എടക്കാട്: നിരവധി സമരങ്ങൾക്കൊടുവിൽ എടക്കാട്ടുകാർക്ക് കിട്ടിയ ദേശീയപാതയിലെ അടിപ്പാത ദുരിതത്തിന്റെ മറ്റൊരു നേർക്കാഴ്ചയാണ്. മഴ തുടങ്ങിയതോടെ സർവിസ് റോഡിൽ നിന്നും പുതിയ ദേശീയപാതയുടെ മുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന മഴ വെള്ളം അടിപ്പാതയിൽ നിറഞ്ഞത് കാരണം നാട്ടുകാർക്ക് കാൽനട പോലും ദുരിതമാണ്. എടക്കാട് നിന്ന് പടിഞ്ഞാറു ഭാഗത്തേക്കും തിരിച്ചും വാഹനങ്ങളും കാൽനടക്കാരും യാത്ര ചെയ്യുന്നത് ഈ അടിപ്പാത വഴിയാണ്. സ്കൂളുകൾ തുറന്നതോടെ വിദ്യാർഥികൾ ഉൾപ്പെടെ ഇതുവഴിയുള്ള യാത്ര ദുരിതമനുഭവിക്കുകയാണ്. മുഴപ്പിലങ്ങാട്, കടമ്പൂർ എന്നീ രണ്ടു പഞ്ചായത്തുകളും കണ്ണൂർ കോർപറേഷൻ പരിധിയിലെ ചെറിയ ഭാഗങ്ങളും ഉൾപ്പെടുന്ന പ്രധാന പട്ടണമാണ് എടക്കാട്. ദിനേന തിരക്കുകൾ വർധിക്കുന്ന പ്രധാന നഗരമായി മാറിക്കൊണ്ടിരിക്കുന്ന എടക്കാട് ബസാറിന്റെ ദുരിതം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
കെട്ടിക്കിടക്കുന്ന ചളി വെള്ളത്തിലൂടെയാണ് വാഹനങ്ങളും കാൽനടക്കാരും യാത്ര ചെയ്യുന്നത്. പൊതുജനങ്ങൾ വെള്ളത്തിലൂടെ നടന്നു പോകുമ്പോൾ തന്നെ മറ്റു വാഹനങ്ങളും വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ ചളിവെള്ളം കാൽനടയാത്രക്കാരുടെ നേർക്കാണ് തെറിക്കുന്നത്. അടിപ്പാതയിൽ ഇരുവശത്തും ഒരുമീറ്റർ വീതിയിൽ കാൽനടക്കാർക്കുള്ള നടപ്പാത നിർമിക്കുമെന്ന് പറഞ്ഞെങ്കിലും അതും ഇവിടെ നിർമിച്ചിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് പരിഹാരം കണ്ടില്ലെങ്കിൽ വഴി തടയൽ ഉൾപ്പെടെയുള്ള ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തയാറാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.