കാസർകോട്: കാസർകോട് നിയോജകമണ്ഡലം സ്ഥാനാർഥി സംബന്ധിച്ച് മുസ്ലിംലീഗിൽ അനിശ്ചിതത്വം തുടരുന്നു. നിലവിൽ എൻ.എ. നെല്ലിക്കുന്ന് മൂന്നു ടേം പൂർത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും പുതിയ സ്ഥാനാർഥിയെ നിശ്ചയിക്കാൻ നേതൃത്വത്തിന് അവസരം ലഭിച്ചു.
എന്നാൽ, സ്ഥാനാർഥിയെ നിശ്ചയിക്കാൻ ജില്ല നേതൃത്വത്തിനായിട്ടില്ല. സംസ്ഥാന നേതൃത്വത്തിനും ഉറച്ച നിർദേശം സമർപ്പിക്കാനായിട്ടില്ല. കെ.എം. ഷാജിയെ കാസർകോട് മത്സരിപ്പിച്ച് നിയമസഭയിൽ എത്തിക്കാൻ സംസ്ഥാന നേതൃത്വം ഒരു ശ്രമം നടത്തിയിരുന്നു. മുസ്ലിംലീഗ് ജില്ല നേതൃയോഗം ജില്ലക്ക് പുറത്തുനിന്ന് സ്ഥാനാർഥിയെ വേണ്ട എന്ന് തീരുമാനമെടുത്ത് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് അയച്ചതോടെ ഷാജിയുടെ വരവ് വഴിയിൽ തങ്ങി.
കാസർകോടിന്റെ സാഹചര്യത്തിന് ഷാജിയുടെ സ്ഥാനാർഥിത്വം അനുയോജ്യമല്ല എന്ന് റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചത് ഷാജിയെ അംഗീകരിക്കില്ല എന്ന തീരുമാനമായി. പകരം ജില്ല നേതൃത്വത്തിൽ രണ്ട് പേരുകൾ ഉയർന്നു. പുറമെനിന്ന് സ്ഥാനാർഥി വേണ്ട എന്ന താൽപര്യത്തിൽ ജില്ല നേതൃത്വം ഒറ്റക്കെട്ടായെങ്കിലും പകരമൊരു പേരിൽ എത്തിച്ചേരാൻ നേതൃത്വത്തിന് കഴിഞ്ഞതുമില്ല.
രണ്ടു പേരുകളിൽ നേതാക്കൾ ചേരിതിരിഞ്ഞിരിക്കുകയാണ്. ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയും ട്രഷറർ മുനീർ ഹാജിയുമാണ് മുന്നിലുള്ളത്. ജില്ലക്ക് പുറത്തുനിന്ന് സ്ഥാനാർഥിയെ വേണ്ട എന്ന ജില്ല നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നാലെ മണ്ഡലത്തിന് പുറത്തുനിന്ന് സ്ഥാനാർഥിയെ വേണ്ട എന്ന കാസർകോട് മണ്ഡലം കമ്മിറ്റിയിൽ നടന്ന ചർച്ച ജില്ല പ്രസിഡന്റ് മാഹിൻ ഹാജിയെ ഒഴിവാക്കാനുള്ള നീക്കമായിരുന്നു. കാസർകോട് നിയോജക മണ്ഡലം പരിധിയിൽനിന്നുള്ള സ്ഥാനാർഥിയായുള്ളത് ജില്ല ട്രഷറർ മുനീർ ഹാജിയാണ്. ജില്ല പ്രസിഡന്റിനെ മാറ്റിനിർത്തിക്കൊണ്ട് ട്രഷററെ മത്സരിപ്പിക്കാൻ എതിർപ്പുണ്ട്.
പുതിയ പരീക്ഷണങ്ങൾ തർക്കത്തിൽ എത്തിനിൽക്കുമ്പോൾ സമവായം നിലയിൽ എൻ.എ. നെല്ലിക്കുന്നിലേക്ക് തന്നെ സ്ഥാനാർഥിത്വം ചെന്നെത്തുകയാണ്. മലപ്പുറം കഴിഞ്ഞാൽ മുസ്ലിംലീഗിന്റെ രണ്ടാമത്തെ ശക്തികേന്ദ്രം കാസർകോടാണ്. അടുത്ത സർക്കാർ യു.ഡി.എഫിന്റേതാണെങ്കിൽ മന്ത്രിസ്ഥാനത്തേക്ക് കാസർകോട് ജില്ലയെയും പരിഗണിക്കേണ്ടി വരും. മൂന്നുതവണ എം.എൽ.എ ആയിട്ടും എൻ.എ. നെല്ലിക്കുന്നിന് മന്ത്രിസ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. നിയമസഭയിൽ പരിചയമില്ലാത്ത ആളുകൾ മന്ത്രിയാകുന്നതിന് തടസ്സമുണ്ടാകും. എല്ലാ പ്രശ്നങ്ങൾക്കും ഒറ്റ പരിഹാരം എൻ.എ. നെല്ലിക്കുന്ന് വീണ്ടും മത്സരിക്കുക എന്നതാകും എന്ന് ലീഗിലെ ചേരിയിൽപെടാത്ത നേതാക്കൾ കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.