പള്ളിക്കര സ്കൂളിൽ പൊലീസിനെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്യുന്നു
കാഞ്ഞങ്ങാട്: പള്ളിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊലീസിനുനേരെ ആക്രമണം. ലഹരിക്കെതിരെ എന്ന പ്രചാരണവുമായി കോഴിക്കോടുനിന്ന് എത്തിയ സംഘമാണ് പൊലീസിനെ അക്രമിച്ചത്. സംഭവത്തിൽ എസ്.ഐ ഉൾപ്പെടെ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. ആറ് കാറുകളും അഞ്ചുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബേക്കൽ പൊലീസ് ഇൻസ്പെക്ടർ എം.കെ. അനിൽ കുമാറിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടയുകയും പ്രബേഷൻ എസ്.ഐ പ്രിൻസ് ജോൺ, പൊലീസുകാരായ ഡ്രൈവർ കൃഷ്ണനുണ്ണി, അർജുൻ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോടുനിന്ന് ലഹരി വേൾഡ് കപ്പ് ഫുട്ബാൾ എന്ന സന്ദേശവുമായെത്തിയവരാണ് അക്രമം നടത്തിയതെന്ന് പറയുന്നു. ചൊവ്വാഴ്ച വൈകീട്ട് 4.30 മണിയോടെ അനുമതിയില്ലാതെ സംഘം സ്കൂൾ ഗ്രൗണ്ടിൽ കയറി. ഗ്രൗണ്ടിൽ കാർ റൈസിങ് നടത്തിയത് സ്കൂൾ അധികൃതർ ചോദ്യം ചെയ്തിരുന്നു. അനുസരിക്കാത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിനെ സംഘം ആക്രമിക്കുകയായിരുന്നു. പി. അബ്ദുൽ ഖാദർ(23), മുഹമ്മദ് ഷിജാസ്(26), ഇസ്തിയാഖ് മഹമൂദ്(25), മുഹമ്മദ് ഖയിസ്(26), സി.വി. തസ്ലിം (29) എന്നിവരെ അറസ്റ്റ് ചെയ്തു. എസ്.ഐക്ക് നെഞ്ചിനും കൈക്കും പരിക്കേറ്റു. സ്ഥലത്ത് വച്ച് എസ്.ഐക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. സംഘർഷസ്ഥലത്ത് എട്ടോളം പേർ ഉണ്ടായിരുന്നതായാണ് പൊലീസ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.