പകുതിയോളം അധ്യാപകരെ സെൻസസ് ഡ്യൂട്ടിക്കായി നിയോഗിച്ച മൊഗ്രാൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ
കാസർകോട്: ഇന്ന് നടക്കുന്ന സെൻസസ് ഡ്യൂട്ടിക്കായി ഓരോ സ്കൂളിൽനിന്നും പകുതിയിലേറെ അധ്യാപകരെ നിയമിച്ചിരിക്കുന്നത് അധ്യയനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സ്കൂൾ പി.ടി.എകൾക്കും രക്ഷിതാക്കൾക്കും ആശങ്ക. അധ്യാപകർ ക്ലാസ് കഴിഞ്ഞുള്ള സമയങ്ങളിലായിരിക്കണം സെൻസസ് ഡ്യൂട്ടിക്ക് സമയം കണ്ടെത്തേണ്ടതെന്ന സർക്കാർ ഉത്തരവിനോട് അധ്യാപകർക്ക് യോജിപ്പില്ല. ഇത് അധ്യാപക സംഘടനകൾ സർക്കാറിനെ അറിയിച്ചിട്ടുമുണ്ട്. സെൻസസ് ഡ്യൂട്ടിക്ക് നിയോഗിച്ച ബഹുഭൂരിഭാഗം അധ്യാപികമാർക്കും ഈ നിർദേശം പ്രയാസവുമായിരിക്കും.
എന്നാൽ, സ്കൂൾ പി.ടി.എയും, രക്ഷിതാക്കളും പറയുന്നത് സ്കൂൾ അവധി ദിവസങ്ങളിൽ (ശനി ഞായർ)സെൻസസ് ഡ്യൂട്ടി ചെയ്യട്ടെ എന്നാണ്. ഒരു മാസക്കാലമാണ് സെൻസസ് ഡ്യൂട്ടിക്കായി അധ്യാപകരെ നിയമിച്ചിരിക്കുന്നത്. അതേസമയം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരെ ഒരുകാരണവശാലും സ്ഥലം മാറ്റാൻ പാടില്ലെന്നും സർക്കാർ കർക്കശ നിർദേശമുണ്ട്. മൊഗ്രാൽ ജി.വി.എച്ച്.എസ്.എസിൽ പകുതി അധ്യാപകർക്കാണ് സെൻസസ് ഡ്യൂട്ടി. അതുകൊണ്ടുതന്നെ ഈ അധ്യായനവർഷത്തെ അധ്യാപക സ്ഥലം മാറ്റവും സർക്കാർ ഇതിനകം മരവിപ്പിച്ചിട്ടുമുണ്ട്.
നേരത്തെ ഇത്തരം സെൻസസ് ജോലികളും മറ്റും ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കാറാണ് പതിവ്. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പ് മൂലം ജൂൺ ഒന്നു മുതൽ 31 വരെ നടത്താനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. വീടുകൾ കയറി ഇറങ്ങിയുള്ള വിവരശേഖരണമാണ് സെൻസസിന്റെ ഭാഗമായി നടക്കുന്നത്. ഇതിനായി എന്യൂമറേറ്റർമാരായി എൽ.പി സ്കൂൾ മുതൽ ഹൈസ്കൂൾ വരെയുള്ള അധ്യാപകരെയാണ് നിയമിച്ചിട്ടുള്ളത്. ഇതിന്റെ സൂപ്പർവൈസർമാരായി ഹയർസെക്കൻഡറി അധ്യാപകരെയാണ് നിയമിച്ചിട്ടുള്ളത്. ഒരു എന്യൂമറേറ്റർ 300 വീടുകളുടെ വിവരങ്ങളാണ് ഒരു മാസം കൊണ്ട് ശേഖരിക്കേണ്ടത്. പകരം സംവിധാനം ഏർപ്പെടുത്താതെ ഇത്രയും അധ്യാപകരെ ഒറ്റയടിക്ക് സെൻസസ് ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ സ്കൂൾ പി.ടി.എയും രക്ഷിതാക്കളും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.