കാസർകോട്: ജില്ലയിലെ മാലിന്യസംസ്കരണ രംഗത്തെ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് മൂന്ന് പുതിയ സ്ക്വാഡുകൾകൂടി. നിലവില്‍ പ്രവര്‍ത്തിക്കുന്ന ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് പുറമെയാണ് പുതിയ സ്ക്വാഡുകൾ രൂപവത്കരിച്ചത്. ജില്ലതല ഇന്റേണല്‍ വിജിലന്‍സ് ഓഫിസര്‍മാരുടെ മേല്‍നോട്ടത്തിലാണ് സ്ക്വാഡുകൾ പ്രവർത്തിക്കുകയെന്ന് തദ്ദേശ വകുപ്പ് ജോയ്ന്റ് ഡയറക്ടര്‍ ജി. സുധാകരന് അറിയിച്ചു.
അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനാചരണത്തോടനുബന്ധിച്ച് കാസര്‍കോട് ജില്ല മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിനുവേണ്ടി തദ്ദേശ വകുപ്പിന്റെ നേതൃത്വത്തില്‍ ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഒരേസമയം വിവിധ തദ്ദേശ സ്ഥാപന പരിധിയില്‍ പരിശോധന നടത്തി നിയമ ലംഘനങ്ങള്‍ക്കെതിരെയുള്ള നടപടി ശക്തമാക്കുന്നതിനാണ് കൂടുതല്‍ സ്ക്വാഡുകള്‍ രൂപവത്കരിച്ചിട്ടുള്ളത്.
ഗ്രാമപഞ്ചായത്ത്/മുനിസിപ്പല്‍ തല വിജിലന്‍സ് സ്ക്വാഡുകള്‍ നിലവിലുണ്ട്. മാര്‍ച്ച് തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ക്വാഡുകള്‍, മാലിന്യം വലിച്ചെറിയുന്നതിനെതിരെയും, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലേറ്റുകളും ഗ്ലാസുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും സൂക്ഷിക്കുന്നതിനുമെതിരെയും ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ മലിനജലം പൊതുസ്ഥലത്ത് ഒഴുക്കിയതിനും മാലിന്യം കത്തിച്ചതിനുമായി പള്ളിക്കരയിലെ ക്വാര്‍ട്ടേഴ്സ് ഉടമക്ക് ഇരുപതിനായിരം രൂപ പിഴ ചുമത്തി.
പൂച്ചക്കാട്, അടുക്കം എന്നിവിടങ്ങളില്‍ മാലിന്യങ്ങള്‍ കത്തിച്ചതിനും അലക്ഷ്യമായി കൈകാര്യം ചെയ്തതിനുമായി സ്ഥാപനങ്ങള്‍ക്ക് 5000 രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് ആവിക്കരയിലെ ക്വാര്‍ട്ടേഴ്സ് ഉടമകള്‍ക്ക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് 5000 രൂപ പ്രകാരം പിഴ ചുമത്തി. മഞ്ചേശ്വരം ബ്ലോക്കില്‍ വോര്‍ക്കാടി ഗ്രാമപഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ മോര്ത്തനയിലെ ബേക്ക്സ്, വെജിറ്റബിള്‍സ്, സലൂണ്‍ എന്നീ സ്ഥാപന ഉടമകള്‍ക്കും മീഞ്ച ഗ്രാമപഞ്ചായത്തിലെ എന്റര്‍പ്രൈസസ്, ട്രേഡേഴ്സ് സ്ഥാപന ഉടമകള്‍ക്കും മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിനും 5000 രൂപവീതം പിഴ ചുമത്തിയിട്ടുണ്ട്.
മുളിയാര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ ബോവിക്കാനം, മാസ്തിക്കുണ്ട്, കെ.കെ പുറം എന്നിവിടങ്ങളിലുള്ള ക്വാര്‍ട്ടേഴ്സ്, സൂപ്പര്‍മാര്‍ക്കറ്റ്, കാര്‍ വര്‍ക്ക് ഷോപ്പ് എന്നീ സ്ഥാപന ഉടമകള്‍ക്ക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും പൊതു ഓടയിലേക്ക് നിക്ഷേപിച്ചതിനും 10000 രൂപ പ്രകാരം പിഴ ചുമത്തിയിട്ടുണ്ട്. ചെറുവത്തൂരിലെയും നീലേശ്വരം മുനിസിപ്പാലിറ്റിയിലെയും വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലും ലംഘനങ്ങള്‍ക്ക് നിയമാനുസൃത പിഴ നല്‍കിയിട്ടുണ്ട്.
ജില്ലതല ഇന്റേണല്‍ വിജിലന്‍സ് ഓഫിസര്‍മാരായ എൻ. മനോജ്, പി.വി. കെ. മഞ്ജുഷ, കെ. അഭിലാഷ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരിശോധനകള്‍ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.