നീലേശ്വരം എഫ്.സി.ഐ ഗോഡൗണിലും ഗുഡ്സ് ട്രാക്കിനും ഇടയിലുള്ള വെള്ളക്കെട്ട്
നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ പ്ലാറ്റ്ഫോം ഷെഡില്ലാത്തത് ഭക്ഷ്യസാധനങ്ങൾ നശിക്കുന്നതിന് കാരണമാകുന്നു. ഗുഡ്സ് ട്രയിൻ വഴി അന്യസംസ്ഥാനങ്ങളിൽനിന്ന് നീലേശ്വരം എഫ്.സി.ഐ ഗോഡൗണിൽ എത്തുന്ന അരി, പഞ്ചസാര, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങളാണ് നശിക്കുന്നത്. നീലേശ്വരം എഫ്.സി.ഐ ഗോഡൗണിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ കൊണ്ടുവരുന്ന ഗുഡ്സ് ട്രെയിനുകൾ നിർത്തിയിടുന്നത് നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിനോട് ചേർന്ന റെയിൽവേ പാളത്തിലാണ്. എന്നാൽ ഇവിടത്തെ ഗുഡ്‌സ് ഷെഡിന് മേൽക്കൂരയോ അനുയോജ്യമായ തറയോ ഇല്ലാത്തതിനാൽ കനത്ത മഴയിലും വെയിലിലും ഭക്ഷ്യധാന്യങ്ങൾ നശിക്കുകയും കയറ്റിറക്ക് തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാവുകയുമാണ്. ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ വരുമാനം ഈ യാർഡ് വഴി ലഭിക്കുന്ന റെയിൽവേ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ മടിക്കുന്നു.
റെയിൽപാളത്തിനും എഫ്.സി.ഐക്കും ഇടയിലുള്ള യാർഡ് പൂർണമായും തകർന്നിട്ട് വർഷങ്ങളായെങ്കിലും ഇത് കോൺക്രീറ്റ് ചെയ്യാൻ റെയിൽവേ ഇതുവരെ തയാറായിട്ടില്ല. വാഗണുകളിൽനിന്ന് ലോറികളിലേക്ക് ധാന്യങ്ങൾ മാറ്റുന്നതിനിടയിൽ ചാക്കുകൾ പൊട്ടി യാർഡിലെ കുഴികളിലെ വെള്ളക്കെട്ടിലേക്ക് വീഴുന്ന അരിയും ഗോതമ്പും കുതിർന്ന് ചീഞ്ഞളിയുകയുമാണ്. ഇത് രൂക്ഷമായ ദുർഗന്ധമുണ്ടാക്കുന്നു. രണ്ടാം പ്ലാറ്റ്‌ഫോമിൽ ട്രയിനിന്ന് കാത്തുനിൽക്കുന്ന യാത്രക്കാർ മൂക്കുപൊത്തി നിൽക്കേണ്ട ഗതികേടിലാണ്. ഇതിനുപുറമെ, ചളിനിറഞ്ഞ ഈ മലിനജലത്തിൽ ചവിട്ടി ജോലി ചെയ്യേണ്ടിവരുന്ന കയറ്റിറക്ക് തൊഴിലാളികൾക്ക് കടുത്ത ചൊറിച്ചിലും മറ്റ് ചർമരോഗങ്ങളും അനുഭവപ്പെടുന്നുണ്ടെന്നും പരാതിയുണ്ട്. സ്ഥലപരിമിതി മൂലവും മഴ കാരണവും ലോഡിങ് കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയാതെ കരാറുകാരന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
സംസ്ഥാനത്തെ മറ്റ് എഫ്.സി.ഐ ഗുഡ്‌സ് ഷെഡുകളിലെല്ലാം മേൽക്കൂരയും കോൺക്രീറ്റ് ചെയ്ത തറയും ഉള്ളപ്പോഴാണ് നീലേശ്വരത്തോട് മാത്രം അവഗണന. ശാശ്വത പരിഹാരമായി റെയിൽവേ ട്രാക്ക് എഫ്.സി.ഐയോട് ചേർത്ത് നിർമിച്ചാൽ വാഗണുകളിൽനിന്ന് നേരിട്ട് ഗോഡൗണിലേക്ക് ധാന്യങ്ങൾ മാറ്റാൻ കഴിയും. ഇത് വഴി ലോറി വാടകയും കയറ്റിറക്ക് കൂലിയും ലാഭിക്കാം. മാത്രമല്ല, കൃത്യസമയത്ത് വാഗണുകൾ ഒഴുവാക്കിക്കൊടുക്കാൻ കഴിയാത്തതിനാൽ റെയിൽവേക്ക് നൽകേണ്ടി വരുന്ന ഭീമമായ ഡാമേജ് തുക കരാറുകാരന് ഒഴിവാക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.