ഇർഫാന ഇഖ്ബാൽ മീനാക്ഷിയമ്മയോടൊപ്പം

‘മീനാക്ഷിയമ്മ ഇന്ന് മുതൽ എന്റെയമ്മ, കരച്ചിൽ എന്റെ നെഞ്ചുലച്ചു....’ ഏറ്റെ​ടുത്ത് ഇർഫാന ഇഖ്ബാൽ

കാസർകോട്: ഇനി മീനാക്ഷിയമ്മ ഒറ്റയ്ക്കല്ല. വാർധക്യത്തിന്റെ നിസ്സഹായതയിൽ ഈയമ്മയ്ക്ക് ഇന്നലെ ഒരു മകൾ ‘പിറന്നു’, പേര് ഇർഫാന ഇഖ്ബാൽ! ഒറ്റപ്പെടലിന്റെ വേദന തിന്നുകഴിയുകയായിരുന്ന അമ്മ, ഇനി കാസർകോട് ജില്ലാ പഞ്ചായത്തംഗവും വനിതാ ലീഗ് നേതാവുമായ ഇർഫാനയുടെ കരവലയത്തിൽ സുരക്ഷിതയായിരിക്കും. ഇർഫാനയുടെ നേതൃത്വത്തിലുള്ള 'ശൈഖ് സാഇദ് ഫൗണ്ടേഷൻ' ട്രസ്റ്റിന്റെ വൃദ്ധസദനത്തിൽ മീനാക്ഷിയെ പോലെ നിരവധി അച്ഛനമ്മമാരാണ് വേദനമറന്ന് കഴിയുന്നത്.

രണ്ട് മക്കളും ഭർത്താവും ഉണ്ടായിരുന്ന മീനാക്ഷിയമ്മയു​ടെ മക്കളിൽ ഒരാൾ അപകടത്തിലും മറ്റൊരാൾ കാൻസർ ബാധിച്ചുമാണ് മരിച്ചത്. പിന്നാലെ സഹോദരനും ഭർത്താവും മരണമടഞ്ഞു. തുടർന്ന് ബന്ധുവീടുകളിലായി താമസം. ഇത് പ്രയാസകരമായതോടെ ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ വേണു, വിൻസെന്റ് എന്നിവർ സഹായംതേടി ഇർഫാനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ശൈഖ് സാഇദ് ഫൗണ്ടേഷൻ മീനാക്ഷിയമ്മയെ ഏറ്റെടുത്തു.

‘അമ്മയുടെ കരച്ചിൽ എന്റെ നെഞ്ച് ഉലച്ചു... രണ്ട് മക്കളും ഭർത്താവും ഉണ്ടായിരുന്ന മീനാക്ഷി അമ്മ. മക്കളിൽ ഒരാൾ അപകടത്തിലും മറ്റൊരാൾ കാൻസർ ബാധിച്ചും മരണപെട്ടു. പിന്നീട് തുണയായി നിന്ന സഹോദരനും ഭർത്താവും മരണമടഞ്ഞു. തനിച്ചായി പോയ മീനാക്ഷി അമ്മ ജീവിതത്തിൽ പകച്ചു പോയ നിമിഷങ്ങൾ. പിന്നീട് ബന്ധു വീടുകളിൽ മാറി മാറി താമസിച്ചു. പിന്നെ അവർക്കും മടുപ്പായി. അങ്ങനെയാണ് ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ വേണുവേട്ടനും, വിൻസെന്റ് അച്ചായനും കൂടി എന്നെ ബന്ധപ്പെടുന്നത്. ഇന്ന് മുതൽ മീനാക്ഷിയമ്മ എന്റെ അമ്മയാണ്.. ജീവിതാവസാനം വരെ സന്തോഷമായി ജീവിക്കാൻ അവർക്ക് വേണ്ടതെല്ലാം ഞാൻ ചെയ്യും’ -ഇർഫാന ഇഖ്ബാൽ ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം ബന്ധുക്കൾ ഉപേക്ഷിച്ച മുൻ ആർ.എസ്.എസ് പ്രവർത്തകൻ നാരായണന്റെ (64) ചിതയൊരുക്കിയതിനെ ചൊല്ലി സംഘ്പരിവാർ ഇർഫാനക്കെതിരെ രംഗത്തുവന്നിരുന്നു. സേവാഭാരതി നേതാവായ രഘു എന്നയാളാണ് സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയതെന്നും സേവാ ഭാരതിയാണ് ചടങ്ങ് നടത്തിയതെന്നുമായിരുന്നു സംഘ്പരിവാറിന്റെ അവകാശവാദം. ഇര്‍ഫാന ഈ സംഭവത്തില്‍ പേരെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ശശികലയടക്കമുള്ള നിരവധി സംഘപരിവാര്‍ പ്രൊഫൈലുകളിൽനിന്ന് വിദ്വേഷ പ്രചാരണവും നടത്തിയിരുന്നു. എന്നാല്‍, ശൈഖ് സായിദ് ട്രസ്റ്റിന്റെ രക്ഷാധികാരി കൂടിയായ കൊണ്ടയൂർ സ്വാമിയുടെ നിർദേശാനുസരണം താനും ട്രസ്റ്റ് ഭാരവാഹികളും ചേർന്നാണ് സംസ്കാരം നടത്തിയതെന്നും ശ്മശാന കമ്മിറ്റിയംഗം രഘുവും കൂടെ ഉണ്ടായിരുന്നുവെന്നും ഇർഫാന വ്യക്തമാക്കി.

വായിൽ കാൻസർ ബാധിച്ച് ഉപ്പളയിലെ കടവരാന്തയിൽ മരണാസന്നനായി കിടന്ന നാരായണനെ ഒരുമാസം മുൻപാണ് ട്രസ്റ്റ് പ്രവർത്തകർ പരിചരിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ മരിച്ച അദ്ദേഹത്തെ ഉപ്പള ചെറുഗോളി പൊതുശ്മശാനത്തിലാണ് സംസ്കരിച്ചത്. 

Tags:    
News Summary - ‘Meenakshiyamma is my mother from today, her tears broke my heart...’ Irfana Iqbal steps in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.