കാസര്‍കോട്: നഗരപരിധിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ‘കാസര്‍കോട് ടൂറിസം സര്‍ക്യൂട്ട്’ പദ്ധതി യാഥാർഥ്യമാക്കാനൊരുങ്ങി ജില്ല ഭരണകൂടം. നെല്ലിക്കുന്ന് കസബ ഹാര്‍ബര്‍ ഉള്‍പ്പെടുന്ന തീരദേശമേഖലയെ മികച്ച ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള നവീനപദ്ധതികള്‍ക്ക് ജില്ല ഭരണകൂടം, കാസര്‍കോട് മുനിസിപ്പാലിറ്റി, ടൂറിസം വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ രൂപരേഖ തയാറാക്കും. ഇതിന്റെ ഭാഗമായി കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള സംഘം പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഹാര്‍ബര്‍ പുലിമുട്ട് ബീച്ച്, കോര്‍ണിഷ് ചില്‍ഡ്രന്‍സ് പാര്‍ക്ക്, ലൈറ്റ് ഹൗസ്, തളങ്കര പടിഞ്ഞാറ്, സീവ്യൂ പാര്‍ക്ക് ഗുഡ് വൈബ്സ് ഡി.ടി.പി.സി അമിനറ്റി സെന്റര്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആർ) അടിയന്തരമായി തയാറാക്കി സമര്‍പ്പിക്കാന്‍ കലക്ടര്‍ ഡി.ടി.പി.സിക്ക് നിർദേശം നല്‍കി.
കാസര്‍കോട് ഹാര്‍ബര്‍ പുലിമുട്ടിന് സമീപം ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ സാഹസിക വിനോദസഞ്ചാര പദ്ധതി ആരംഭിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ തീരുമാനിച്ചു. പ്രകൃതിസൗന്ദര്യത്തിന് കോട്ടം തട്ടാതെ ശരിയായ വെളിച്ചം, ശുചിമുറി, പാര്‍ക്കിങ്, കടകള്‍, ഇരിപ്പിടങ്ങള്‍, സാഹസികപ്രവര്‍ത്തനങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ടൂറിസ്റ്റുകള്‍ക്കായി മികച്ച സുരക്ഷാ സംവിധാനങ്ങളും ഇവിടെയൊരുക്കും. ഹാര്‍ബര്‍ പുലിമുട്ടിലേക്കുള്ള റോഡിന്റെ നിര്‍മാണവും പുലിമുട്ടില്‍ ശരിയായ വെളിച്ചവും സി.സി.ടി.വി കാമറകളും സ്ഥാപിക്കുമെന്ന് ഹാര്‍ബര്‍ എൻജിനീയറിങ് വിഭാഗം അറിയിച്ചു. തീരദേശ നിയന്ത്രണ ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും നിര്‍മാണം. കസബയിലെ ടൂറിസം അമിനിറ്റി സെന്റര്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും കലക്ടര്‍ നിർദേശിച്ചു.
കേരള മാരിടൈം ബോര്‍ഡും നഗരസഭയും ചേര്‍ന്ന് തളങ്കര പ്രദേശത്ത് ടൂറിസം വികസനം സാധ്യമാക്കും. മുനിസിപ്പാലിറ്റി സീ വ്യൂ പാര്‍ക്ക് നന്നായി പരിപാലിക്കും. കാസര്‍കോട് മുന്‍സിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കുകളുടെ വികസനം വേഗത്തിലാക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിം അറിയിച്ചു. അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈറ്റ് ഹൗസിന് മുന്‍വശത്തായി വിപുലമായ പാര്‍ക്ക് നിര്‍മാണത്തിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. തളങ്കര പടിഞ്ഞാറ് ഭാഗത്ത് കേരള മാരിടൈം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പൊതു-സ്വകാര്യപങ്കാളിത്തത്തോടെ ടൂറിസം പ്രോജക്ട് നടപ്പാക്കുന്നതിനുള്ള ടെൻഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് റാഫി വ്യക്തമാക്കി. സംഘം തളങ്കര പാര്‍ക്കും ലൈറ്റ് ഹൗസും സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.