മഞ്ചേശ്വരം ഫിഷിങ് ഹാർബർ കവാടം
മഞ്ചേശ്വരം: കേരളത്തിലെ വൻകിട, ഇടത്തരം തുറമുഖങ്ങളെ സമുദ്ര മിഷൻ പദ്ധതിയിലൂടെ ബന്ധിപ്പിക്കുമ്പോൾ മഞ്ചേശ്വരം ഹാർബറിനും വലിയ പ്രതീക്ഷ. 150 കോടി രൂപ ചെലവഴിച്ചാണ് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് മഞ്ചേശ്വരം ഫിഷിങ് ഹാർബർ നിർമാണം പൂർത്തീകരിച്ചത്. പിന്നീട് വന്ന ഇടതുസർക്കാർ 10 വർഷം തിരിഞ്ഞുനോക്കിയതുമില്ല. എന്നാൽ മഞ്ചേശ്വരം കടപ്പുറത്തുനിന്ന് ഈ ഹാർബറിലെത്തണമെങ്കിൽ മഞ്ചേശ്വരം അഴിമുഖത്തിനും ഹാർബറിനും സമീപത്തായി പാലം നിർമിക്കേണ്ടതുണ്ട്.
എങ്കിലേ ഹാർബറിനെ പൂർണതോതിൽ ഉപയോഗപ്രദമാക്കാനാകൂ. ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷറഫ് നിയമസഭയിൽ പുതുക്കിയ ബജറ്റിൽ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തിരുന്നു.ഇപ്പോൾ വാഹനങ്ങൾ മഞ്ചേശ്വരം ഹാർബറിൽ എത്തുന്നത് ഉപ്പള വഴിയുള്ള തീരദേശ റോഡിലൂടെയാണ്. ഇവിടെ പല ഭാഗത്തും ഇടുങ്ങിയ റോഡാണുള്ളത്. പോരാത്തതിന് റോഡുകളൊക്കെ കഴിഞ്ഞവർഷത്തെ കടലാക്രമണത്തിൽ തകരുകയും ചെയ്തു.
മഞ്ചേശ്വരം വഴി ഹാർബറിലേക്ക് ചരക്കുവണ്ടിയും മറ്റും എത്തുന്നത് ഏറെ എളുപ്പമാക്കും. ഇതിനടുത്തായിട്ടാണ് ഹാർബറിന് സമീപം അഴിമുഖത്തിന് കുറുകെ പാലം നിർമിക്കാൻ ആവശ്യം ഉയരുന്നത്. വിഷയം നേരിട്ട് മനസ്സിലാക്കാനും ഹാർബർ സന്ദർശിക്കാനും എ.കെ.എം. അഷ്റഫ് എം.എൽ.എ സംസ്ഥാന ഫിഷറീസ് മന്ത്രിയെ മഞ്ചേശ്വരത്തേക്ക് ക്ഷണിച്ചിട്ടുണ്ട്. അതിനിടെ കഴിഞ്ഞദിവസം നടന്ന എംപിമാരുടെ യോഗത്തിലും മുഖ്യമന്ത്രി വി.ഡി. സതീശൻ തുറമുഖപദ്ധതികൾക്ക് കേന്ദ്രസർക്കാർ പിന്തുണ ഉറപ്പാക്കാൻ എം.പിമാർ പ്രവർത്തിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.
കേരളത്തിൽ 590 കിലോമീറ്റർ തീരദേശത്ത് വിഴിഞ്ഞം, കൊച്ചി അന്താരാഷ്ട്ര തുറമുഖങ്ങൾക്ക് പുറമെ നാല് ഇടത്തരം, 17 ചെറുകിട തുറമുഖങ്ങളുണ്ട്. ഇവ ബന്ധിപ്പിച്ച് ജലമാർഗം ചരക്കുനീക്കം വർധിപ്പിക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തെ വാണിജ്യമേഖലക്ക് വലിയ കുതിപ്പും മുതൽക്കൂട്ടുമാകുമെന്ന് സർക്കാർ വ്യക്തമാക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.