിയായി പ്രോസസ് ചെയ്ത് മാറ്റും.
കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷനാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇപ്പോഴും ഉപയോഗിക്കാൻ കൊള്ളാവുന്ന വണ്ടികളുടെ ഉടമകളെ മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ കണ്ടെത്താൻ ശ്രമിക്കും. ഉടമകൾ ഇല്ലാത്തവ കേന്ദ്ര സർക്കാറിന്റെ വെബ്‌സൈറ്റ് വഴി ഇ-ലേലം ചെയ്യും. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെയും വാഹനങ്ങളുടെ കൃത്യമായ കണക്കെടുപ്പ് ഉടൻ പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.