തീരനിയമത്തിൽ വാസഗൃഹങ്ങൾക്ക് ഇളവുകൾ തേടി തൃക്കരിപ്പൂരിലെ യു.ഡി.എഫ് നേതാക്കൾ മന്ത്രി സണ്ണി ജോസഫിന് നിവേദനം നൽകുന്നു
തൃക്കരിപ്പൂർ: തീരനിയമത്തിലെ ഇളവുകൾ അനുസരിച്ച്, ഇതിനകം നിർമിക്കപ്പെട്ട വാസഗൃഹങ്ങൾ കൂടി ക്രമവത്കരിക്കാൻ ബാധകമാക്കുമെന്ന പ്രതീക്ഷയിൽ തീരദേശവാസികൾ. സി.ആർ.ഇസെഡ് രണ്ടാം വിഭാഗത്തിൽപ്പെട്ട പ്രദേശത്ത് 2019 ജനുവരി 18ന് മുമ്പുള്ള അംഗീകൃത റോഡുകളുടെയോ കെട്ടിടങ്ങളുടെയോ ഭാഗത്ത് മാത്രം വാസഗൃഹനിർമാണങ്ങൾക്ക് അനുമതി ലഭിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ ഈ ഇളവ് പുതുതായി പണിയുന്ന 300 സ്ക്വയർ മീറ്റർ വരെയുള്ള വാസഗൃഹ നിർമാണങ്ങൾക്ക് മാത്രമായി പരിമിതമാണ്. ഇതോടെ നിലവിലുള്ള വാസഗൃഹങ്ങൾ റഗുലറൈസ് ചെയ്യുവാൻ സാധിക്കാത്ത സ്ഥിതിയാണ്. തീരപ്രദേശത്ത് നിർമിച്ച വീടിന് കെട്ടിട നമ്പർ ലഭിക്കാതെ കാത്തിരിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലാണ്. ഇവർക്ക് റേഷൻ കാർഡ് എടുക്കുവാനോ വാട്ടർ കണക്ഷന് അപേക്ഷ സമർപ്പിക്കാനോ സാധിക്കുന്നില്ല.
2019 ലെ തീരദേശ പരിപാലന പ്ലാൻ പ്രകാരം ഇത്തരം മേഖലകളിൽ പുതുതായി കെട്ടിടം നിർമിക്കാൻ അനുമതി നൽകുന്നുണ്ടെങ്കിലും ഇതേ പരിധിയിൽ നിർമിച്ച വാസഗൃഹങ്ങൾക്ക് അനുമതി നൽകുന്നില്ല. ക്രമവത്കരിക്കാനുള്ള അനുമതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുകയാണങ്കിൽ അതിന്റെ ഫീസ്, അടക്കാതിരുന്ന കെട്ടിടനികുതി എന്നിവ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കുവാൻ ഇടയാകും.
2019ലെ തീരദേശ പരിപാലന പ്ലാൻ പ്രകാരം കേരള തീരദേശ പരിപാലന അതോറിറ്റി ഡയറക്ടറുടെ ഉത്തരവ് 3149 / എ1 / 2024/ കെ.സെഡ്.എം.എ പ്രകാരം നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നത് പ്രധാനമായും സി.ആർ.ഇസഡ് രണ്ട്, സി.ആർ.ഇസഡ് മൂന്ന് മേഖലകളിലാണ്. കേരളത്തിൽ 36 മുനിസിപ്പാലിറ്റികളും അഞ്ച് കോർപറേഷനുകളും 66 ഗ്രാമ പഞ്ചായത്തുകളും രണ്ടാം സോണിലും , ബാക്കിയുള്ളതിൽ 37 ഗ്രാമപഞ്ചായത്തുകൾ മൂന്ന് എ സോണിലും 30 ഗ്രാമപഞ്ചായത്തുകൾ മൂന്ന് ബിയിലും രണ്ട് ഗ്രാമപഞ്ചായത്തുകൾ 3 എ, 3 ബി വിഭാഗത്തിലുമാണ്.
2014 ലെ ഉത്തരവ് പ്രകാരം 66 ഗ്രാമ പഞ്ചായത്തുകൾ രണ്ടാം സോണിലേക്ക് മാറ്റിയപ്പോൾ ജില്ലയിൽനിന്ന് അജാനൂർ, ചെങ്കള, മൊഗ്രാൽ പൂത്തൂർ, പള്ളിക്കര, പുല്ലൂർ പെരിയ, തൃക്കരിപ്പൂർ, ഉദുമ പഞ്ചായത്തുകൾ എന്നിവ ഇതിൽ ഉൾപ്പെട്ടു. ഈ സോണിൽ കടലിന്റെ വേലിയേറ്റ രേഖയിൽ നിന്നും 500 മീറ്റർ വരെ നിയന്ത്രിത മേഖലയാണ്. ഇതര ജലാശയങ്ങളിൽ വേലിയേറ്റരേഖ മുതൽ കരയുടെ ദിശയിലേക്കു 50 മീറ്റർ വരെയുള്ള പ്രദേശമാണ് പരിധി.
വേലിയേറ്റ സ്വാധീനമുള്ള ജലാശയത്തിന്റെ വീതിക്ക് തുല്യമായതോ 50 മീറ്ററോ, ഏതാണ് കുറവ് അത്രയും ദൂരം വേലിയേറ്റ രേഖയിൽ നിന്നും ഇരു കരകളിലേക്കുമുള്ള പ്രദേശത്തിന് നിയമം ബാധകമായിരിക്കും. വേലിയേറ്റ സ്വാധീനമുള്ള ജലാശയത്തിന്റെ വേലിയേറ്റ രേഖയിൽ 50 മീറ്റർ മാറി നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി ആവശ്യമില്ല. സർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകുമെന്നാണ് തീരദേശവാസികൾ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.