പ്രതീകാത്മക ചിത്രം

വിലക്കയറ്റവും പാചകവാതകക്ഷാമവും; സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിൽ പ്രതിസന്ധി

കാഞ്ഞങ്ങാട്: വിലക്കയറ്റവും പാചകവാതക ക്ഷാമവും മൂലം സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയായി. വേനലവധിക്ക് സ്‌കൂള്‍ അടക്കുന്ന സമയത്ത് ഗാര്‍ഹികേതര ഗ്യാസ് സിലിണ്ടറിന്റെ വില 1883 രൂപയായിരുന്നു. ഇപ്പോള്‍ വില 3113 രൂപയാണ്. പണം കൊടുത്താല്‍തന്നെ ആവശ്യത്തിന് സിലിണ്ടര്‍ ലഭിക്കാത്ത സ്ഥിതിയും. ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു സ്‌കൂളില്‍ ഒരാഴ്ച അഞ്ചോളം പാചകവാതക സിലിണ്ടര്‍ ആവശ്യമാണെന്നാണ് കണക്ക്.

ഒരാഴ്ച ഗ്യാസിന് മാത്രം 15000 ലേറെ രൂപ കാണണം. പുറമെ അരി, പച്ചക്കറി ഉൾപ്പെടെ സാധനങ്ങളുടെ വില കൂടിയാകുമ്പോഴുണ്ടാകുന്ന സാമ്പത്തികബാധ്യത താങ്ങാന്‍ സാധിക്കുന്നില്ലെന്ന് അധ്യാപകര്‍ പറയുന്നു. കുട്ടികള്‍ കുറവുള്ള സ്‌കൂളുകളില്‍ ഗാര്‍ഹിക കണക്ഷനില്‍ 14.2 കിലോയുടെ സിലിണ്ടറാണ് നല്‍കിയിരുന്നത്. 962 രൂപയാണ് ഇതിന് നല്‍കേണ്ടത്.

ഇത് ഏജന്‍സിയില്‍നിന്ന് എടുക്കുമ്പോള്‍ അവരുടെ വിതരണചെലവടക്കം ആയിരം രൂപയിലധികമാകും. ബുക്ക് ചെയ്തിട്ട് ഗ്യാസ് ലഭിക്കുന്നില്ലെന്നതും പ്രതിസന്ധിയാണ്. പുതിയ സ്‌കൂള്‍ കെട്ടിടങ്ങളില്‍ കിച്ചന്‍ കം സ്റ്റോര്‍ സംവിധാനം നടപ്പാക്കിയതിനാല്‍ വിറക് കത്തിച്ച് ഭക്ഷണം പാചകം ചെയ്യാന്‍ സാധിക്കില്ല. പാചക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വിറക് കത്തിച്ച് ഉച്ചഭക്ഷണം പാചകം ചെയ്യാമെന്ന് സര്‍ക്കാര്‍ വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ മുന്‍ ഉത്തരവ് പ്രകാരം പല സ്‌കൂളുകളിലെയും വിറകടുപ്പ് പൊളിച്ച് മാറ്റിയതിനാല്‍ അതിനും സാധിക്കുന്നില്ല. പുതിയ അടുപ്പുകള്‍ നിര്‍മിക്കലും പ്രായോഗികമല്ലാത്തതിനാൽ ഗ്യാസ് തന്നെയാണ് ശരണം.

Tags:    
News Summary - Price hike and cooking gas shortage; Crisis in school lunch scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.